ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍!

By Web TeamFirst Published May 18, 2021, 1:03 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും വിലയേറിയ പ്രീ ഓണ്‍ഡ് കാര്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍

സെക്കൻഡ്​ഹാൻഡ്​ വാഹനങ്ങൾ എന്നു കേള്‍ക്കുമ്പോള്‍ വില കുറഞ്ഞവയാണെന്നൊരു തോന്നലുണ്ടോ? അങ്ങനെയല്ലെന്ന് തെളിയക്കുന്നവയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ പ്രീ ഓണ്‍ഡ് കാര്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. 2019 മോഡല്‍ ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ ഇപ്പോള്‍ ഇന്ത്യയിലെ പ്രീമിയം സെക്കന്റ് ഹാൻഡ് കാർ വിൽപനക്കാരായ ബിഗ് ബോയ് ടോയ്‌സില്‍ ലഭിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 4.5 കോടിയാണ്​ ഈ കാറിന് വിലയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍​.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌പോര്‍ട്‌സ് കൂപ്പെകളിലൊന്നാണ് 2 സീറ്റര്‍ ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ. ലോകത്ത് 900 എണ്ണം മാത്രം നിർമിച്ചിരിക്കുന്ന കാർ ഇന്ത്യയിലെ ഏറ്റവും വില കൂടിയ സെക്കന്റ് ഹാൻഡ് കാറാണെന്ന് ബിഗ് ബോയ് ടോയ്‍സ് അവകാശപ്പെടുന്നു. ജാല്ലൊ തെനരിഫെ നിറമുള്ള അവന്റഡോര്‍ എസ്‌വിജെയാണ് ബിഗ് ബോയ് ടോയ്‌സ് വില്‍ക്കുന്നത്. 2019 ൽ വിൽപനയിലുണ്ടായിരുന്ന ഈ സൂപ്പർ സ്പോര്‍ട്‍സ് കാറിന്റെ എക്സ്ഷോറും വില ഏകദേശം 6 കോടി രൂപയായിരുന്നു.

6,498 സിസി, നാച്ചുറലി ആസ്പിറേറ്റഡ്, വി12, ഡിഒഎച്ച്‌സി, പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 759 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 720 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഐഎസ്ആര്‍ എഎംടി ആണ് ട്രാന്‍സ്‍മിഷന്‍. 

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ തങ്ങളുടെ കൈവശം വന്നതും വില്‍ക്കുന്നതും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ബിഗ് ബോയ് ടോയ്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജതിന്‍ അഹൂജ പറഞ്ഞു. കാറിന് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചതായും ഈ കാര്‍ വൈകാതെ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത് കാണാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറക്കുമതി ചെയ്​ത ആഡംബര കാറുകളുടെ ശേഖരണത്തിന് പേരുകേട്ട സ്​ഥാപനമാണ്​ ബിഗ് ബോയ് ടോയ്‌സ്.  നിലവില്‍ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ബിഗ് ബോയ് ടോയ്‌സ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഷോറൂം ആരംഭിക്കുന്നത് പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!