നനഞ്ഞ റോഡ് ചതിച്ചു, ടിപ്പര്‍ പോസ്റ്റ് തകര്‍ത്തു, ഇലക്ട്രിക്ക് ലൈനില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍!

By Web TeamFirst Published Jul 23, 2020, 6:59 PM IST
Highlights

നനഞ്ഞ റോഡിലൂടെ വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. 

നനഞ്ഞതും  വെള്ളം നിറഞ്ഞതുമായ റോഡുകളെയാണ് മഴക്കാലത്ത് ഡ്രൈവര്‍മാര്‍ക്ക് നേരിടേണ്ടി വരിക. ശ്രദ്ധ അല്‍പ്പമൊന്ന് പിഴച്ചാല്‍ അപകടം ഉറപ്പ്. അടുത്തിടെയായി ഇത്തരം നിരവധി അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരുന്നുണ്ട്. 

കഴിഞ്ഞദിവസം പാലക്കാട് പട്ടാമ്പിയില്‍ നടന്ന ഇത്തരം ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമിതവേഗത്തിൽ എത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ആണിത്. പട്ടാമ്പി വിളയൂരിലാണ് അപകടം.

നനഞ്ഞ റോഡിലൂടെ വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇതോടെനിലത്തുവീണ ഇലക്ട്രിക് ലൈനിൽ തട്ടി അതുവഴി വന്നൊരു ബൈക്ക് യാത്രികനും റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ആർക്കും വലിയ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മഴയത്ത് വണ്ടി ഓടിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  • റോഡിലുള്ള പൊടിയും ഓയിൽ അംശങ്ങളും മഴക്കാലത്ത് ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകും
  • മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
  • മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയും. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി  ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 
  • തേയ്‍മാനം വന്ന ടയറുകൾ നിര്‍ബന്ധമായും ഒഴിവാക്കുക
  • വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
  • മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
  • വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
  • സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം വേഗത കുറച്ച് ഓടിക്കുക
  • ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
  • വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
  • ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
  • ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
  • ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള വലിയ മാര്‍ഗം
click me!