ആഡംബര വാഹനം റിവേഴ്‌സ് ചെയ്തപ്പോൾ അടിയിൽ പെട്ട് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

By Web TeamFirst Published Jun 8, 2020, 12:29 PM IST
Highlights

അപകടം നടന്ന വീടിന്റെ കോമ്പൗണ്ടിൽ കളിക്കുകയായിരുന്ന കുഞ്ഞ് ഡ്രൈവർ റിവേഴ്‌സ് ചെയ്തുകൊണ്ടിരുന്ന മെഴ്സിഡസ് ബെൻസ് കാറിന്റെ അടിയിൽ അബദ്ധവശാൽ പെടുകയായിരുന്നു. 

ദില്ലി : ആഡംബര കാറുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു അപകട വാർത്ത കൂടി ഇന്ന് പുറത്തുവന്നിരിക്കുകയാണ്. പടിഞ്ഞാറൻ ദില്ലിയിലെ തിലക് നഗറിലാണ്  ഈ അപകടമുണ്ടായിരിക്കുന്നത്. 

അപകടം നടന്ന വീടിന്റെ കോമ്പൗണ്ടിൽ കളിക്കുകയായിരുന്ന കുഞ്ഞ് ഡ്രൈവർ റിവേഴ്‌സ് ചെയ്തുകൊണ്ടിരുന്ന മെഴ്സിഡസ് ബെൻസ് കാറിന്റെ അടിയിൽ അബദ്ധവശാൽ പെടുകയായിരുന്നു. അതേ വീട്ടിലെ സെക്യൂരിറ്റി ഗാർഡായിരുന്ന രാകേഷിന്റെ മകളായ രാധികയാണ് മരണപ്പെട്ടത്. 

ലിഫ്റ്റുകളുടെ മാർക്കറ്റിംഗ് സ്ഥാപനം നടത്തുന്ന ജസ്ബീർ സിംഗിന്റേതാണ് അപകടത്തിന് കാരണമായ മെഴ്സിഡസ് ബെൻസ് എസ്‌യുവി വാഹനം. അപകടം നടക്കുമ്പോൾ ജസ്ബീറിന്റെ ഡ്രൈവർ അഖിലേഷ് ആണ് വാഹനമോടിച്ചിരുന്നത്. അപകടത്തിന് കാരണമായ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത് ഫോറൻസിക് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 

വാഹനങ്ങൾ റിവേഴ്‌സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളിൽ കാൽഭാഗവും അശ്രദ്ധമായ റിവേഴ്‌സിങ് കൊണ്ട് ഉണ്ടാകുന്നവയാണ്. റിവേഴ്‌സിങ് എന്ന പ്രക്രിയയിലെ പ്രധാന പരിമിതി നമ്മുടെ കാഴ്ചയ്ക്ക് നേരിടുന്ന പ്രതിബന്ധമാണ്. വീടിനുള്ളിലേക്ക് വാഹനം കയറ്റുക, ലോഡിങ് ബെയിലേക്ക് ലോറി കയറ്റുക, തിരിക്കാൻ സൗകര്യമില്ലാത്ത വഴികളിൽ നിന്ന് പുറത്തേക്കിറങ്ങുക എന്നിങ്ങനെ പല സാഹചര്യങ്ങളിലും വാഹനം റിവേഴ്‌സ് ചെയ്യണ്ടതായി വരും നമുക്ക്. 

 

 

അപകടങ്ങൾ കുറയ്ക്കണമെങ്കിൽ ആദ്യം എന്തൊക്കെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നറിയണം.

റിവേഴ്‌സിങ്ങിലെ പ്രധാന അപകടങ്ങൾ 

കണ്ണിൽ പെടാതെ പോകുന്ന കുറ്റികൾ, മരങ്ങൾ, മതിലുകൾ എന്നിവയിൽ ഇടിക്കാം.

ബ്ലൈൻഡ് സ്പോട്ടുകളിലുള്ള മതിലുകളിൽ ചേർത്ത് പിടിക്കാം 

വണ്ടി വിലങ്ങനെ പോയി മതിലിൽ ഇടിക്കാം 

വെളിച്ചമില്ലാത്തിടത്ത് റിവേഴ്‌സ് എടുക്കുമ്പോൾ അപകടം വരം

പ്രതീക്ഷിക്കാതെ പിന്നിൽ വന്നുപെടുന്ന മനുഷ്യർ, മൃഗങ്ങൾ, മറ്റു വാഹനങ്ങൾ എന്നിവയിൽ ഇടിച്ചു കയറാം. 

ഇതിനെ മറികടക്കാൻ താഴെ പറയുന്നവയുടെ സഹായം തേടാം 

സാങ്കേതിക വിദ്യ : റിവേഴ്‌സിങ് സുരക്ഷിതമായി നടത്താൻ ഇന്ന് പലതരത്തിലുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ്. അതിൽ റിവേഴ്‌സിങ് കാമറ, സെൻസർ എന്നിവ പ്രധാനമായും ഉപയോഗപ്പെടുത്താം. പുതിയ വാഹനങ്ങളിൽ സ്റ്റിയറിങ് സ്റ്റെഡി ആണോ എന്നുവരെ അറിയാനുള്ള വഴിയുണ്ട്. 

രണ്ടാമതൊരാളുടെ സഹായം തേടാം : പിന്നോട്ടെടുക്കുമ്പോൾ ഇപ്പോഴും നിങ്ങളുടെ കൂടെ വാഹനത്തിൽ ഉള്ള ആളോട് ഇറങ്ങി പിന്നിലെ മാർഗ തടസ്സങ്ങൾ ചൂണ്ടിക്കാണിക്കാൻ സഹായം തേടാം. അപ്രതീക്ഷിതമായി കുട്ടികളോ മറ്റോ വന്നാൽ അത് തടയാനും ഇത് ഉപകരിക്കും. 

പരമാവധി വേഗത കുറച്ച് മാത്രമേ റിവേഴ്‌സ് ചെയ്യാവൂ. വഴി പറഞ്ഞു കൊടുക്കാൻ പിന്നിൽ നിൽക്കുന്ന വ്യക്തി ഒരു കാരണവശാലും മതിലിന്റെയും കറിന്റെയും ഇടയിൽ നിന്ന് വഴി പറയരുത്. അങ്ങനെ നിന്നാൽ, ഓടിക്കുന്നയാൾക്ക് നിയന്ത്രണം തെറ്റിയാൽ വഴി പറഞ്ഞുകൊടുക്കുന്നയാളിന് ഓടി രക്ഷപ്പെടാൻ സാധിച്ചു കൊള്ളണമെന്നില്ല. റിവേഴ്‌സിങ്ങിൽ അമിതമായ ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുള്ളത്. അത് പലപ്പോഴും പ്രാഥമികമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും പരിശോധനകൾ നടത്തുന്നതിൽ നിന്നും ഒക്കെ ഡ്രൈവറെ പിന്തിരിപ്പിക്കും. 

എന്തും ഏത് നിമിഷം വേണമെങ്കിലും  അപ്രതീക്ഷിതമായി റിവേഴ്‌സ് ചെയ്യുന്ന വാഹനത്തിനിടയിലേക്ക് കയറിവരാം എന്ന് ഓർത്തുമാത്രം വാഹനമോടിക്കുകയും വഴി പറഞ്ഞുകൊടുക്കുകയും ചെയ്‌താൽ അപകടങ്ങൾ ഒഴിവാക്കാം. 

click me!