ലക്ഷ്യം പത്ത് ലക്ഷം ഇവി, പുത്തന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

Web Desk   | Asianet News
Published : May 18, 2021, 02:10 PM IST
ലക്ഷ്യം പത്ത് ലക്ഷം ഇവി, പുത്തന്‍ പദ്ധതിയുമായി ഹീറോ ഇലക്ട്രിക്

Synopsis

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കും ദില്ലി ആസ്ഥാനമായ ഇലക്ട്രിക് ഫ്‌ളീറ്റ് സ്റ്റാര്‍ട്ടപ്പായ മൂവിംഗും പങ്കാളിത്തം പ്രഖ്യാപിച്ചു

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കും ദില്ലി ആസ്ഥാനമായ ഇലക്ട്രിക് ഫ്‌ളീറ്റ് സ്റ്റാര്‍ട്ടപ്പായ മൂവിംഗും പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗത്തില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണമെന്ന് ബിസിനസ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2030 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുകയാണ് ഇരു കമ്പനികളും ലക്ഷ്യം വെയ്ക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ബി2ബി ഇ കൊമേഴ്‌സ് കമ്പനികള്‍, റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍, 3പിഎല്‍ കമ്പനികള്‍, എഫ്എംസിജി കമ്പനികള്‍ എന്നിവയ്ക്കായി മൂവിംഗ് തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ആയിരത്തോളം ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അണിനിരത്തും. മാത്രമല്ല, ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ലക്ഷത്തിലധികം ഐസിഇ ഇരുചക്ര വാഹനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിലും ഇരു കമ്പനികളും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന് ഹീറോ ഇലക്ട്രിക് ഉള്‍പ്പെടെയുള്ള തല്‍പ്പരകക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് മൂവിംഗ് പുതിയ സംവിധാനം സൃഷ്ടിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിക്കുന്നതിന് മൂവിംഗിനെ രാജ്യമെങ്ങുമുള്ള ശൃംഖലയിലൂടെ ഹീറോ ഇലക്ട്രിക് സഹായിക്കും. അതുകൊണ്ടുതന്നെ വില്‍പ്പനാനന്തര സേവനങ്ങള്‍ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടാകില്ല. വാഹനത്തിന്റെ പ്രകടനം, ബാറ്ററി മികവ്, മറ്റ് പരിപാലന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ഹീറോ ഇലക്ട്രിക്കുമായി മൂവിംഗ് തല്‍സമയം വിവരങ്ങള്‍ പങ്കുവെയ്ക്കും. സാങ്കേതികവിദ്യ, ഉല്‍പ്പന്നം, സേവനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് ഐസിഇ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം വിജയകരമായി പ്രവര്‍ത്തിച്ചതായി ഹീറോ ഇലക്ട്രിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. കുറഞ്ഞ ഉടമസ്ഥതാ ചെലവ് മുതല്‍ ഉയര്‍ന്ന റൈഡിംഗ് റേഞ്ച്, സര്‍ക്കാരുകളില്‍നിന്നുള്ള പ്രോത്സാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇതിന് സഹായകമായതായി അദ്ദേഹം പറഞ്ഞു. പ്രകൃതിസൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കൂടുതല്‍ കൂടുതല്‍ ബിസിനസുകള്‍ കാണുന്നതായി സോഹീന്ദര്‍ ഗില്‍ പ്രസ്താവിച്ചു. 

സുസ്ഥിര മൊബിലിറ്റി, ഡ്രൈവര്‍മാര്‍ക്ക് സുസ്ഥിര ജീവിതമാര്‍ഗം തുടങ്ങിയ വലിയ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമാണ് ഹീറോ ഇലക്ട്രിക്കുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്ന് മൂവിംഗ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വികാസ് മിശ്ര പറഞ്ഞു. ടെക്‌നോളജി പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഹീറോ ഇലക്ട്രിക്കുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് കാത്തിരിക്കുകയാണ്. ഇന്ത്യയിലെങ്ങും ലാസ്റ്റ് മൈല്‍ മൊബിലിറ്റി ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സഹകരണമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ