
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‍കൂളുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മതിയായ യോഗ്യത ഇല്ലാത്തവരാണ് ഡ്രൈവിംഗ് പരിശീലനം നൽകുന്നതെന്നും ഗതാഗത സിഗ്നലുകളെക്കുറിച്ചുപോലും ചിലർ ഇൻസ്ട്രക്ടർമാർക്ക് അറിയില്ലെന്നും പരിശോധനയിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയാതായണ് റിപ്പോര്‍ട്ടുകള്‍.
ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവർക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന പരാതികളെത്തുടർന്ന് ഡ്രൈവിംഗ് സ്‍കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും 'ഓപ്പറേഷൻ സേഫ് ഡ്രൈവ് ' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
പരിശോധനയിൽ, സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയും അംഗീകൃത പരിശീലകർ ഇല്ലാതെയും ഒട്ടേറെ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. മിക്ക സ്ഥാപനങ്ങളിലും സിഗ്നലുകൾ, എൻജിൻ, ഗിയർബോക്‌സ് മാതൃകകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നില്ല.
മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലെ ചില ഡ്രൈവിംഗ് സ്‍കൂളുകളിൽ നിലവാരമില്ലാത്ത പരിശീലകരെ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചില ഡ്രൈവിങ് സ്‍കൂളുകളിൽ നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ പരിശീലനത്തിന് ഉപയോഗിച്ചിരുന്നു. പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ സ്‍കൂളുകളിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലായിരുന്നു.
പത്തനംതിട്ട പുളിക്കീഴിലെ ഒരു സ്‍കൂളില്‍ വിജിലൻസ് സംഘം എത്തുമ്പോൾ പരിശീലകൻ മദ്യപിച്ച നിലയിലാരുന്നു. നെയ്യാറ്റിൻകരയിലാണ് ഗതാഗതസിഗ്നലുകൾ തിരിച്ചറിയാത്ത പരിശീലകനെ വിജിലൻസ് കുടുക്കിയത്. ഇയാള്‍ക്ക് സിഗ്നലുകള്‍ മാത്രമല്ല വാഹനഭാഗങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. പെരുമ്പാവൂർ, നെടുമങ്ങാട്, മൂവാറ്റുപുഴ, കണ്ണൂർ എന്നിവിടങ്ങളിലെ ഡ്രൈവിംഗ് സ്‍കൂളുകൾ തോന്നിയതു പോലെ ഫീസ് ഈടാക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.
മാത്രമല്ല പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനും ഉപയോഗിക്കുന്ന വാഹനങ്ങൾ മതിയായ രേഖകള്‍ ഉള്ളവ ആയിരുന്നില്ല. അംഗീകൃത പരിശീലകർ സ്ഥലത്തുണ്ടായിരുന്നില്ല. ചില ടെസ്റ്റിങ് ഗ്രൗണ്ടുകളിൽ ഒരു ഡ്രൈവിംഗ് സ്‍കൂളിന്റെ വാഹനം മാത്രമാണ് ഉപയോഗിച്ചിരുന്നത്. ടെസ്റ്റിന് എത്തുന്നവരിൽനിന്ന് ഈ വാഹനം ഉപയോഗിക്കാൻ പ്രത്യേകം ഫീസ് ഈടാക്കിയിരുന്നു. ചില വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തിയിരുന്നെങ്കിലും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നില്ലെന്നും വിജലന്‍സ് കണ്ടെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona