"അമ്പമ്പോ എന്തൊരു തട്ടിപ്പ്.." ഇതാ മോന്‍സന്‍റെ മുറ്റത്തെ ആഡബംരക്കാറുകളുടെ പിന്നിലെ ആ രഹസ്യം!

By Web TeamFirst Published Sep 27, 2021, 1:07 PM IST
Highlights

മോൻസൻ മാവുങ്കലിന്‍റെ  (Monson Mavunkal) ശേഖരത്തില്‍ കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍ (Luxury Cars) എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവയുടെ പിന്നിലെ ചില രഹസ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 

കൊച്ചി: പുരാവസ്‍തുക്കളുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് കൊച്ചിയിൽ (Kochi) അറസ്റ്റിലായ മോൻസൻ മാവുങ്കലിന്‍റെ  (Monson Mavunkal) ശേഖരത്തില്‍ കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍ (Luxury Cars) എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവയുടെ പിന്നിലെ ചില രഹസ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 

കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ അടക്കം 30ഓളം കാറുകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും കേടായ വാഹനങ്ങളാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തകരാറിലായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങിയ ശേഷം അതൊക്കെ വീട്ടിൽ കൊണ്ടുവന്നിടുകയായിരുന്നു ഇയാളെന്നാണ് കരുതുന്നത്. ആളുകളെ കബളിപ്പിക്കുക എന്നതായിരുന്നു ഇതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടരുന്നത്. താൻ വലിയ സമ്പന്നനും ആഡംബരം നിറഞ്ഞവനുമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്‍തരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കുന്നതും ഇയാളുടെ പതിവായിരുന്നുവത്രെ. 

അതേസമയം മോന്‍സന്‍ ശ്രീവൽസം ഉടമ രാജേന്ദ്രൻ പിളളയെ വഞ്ചിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ആലപ്പുഴ എസ്‍പിക്ക് റിപ്പോര്‍ട്ട് നൽകി. മോൻസൻ മാവുങ്കൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മോൻസന്‍  മാവുങ്കൽ ഏഴുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് രാജേന്ദ്രൻ പിളളയുടെ പരാതി. സിനിമക്കാർക്ക് വാടകയ്ക്ക് നൽകാൻ കോടികളുടെ കാർ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വെളളപ്പൊക്കത്തിൽപ്പെട്ട് നശിച്ച കാറുകളാണ് നല്‍കിയത്. കേസിൽ ഉള്‍പ്പെടുമെന്നായപ്പോൾ മോൻസൻ രാജേന്ദ്രൻ പിളളയ്‍ക്കെതിരെ പരാതി നൽകി. ഈ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. 

കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ്‌ പ്രൊട്ടക്‌ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെള്ളി നാണയങ്ങളും മോശയുടെ അംശവടിയുമൊക്കെക്കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് മോൻസനെ ക്രൈംബ്രാഞ്ചിന്‍റെ റഡാറിൽ എത്തിച്ചത്. പിന്നാലെ സാമ്പത്തിക തട്ടിപ്പിന് പരാതികൂടി എത്തിയതോടെ അറസ്റ്റിലായി.

യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് കിട്ടിയ 30 വെള്ളി നാണയങ്ങളിൽ രണ്ടെണ്ണം. കുരിശിൽ നിന്നിറക്കിയ യേശുവിന്‍റെ മുഖം തുടച്ച വെളളത്തുണി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തൽ വിളക്ക്. തന്‍റെ അത്യപൂ‍ർവ പുരാവസ്തുശേഖരത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ മോൻസൻ മാവുങ്കൽ തന്നെ വിശദീകരിച്ചിരുന്നതാണിത്. 

അതേസമയം സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സന്നദ്ധതയറിയിച്ച് മാസങ്ങൾക്കുമുന്പ് ഇയാൾ പൊലീസ് ആസ്ഥാനത്തും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിലെത്തി. അടുത്ത ബന്ധുവിന്‍റെ മനസമ്മതച്ചടങ്ങ് നടക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥർ ഈ സമയം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒടുവിൽ ചടങ്ങ് അവസാനിച്ച് എല്ലാവരും പോയതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

click me!