
സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണത്തിന് പകരം അവരവരുടെ കയ്യിലുള്ള സാധനങ്ങള്‍ തന്നെ നല്‍കുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. പണമൊക്കെ കണ്ടുപിടിക്കുന്നതിനും വളരെ മുമ്പ്, പണ്ടുപണ്ട് മനുഷ്യർ തമ്മില്‍ നടത്തിയിരുന്ന കച്ചവടം ഇങ്ങിനെയായിരുന്നു. അതായത് കുറച്ച് കുരുമുളകും ഏലവുമൊക്കെ കൊടുത്ത് പകരം സ്വർണം വാങ്ങിയിരുന്ന ഒരു കാലം പണ്ട് മലയാളിക്കും ഉണ്ടായിരുന്നു.
പക്ഷേ ആധുനിക കാലത്ത് ഇത്തരമൊരു സമ്പ്രാദയം എവിടെയെങ്കിലും നടപ്പുള്ളതായി കേട്ടിട്ടില്ല. എന്നാല്‍ അത്തരമൊരു ബാര്‍ട്ടര്‍ സംവിധാനത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒരു വാഹന നിര്‍മ്മാണ കമ്പനിയാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് എന്നതാണ് ഏറ്റവും വലിയ കൌതുകം. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സാക്ഷാൽ ടൊയോട്ടയാണ് വാഹനത്തിനു പകരം സാധനം എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ടൊയോട്ട ബാർട്ടർ' എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം ബ്രസീലിയന്‍ വിപണിയിലാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് മോട്ടോർ 1 ഡോട്ട് കോം ബ്രസീലിനെ ഉദ്ധരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാർഷിക മേഖലയിലെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ബ്രസീലിലെ ടൊയോട്ട തികച്ചും രസകരമായ നേരിട്ടുള്ള ഈ വിൽപ്പന ചാനൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട എസ്ഡബ്ല്യു 4 (ഇന്ത്യയിലെ ഫോർച്യൂണർ), ഹൈലക്സ് പിക്കപ്പ് ട്രക്ക്, കൊറോള ക്രോസ് എസ്‌യുവി എന്നീ വാഹനങ്ങള്‍ ബ്രസീലിയന്‍ ഉപഭോക്താക്കള്‍ക്ക് ബാർട്ടർ സംവിധാനം വഴി വാങ്ങാം.
വാഹനങ്ങൾ വാങ്ങുമ്പോള്‍ പണത്തിന് പകരമായി സോയാബീനും ചോളവും കൈമാറിയാല്‍ മതി. നല്‍കുന്ന ധാന്യങ്ങളുടെ വിപണിമൂല്യം കണക്കാക്കി കമ്പനി വില നിശ്‍ചിയിക്കും. ഈ ധാന്യങ്ങളുടെ ഗുണനിലവാരവും കമ്പനി ഉറപ്പുവരുത്തും. തുടക്കത്തിൽ ബ്രസീലിലെ ആറ് സംസ്ഥാനങ്ങളിലാണ് പുതിയ വിൽപ്പന മോഡൽ അവതരിപ്പിക്കുക.
ബഹിയ, ഗോയിസ്, മാറ്റോ ഗ്രോസോ, മിനാസ് ഗെറൈസ്, പിയൗ, ടോകാൻറിൻസ് എന്നീ സംസ്ഥാനങ്ങളിലാണ് ഓഗസ്റ്റ് നാല് മുതല്‍ പുതിയ റീട്ടെയിൽ മോഡൽ ആദ്യം അവതരിപ്പിച്ചത്. പരാന, സാവോ പോളോ, മാറ്റോ ഗ്രോസോ തുടങ്ങി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവിൽ, ടൊയോട്ട ബ്രസീലിന്റെ നേരിട്ടുള്ള വിൽപ്പനയുടെ 16 ശതമാനം കാർഷിക - ബിസിനസ് മേഖലയിലാണ്. പുതിയ ചാനലിലൂടെ ഇത് കൂടുതൽ വളരുമെന്നാണ് ടൊയോട്ട കണക്കുകൂട്ടുന്നത്.
ടൊയോട്ട ബാർട്ടർ 2019 ൽ ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ചിരുന്നതായും ടൊയോട്ട ബ്രസീല്‍ ഡയറക്ട് സെയിൽസ് മാനേജർ ജോസ് ലൂയിസ് റിങ്കൺ ബ്രൂണോ പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർ വാങ്ങാൻ ധാന്യം സ്വീകരിക്കുന്ന ബ്രസീലിലെ ആദ്യത്തെ സെയിൽസ് ചാനലാണിതെന്നും ഇപ്പോൾ ഈ പദ്ധതി ഔദ്യോഗികമാക്കാനും ടൊയോട്ടയുടെ സാന്നിധ്യം വിപുലീകരിക്കാനും തീരുമാനിച്ചിരിക്കുന്നതായും രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നിലേക്കുള്ള പ്രധാന മാർഗ്ഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona