
ഇന്ത്യൻ തത്വശാസ്ത്രവും ജാപ്പനീസ് സംസ്‍കാരവും അത്യാധുനിക സാങ്കേതികവിദ്യയും ഒരേ മേൽക്കൂരയിൽ ഒരുമിക്കുന്ന ടൊയോട്ടയുടെ ടേം അഥവാ ടൊയോട്ട എക്സ്പീരിയൻഷ്യൽ മ്യൂസിയം ബെംഗളൂരുവിൽ തുറന്നു. ടൊയോട്ടയുടെ തനതായ ഒരു ലൈഫ്‌സ്റ്റൈൽ, കൾച്ചറൽ ഹബ്ബാണ് ഇത്. ബെംഗളൂരു നഗരത്തിലെ ഫീനിക്സ് മാളിൽ സ്ഥാപിച്ചിരിക്കുന്ന ടെം, ചലനശേഷിയും ആധുനിക കണ്ടുപിടിത്തങ്ങളും വാഹനങ്ങൾക്കും അതീതമാണെന്ന ടൊയോട്ടയുടെ കാഴ്ചപ്പാടിനെ ഉയർത്തികാട്ടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാളിന്‍റെ താഴത്തെ നിലയിൽ 8,200 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന ടെം അഞ്ച് ഇന്ദ്രിയങ്ങൾക്കും അനുഭവിച്ചറിയാം വിധം ഒരുക്കിയിരിക്കുന്നതാണ്. ആകർഷകമായ ദൃശ്യങ്ങൾ, ശാന്തമായ ശബ്‍ദങ്ങൾ, വേറിട്ട സുഗന്ധങ്ങൾ, ടെക്സ്ചറുകൾ, ജാപ്പനീസ് മിനിമലിസത്തെ ഇന്ത്യൻ ഊഷ്മളതയുമായി സംയോജിപ്പിക്കുന്ന രുചികൾ എന്നിവയൊക്കെ അതില്‍പ്പെടുന്നു.
ടൊയോട്ടയിൽ, 'ഒന്നിച്ചുള്ള സന്തോഷകരമായ വഴികൾ' സൃഷ്‍ടിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാട് ഗതാഗതത്തിനപ്പുറം ആളുകളെയും സംസ്കാരങ്ങളെയും വികാരങ്ങളെയും ഒന്നിപ്പിക്കുന്ന അനുഭവങ്ങളെ കൊണ്ടുവരാൻ ഞങ്ങൾക്ക് ഊർജം നൽകുന്നുണ്ടെന്ന് ടേം ഉദ്‍ഘാടനം ചെയ്തുകൊണ്ട് ടൊയോട്ട കിർലോസ്‍കർ മോട്ടോറിൻ്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ തദാഷി അസാസുമാ പറഞ്ഞു. ടെം ഉപയോഗിച്ച്, ഈ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു അതുല്യമായ അനുഭവം നൽകാൻ കഴയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൗതുകം ഉണർത്തുകയും അതേസമയം മിനിമലിസ്റ്റ് ഇന്റീരിയറുകളും വ്യത്യസ്തമായ സൗന്ദര്യശാസ്ത്രവും കൊണ്ട് ടെം, സന്ദർശകരെ അവരവരുടെ രീതിയിൽ സമയമെടുത്ത് ആസ്വദിക്കുവാനായും അനുഭവിക്കാനും അവസരമൊരുക്കി നൽകുന്നു. ഡിസൈൻ കഫേ, മെർച്ചൻഡൈസ് സോൺ, ടെം കഫേ തുടങ്ങിയവ ടൊയോട്ടയുടെ ഈ സംരംഭത്തെ വേറിട്ടതാക്കുന്നു.
ജപ്പാനും ഇന്ത്യയും ചേർന്നൊരു മിശ്രിതമായി മാച്ച കോർണർ ടേമിൽ അവതരിപ്പിക്കുന്നു. ജപ്പാനിലെ മാച്ചയുടെ കാലാതീതമായ പാരമ്പര്യത്തെ പുതുമയുള്ള ഇന്ത്യൻ രുചികളുമായി സമന്വയിപ്പിച്ച് അതിഥികൾക്ക് ആസ്വദിക്കാനായി ഒരുക്കിയിരിക്കുന്ന മെനു ആണിത്. ഇന്ത്യയിൽ പ്രചോദനം ഉൾക്കൊണ്ട് ഉണ്ടാക്കിയ മാമ്പഴം ചേർത്ത മിശ്രിതം ഈ ജപ്പാനീസ് ക്ലാസിക്കിന് ഒരു തനത് രുചി നൽകുന്നു. സന്ദർശകർക്ക് ടെം ഇന്ത്യ വെബ്സൈറ്റ് അല്ലെങ്കിൽ ബി,എം.എസ് വഴി അവരുടെ അനുഭവം എളുപ്പത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാനും ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ തുറന്നിരിക്കുന്ന 'ടെം'ന്റെ ലോകം സന്ദർശിക്കാനും കഴിയും.