ഒടുവില്‍ അതുതന്നെ സംഭവിച്ചു, ആ ബൈക്ക് കമ്പനി ഇന്ത്യ വിട്ടു!

By Web TeamFirst Published Sep 25, 2020, 10:37 AM IST
Highlights

മാറിയ വിപണി സാഹചര്യത്തിൽ ഇന്ത്യൻ വിപണയിൽ വില്പന ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എന്ന കമ്പനിയുടെ ധാരണയും ആണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. 

ഐക്കണിക്ക് അമേരിക്കൻ മോട്ടോർസൈക്കിൾ നിര്‍മ്മാതാക്കളായ ഹാർലി-ഡേവിഡ്‍സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയിലെ ബൈക്ക് വില്‍പ്പനയും നിർമാണവും അവസാനിപ്പിച്ചെന്ന് കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാർലി-ഡേവിഡ്സൺ ചെയർമാനും, പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോചെൻ സീറ്റ്സ് രൂപപ്പെടുത്തിയ 'ദി റീവയർ' തന്ത്രത്തിന് ഭാഗമായാണ് ഈ നീക്കം. ദി റീവയർ പദ്ധതിയുടെ ഭാഗമായി ഹാർലി ഇതിനകം ലോകമെമ്പാടും നടപ്പിൽ വരുത്തിയ ചിലവ് ചുരുക്കൽ പ്രവർത്തനം കൂടാതെയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള പിൻവാങ്ങൽ.

2010-ലാണ് ഹാര്‍ലി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഹാർലിയുടെ ഇന്ത്യൻ വിപണിയിലെ ആവിശ്യകത കുറയുന്നതായാണ് റിപ്പോര്‍ട്ട് . ബൈക്ക് വില്പന ഗണ്യമായി കുറഞ്ഞതോടെ ഹാർലി-ഡേവിഡ്സൺ ഇന്ത്യൻ വിപണിയോട് വിട പറയാനുള്ള തയ്യാറെടുപ്പുലാണെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മാറിയ വിപണി സാഹചര്യത്തിൽ ഇന്ത്യൻ വിപണയിൽ വില്പന ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എന്ന കമ്പനിയുടെ ധാരണയും ആണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. 

4.69 ലക്ഷം മുതൽ 50 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയുള്ള പതിമൂന്നോളം മോഡലുകൾ ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. അതെ സമയം വില്പനയിൽ ഏറിയ പങ്കും ഇന്ത്യൻ നിർമ്മിത വിലക്കുറവുള്ള മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 മോഡലുകൾക്കാണ്. മാത്രമല്ല മാർച്ചിൽ വില്പനക്കെത്തിയ സ്ട്രീറ്റ് 750-യുടെ അടിസ്ഥാന മോഡലിന്റെ വില Rs 5.34 ലക്ഷത്തിൽ നിന്നും 65,000 രൂപ കുറച്ച് Rs 4.69 ലക്ഷം രൂപയ്ക്കാണ് ഹാർലി വിറ്റിരുന്നത്. എന്നിട്ടും ഏപ്രിൽ-ജൂൺ 2020 ത്രൈമാസത്തിൽ വെറും 100 ബൈക്കുകൾ മാത്രമേ ഹാർലിക്ക് ഇന്ത്യയിൽ വിൽക്കാൻ സാധിച്ചിട്ടുള്ളൂ. ഹാർലിയുടെ വിദേശ വിപണികൾ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണിത്. മാത്രമല്ല ഈ രീതിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ സാമ്പത്തീക വർഷത്തെ 2,500 യൂണിറ്റ് ബൈക്ക് വില്പനയുടെ അടുത്തെത്താൻ പോലും ഈ സാമ്പത്തീക വർഷം സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇന്ത്യ വിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഹാർലിയെ എത്തിച്ചത്.

ഹരിയാനയിലെ ബാവലിൽ ആണ് ഹാർലി-ഡേവിഡ്സൺ ഫാക്ടറി പ്രവർത്തിക്കുന്നത്. ഈ ഫാക്ടറി ഉപയോഗപ്പെടുത്താൻ മറ്റു വാഹന നിർമ്മാതാക്കൾക്ക് താല്പര്യമുണ്ടോ എന്ന് കൺസൾട്ടൻസി മുഖേന കമ്പനി തേടിയിരുന്നു. കമ്പനിയുടെ പുതിയ സിഇഒ ജോചെന്‍ സീറ്റ്‌സിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ഹാര്‍ലി ഡേവിഡ്‍സണ്‍ റിവയര്‍ എന്ന പുതിയ ബിസിനസ് പദ്ധതി. കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ പദ്ധതി അനുസരിച്ച്  പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുമെന്നാണ് സൂചന. 

തല്‍ഫലമായി, ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ക്കായി ആസൂത്രണം ചെയ്ത എന്‍ട്രി ലെവല്‍ ഹാര്‍ലി-ഡേവിഡസണ്‍ എന്ന പദ്ധതിയും നടക്കാനിടയില്ല. മാത്രമല്ല മോഡലുകള്‍ക്കൊപ്പം നിലവിലെ ലൈനപ്പിന്റെ ചില വകഭേദങ്ങളും കമ്പനി നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

തങ്ങളുടെ വാഹന ശ്രേണിയില്‍ നിന്നും 30 ശതമാനത്തോളം മോഡലുകളെ വെട്ടിക്കുറയ്ക്കാന്‍ കമ്പനി അടുത്തിടെ തീരുമാനിച്ചിരുന്നു. 2020 രണ്ടാം പാദത്തില്‍ വലിയ നഷ്‍ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നത്.  നല്ല സംഖ്യയില്‍ വില്‍ക്കാത്തതും കമ്പനിയിലേക്ക് വരുമാനം കൊണ്ടുവരാന്‍ സഹായിക്കാത്തതുമായ മോഡലുകള്‍ ആയിരിക്കും ഇത്തരത്തില്‍ ബ്രാന്‍ഡ് പിന്‍വിലിക്കുക. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു. യുഎസ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു ലെവറ്റിച്ച് രാജിവെച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രിക് ബൈക്കുകള്‍ ഉള്‍പ്പെടെ പുതിയ ലോഞ്ചുകള്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!