ഈ മോഡലുകളുടെ വില കൂട്ടി ടൊയോട്ട

By Web TeamFirst Published May 8, 2021, 3:50 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ  റീബാഡ്‌ജ് മോഡലുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവയുടെ വില ഉയർത്തി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ  റീബാഡ്‌ജ് മോഡലുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവയുടെ വില ഉയർത്തി. ടൊയോട്ട ഇപ്പോള്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ എന്നിവയുടെ വില 33,000 രൂപയോളമാണ്  ഉയര്‍ത്തിയിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

G,V എന്നീ രണ്ട് വേരിയന്റുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. ബലേനോ ആസ്ഥാനമായുള്ള ഗ്ലാൻസ വില നേരത്തെ 7.18 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയായിരുന്നു.

പുതുക്കിയ വില വർധനയെത്തുടർന്ന് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള G വേരിയന്റിന് ഇപ്പോൾ 15,700 രൂപയും ഹൈബ്രിഡ് ഓപ്ഷനുകൾക്ക് ഇപ്പോൾ 33,000 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. അതേസമയം V വേരിയന്റിന്റെ വില 20,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ഇപ്പോഴിതാ ടൊയോട്ട കിർലോസ്‍കർ മോട്ടോറി (ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറായി മാറിയിരിക്കുകയാണ് ഗ്ലാൻസ. ബിഎസ് 6ലുള്ള 1.2 ലിറ്റർ കെ12ബി പെട്രോൾ എൻജിനാണ് ഗ്ലാൻസയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ പുതിയ അർബൻ ക്രൂയിസറിനെ 2020 ആദ്യമാണ് ടൊയോട്ട പുറത്തിറക്കിയത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകള്‍.

നേരത്തെ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി എന്നിവയുടെ വിലയാണ് 2021 ഏപ്രിൽ ഒന്നു മുതൽ 26,000 മുതൽ 1.18 ലക്ഷം രൂപ വരെ ഉയർത്തിയത്. അക്കാലത്ത് വില വർധനയിൽ ഗ്ലാൻസ, യാരിസ്, വെൽഫയർ, അർബൻ ക്രൂസർ എന്നിവയെ ഉൾപ്പെടുത്തിയിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!