പുതിയൊരു മോഡലിന് പേറ്റന്‍റ്; ഇന്ത്യയെ ഞെട്ടിക്കാന്‍ ടൊയോട്ട!

By Web TeamFirst Published May 20, 2021, 9:36 AM IST
Highlights

ടൊയോട്ട അഗ്യ എന്നാണ് ഈ വാഹനത്തിന്‍റെ പേരെന്നും ഇതിന്‍റെ രൂപകൽപ്പനയ്ക്ക് കമ്പനി ഇന്ത്യയിൽ പേറ്റന്‍റ് നേടിയെന്നും റിപ്പോര്‍ട്ട്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ ഏറെ വേരോട്ടമുള്ള വാഹന നിര്‍മ്മാതാക്കളാണ്.  എന്നാൽ എത്തിയോസ് ലിവയൊക്കെ ഉണ്ടായിരുന്നെങ്കിലും ഹാച്ച്ബാക്ക് നിരയിൽ കാര്യമായ നേട്ടം നേടിയെടുക്കാൻ ഇതുവരെ കമ്പനിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ കുറവ് നികത്താന്‍ ഒരുങ്ങുകയാണ് ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയിലേക്ക് ഒരു പുതിയ ഹാച്ച്ബാക്ക് മോഡലുമായി എത്താന്‍ ഒരുങ്ങുകയാണ് ടൊയോട്ട എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ടൊയോട്ട അഗ്യ എന്നാണ് ഈ വാഹനത്തിന്‍റെ പേരെന്നും ഇതിന്‍റെ രൂപകൽപ്പനയ്ക്ക് കമ്പനി ഇന്ത്യയിൽ പേറ്റന്‍റ് നേടിയെന്നുമാണ് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൊയോട്ടയുടെ അനുബന്ധ കമ്പനിയായ ഡൈഹത്‌സു 2012 മുതൽ ഇന്തോനേഷ്യയിൽ വിൽക്കുന്ന അയ്‌ല കോംപാക്‌ട് ഹാച്ച് ബാക്കിനെയാണ് അഗ്യ എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല നിലവില്‍ അയ്‌ല കോംപാക്‌ട് ഹാച്ച് ബാക്കിനെ അഗ്യ എന്ന പേരിൽത്തന്നെ ടൊയോട്ട മറ്റ് അന്താരാഷ്ട്ര വിപണികളില്‍ കമ്പനി വിൽക്കുന്നുമുണ്ട്. 

ഒരു വർഷം മുമ്പ് ഇന്തോനേഷ്യയിൽ ടൊയോട്ട അഗ്യയുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. 1.0 G, 1.2 G, 1.2 G TRD എന്നിവ ഉൾപ്പെടെ ഒന്നിലധികം വേരിയന്‍റുകളിൽ വിൽക്കുന്നുണ്ട്. 1.0 G-യിൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ വിവിടി-ഐ എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 67 bhp കരുത്തിൽ 89 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. അഗ്യയുടെ മറ്റ് വേരിയന്റുകൾക്ക് 1.2 ലിറ്റർ നാല് സിലിണ്ടർ ഡ്യുവൽ വിവിടി-ഐ എഞ്ചിനാണ് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 88 bhp കരുത്തും 108 Nm ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്‍പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയർബോക്സ് ഓപ്ഷനുകള്‍. 

ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ്, സ്ലിക്ക് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയുള്ള ഒരു വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലിന്റെ സാന്നിധ്യവും ടൊയോട്ട അഗ്യയുടെ ഡിസൈനിംഗിലെ പ്രത്യകതകളാണ്. വാഹനം ഇന്ത്യയില്‍ എത്തുമ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാ എന്ന കാര്യം നിലവില്‍ വ്യക്തമല്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!