അകത്താളുണ്ടെന്നറിയാതെ നിര്‍ത്തിയിട്ട കാറുമായി കടക്കാന്‍ ശ്രമം; മോഷ്‍ടാവിനെ കുട്ടികള്‍ തലയ്‍ക്കടിച്ചു വീഴ്‍ത്തി

Web Desk   | Asianet News
Published : Dec 25, 2019, 05:46 PM ISTUpdated : Dec 25, 2019, 06:04 PM IST
അകത്താളുണ്ടെന്നറിയാതെ നിര്‍ത്തിയിട്ട കാറുമായി കടക്കാന്‍ ശ്രമം; മോഷ്‍ടാവിനെ കുട്ടികള്‍ തലയ്‍ക്കടിച്ചു വീഴ്‍ത്തി

Synopsis

അകത്ത് ആളുണ്ടെന്നറിയാതെ പാര്‍ക്ക് ചെയ്ത എസ്‍യുവി മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ കാറിനുള്ളില്‍ ഉണ്ടായിരുന്ന കുട്ടികള്‍ തലയ്ക്കടിച്ചു വീഴ്ത്തി. 

ചിക്കാഗോ: പാര്‍ക്ക് ചെയ്ത എസ്‍യുവി കാര്‍ മോഷ്ടിക്കാന്‍ എത്തിയ കള്ളനെ കാറിനുള്ളിലുണ്ടായിരുന്ന കുട്ടികള്‍ തലയ്ക്കടിച്ചു വീഴ്ത്തി. ചിക്കാഗോയിലാണ് സംഭവം. കാര്‍ മോഷ്ടിക്കാനെത്തിയ കള്ളനെ ഐപാഡ് കൊണ്ട് തലക്കടിച്ചും കഴുത്ത് ഞെരിച്ചും പ്രതിരോധിച്ച കുട്ടികള്‍ പിന്നീട് പൊലീസില്‍ വിവരമറിയിച്ചു.

ചിക്കാഗോയിലെ വെസ്റ്റ് റോജേഴ്സ് പാര്‍ക്കിന് സമീപമുള്ള ഡൊമിനോസ് കടയുടെ വെളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു എസ്‍യുവി കാര്‍. പിസ വാങ്ങാനായി കടയ്ക്കുള്ളിലേക്ക്  കുട്ടികളുടെ പിതാവ് കയറി. ഈ സമയം നാലും 16ഉം വയസ്സുള്ള പെണ്‍കുട്ടികളും  ഒമ്പത് വയസ്സുള്ള മകനും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് കാറിന്‍റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറിയ കള്ളന്‍ വാഹനമോടിച്ച് മുമ്പോട്ട് പോയി. സഹോദരങ്ങളിലെ മൂത്ത പെണ്‍കുട്ടി അലറി വിളിച്ചപ്പോള്‍ കാറില്‍ നിന്നും ഇറക്കി വിടുമെന്നും വെടിവെക്കുമെന്നും പറഞ്ഞ് മോഷ്ടാവ് ഇവരെ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറഞ്ഞതായി  ഡബ്ല്യുജിഎന്നിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

കരഞ്ഞ് വിളിച്ചിട്ടും മോഷ്ടാവ് വണ്ടി നിര്‍ത്താതെ വന്നതോടെ ഒമ്പതുകാരനായ കുട്ടി ഐപാഡ് കൊണ്ട് ഇയാളുടെ തലയില്‍ അടിക്കുകയും പിന്‍സീറ്റിലിരുന്ന പെണ്‍കുട്ടി മോഷ്ടാവിന്‍റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. പിന്നീട് കാറിനുള്ളിലുണ്ടായിരുന്ന പിതാവിന്‍റെ ഫോണില്‍ നിന്ന് 911 ല്‍ വിളിച്ച പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ കാറിനുള്ളില്‍ നിന്നും മോഷ്ടാവ് പുറത്തേക്ക് ചാടി. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ ഇയാളെ മോഷണം പോയ മറ്റൊരു കാറില്‍ നിന്ന് പിടികൂടി. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ രക്ഷപ്പെട്ടു. കുട്ടികള്‍ക്ക് പരിക്കുകളില്ല. മോഷ്ടാവിന് 17 വയസ്സ് മാത്രമെ പ്രായം ഉണ്ടാകൂ എന്നാണ് പെണ്‍കുട്ടി പറയുന്നത്.

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ