ഇന്നോവയ്ക്ക്​ കണ്ടകശനി, വീട്ടുമുറ്റങ്ങളില്‍ അന്യനാകുന്നുവെന്ന് കണക്കുകള്‍!

By Web TeamFirst Published Sep 25, 2020, 3:58 PM IST
Highlights

ഇന്നോവയുടെ നിലവിലെ സ്ഥിതി അത്ര പന്തിയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലാണ് ഇന്നോവ. എന്നാല്‍ ഇന്നോവയുടെ നിലവിലെ സ്ഥിതി അത്ര പന്തിയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്​റ്റിലെ​ വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഏറെ പിന്നിലാണ് ഇന്നോവ​ എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയ്ക്ക് ആശങ്കയേറ്റി ഇന്നോവ ക്രിസ്​റ്റ വിൽപ്പനയില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

2019 ഓഗസ്റ്റില്‍ ഇന്നോവയുടെ 4,796 യൂണിറ്റുകൾ വിറ്റഴിക്കാനായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 2943 ആയി ചുരുങ്ങിയെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 39 ശതമാനത്തോളമാണ് ഇടിവെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച മൂന്ന്​ പേരുകളിൽ നിന്ന് ഇന്നോവ പുറത്താവുകയും ചെയ്​തു. 2020 ഓഗസ്റ്റില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എംപിവി മാരുതി എർട്ടിഗയാണ്​. 9,302 എര്‍ട്ടിഗകളാണ് കഴിഞ്ഞമാസം മാരുതി വിറ്റത്​. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച്​ വിൽപ്പനയിൽ 11% വളർച്ചയും എർട്ടിഗ നേടി. 

എന്നാൽ മാരുതിയുടെതന്നെ എക്സ് എൽ 6 വിൽപ്പനയിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,846 എക്സ്എൽ 6 ആണ്​ കഴിഞ്ഞമാസം വിറ്റത്​. മുൻകാലങ്ങളിലും എം.പി.വി വിഭാഗത്തിൽ സ്​ഥിരതയാർന്ന പ്രകടനം കാഴ്​ച്ചവയ്​ക്കുന്ന വാഹനമാണ്​ എർട്ടിഗ. കഴിഞ്ഞമാസം കണ്ട ഏറ്റവും വലിയ മടങ്ങിവരവ്​ മഹീന്ദ്ര ബൊലേറോയുടേതാണ്​. 5,487 യൂനിറ്റുകളുടെ കച്ചവടവുമായി മഹീന്ദ്ര കണക്കുകളിൽ രണ്ടാമതെത്തി. 37% വളർച്ചയാണ്​ മഹീന്ദ്രക്കുണ്ടായത്​.

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയാണ്​ വിജയഗാഥയിൽ മൂന്നാമത്​. റെനോ ട്രൈബർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച നേടി മൂന്നാമതെത്തി. 3,906 യൂനിറ്റ്​ ട്രൈബറുകളാണ്​ വിറ്റഴിക്കപ്പെട്ടത്​.​ ഡസ്റ്ററിനും ക്വിഡിനും ശേഷം റെനോയുടെ സ്ഥിരതയുള്ള ഉൽ‌പ്പന്നമായി ട്രൈബർ മാറിയിട്ടുണ്ട്​. ​ട്രൈബറിന്‍റെ കുതിപ്പിലാണ് ഇന്നോവയ്ക്ക് കാലിടറി നാലാംസ്ഥാനമാകാന്‍ എന്നതാണ് കൌതുകകരം. 

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്.

വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് എംപിവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍.

മറ്റ് സുരക്ഷാ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, ജിഎക്‌സ് മാന്വല്‍, ജിഎക്‌സ് ഓട്ടോമാറ്റിക്, വിഎക്‌സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്‍കി. ടോപ് സ്‌പെക് ഇസഡ്എക്‌സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. 

ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യലേക്കുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സപോയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വാഹനം പുറത്തിറങ്ങിയതിന്‍റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന  പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി കമ്പനി അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു. 

click me!