ഇന്നോവയുടെ സഹോദരന്‍ വിടചൊല്ലി, ഇനി മാരുതി പ്ലാന്‍റില്‍ പുനര്‍ജ്ജനിക്കും!

By Web TeamFirst Published Sep 27, 2021, 5:09 PM IST
Highlights

ഈ ടൊയോട്ട മോഡല്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.  

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) പ്രീമിയം സെഡാനാണ് യാരിസ് (Yaris). ഈ മോഡല്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.  സെപ്റ്റംബര്‍ 27 മുതല്‍ യാരിസിന്‍റെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്ന് ടൊയോട്ട അറിയിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ പ്രോഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നത്.  പുതിയ വാഹനനിര 2022-ല്‍ അവതരിപ്പിക്കുമെന്നും  പുതിയ മോഡലിനായാണ് ഈ പിന്മാറ്റമെന്നും ടൊയോട്ട ഇന്ത്യ അറിയിച്ചു. 

ഏഷ്യന്‍ വിപണികളില്‍ കമ്പനി വില്‍ക്കുന്ന വിയോസിന്‍റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്. പുറത്തിറങ്ങിയ കാലം മുതൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിർമാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കൾ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു.

ആഗോള വിപണിയിൽ യാരിസ് ഹാച്ച് ബാക്കായിരുന്നു എന്നാൽ ഇന്ത്യയ്ക്ക് സെഡാൻ മോഡലാണ് കിട്ടിയത്. ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകളുമായാണ് ഹാരിസ് എത്തിയത്. മധ്യനിര സെഡാൻ വിഭാഗത്തിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാൻ സണ്ണി, ഫോക്സ് വാഗൻ വെന്റൊ, സ്കോഡ റാപിഡ് എന്നിവരായിരുന്നു യാരിസ് ഇന്ത്യൻ വിപണിയിലെത്തുമ്പോഴുള്ള മുഖ്യ എതിരാളികൾ.

പെട്രോള്‍ എന്‍ജിനില്‍ മാത്രം ടൊയോട്ട വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു യാരിസ്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡ്യുവല്‍ വി.വി.ടി.ഐ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. ഇത് 105 ബി.എച്ച്.പി. പവറും 140 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമതയും യാരിസിന് കമ്പനി വാഗ്‍ദാനം ചെയ്‍തിരുന്നു.

യാരിസിന്റെ  ഇന്ത്യയിലെ നിര്‍മാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപയോക്താക്കള്‍ക്കായി ആഫ്റ്റര്‍ സെയില്‍ സപ്പോര്‍ട്ടും സര്‍വീസും ടൊയോട്ട ഷോറൂമുകളില്‍ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, യാരിസ് സെഡാന്റെ പാര്‍ട്‌സുകളും മറ്റും വരുന്ന 10 വര്‍ഷത്തേക്ക് ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

എന്നാല്‍, ഈ നീക്കം അപ്രതീക്ഷിതമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ടൊയോട്ടയുടെ യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്ജിങ്ങ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന മോഡലിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരുതിയുമായുള്ള കൂട്ടുകെട്ടിലാണ് ബെല്‍റ്റ ഒരുങ്ങുന്നത്. മാരുതി സുസുക്കി സിയാസ് സെഡാനാണ് ടൊയോട്ടയുടെ ലോഗോ ഒട്ടിച്ച് ബെല്‍റ്റ ആയി മാറാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 2022 ഓടെ ഈ മോഡല്‍ നിരത്തില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!