കട്ടപ്പുറത്തായ ആനവണ്ടികളില്‍ മീന്‍ വില്‍ക്കാന്‍ കെഎസ്ആര്‍ടിസി, ഫിഷ് ബൂത്തെന്ന് മന്ത്രി

By Prashobh PrasannanFirst Published Sep 23, 2021, 6:06 PM IST
Highlights

കെഎസ്‍ആര്‍ടിസിയുടെ (KSRTC) പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് (Fisheries Department) തയ്യാറാണെന്നും ഫിഷറീസ്  വകുപ്പ് മന്ത്രിയുമായി (Fisheries Department MInister) ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

തിരുവനന്തപുരം: കണ്ടം ചെയ്‍ത കെഎസ്‍ആര്‍ടിസി (KSRTC) ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju). കെഎസ്‍ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് (Fisheries Department)  തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി (Fisheries Department MInister) ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ആന്‍റണി രാജു (Antony Raju) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് (Asianet News Online) പറഞ്ഞു. 

ഇക്കാര്യത്തില്‍ ഗതാഗതവകുപ്പും ഫിഷറീസ് വകുപ്പും തമ്മില്‍ തീരുമാനമെടുത്തു കഴിഞ്ഞു. പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗതാഗതവകുപ്പും ഫിഷറീസും യോജിച്ച് പ്രവര്‍ത്തിക്കും. പദ്ധതി ചെലവിനെ സംബന്ധിച്ച് ഇരുവകുപ്പുകളും തമ്മില്‍ ഉടന്‍ ധാരണയില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

മത്സ്യവുമായി ബസ് ഓടണമെന്ന ധാരണ തെറ്റാണ്. ഷോപ്‍സ് ഓണ്‍ വീല്‍സ് മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ഫിഷ് ഓണ്‍ വീല്‍സ് എന്ന രീതിയില്‍ പല പോയിന്റുകളിലും മത്സ്യവുമായി ബസുകള്‍ കിടക്കും. കട്ടപ്പുറത്തുള്ള ബസുകളെ സീറ്റുകള്‍ അഴിച്ചുമാറ്റി പ്രത്യേകമായി മോഡിഫൈ ചെയ്‍താണ് ഇതിന് ഉപയോഗിക്കുക. ഇപ്പോള്‍ പഴയ ബസുകള്‍ മില്‍മ ബുത്തുകള്‍ പോലെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഫിഷ് ബൂത്തുകളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. 

മത്സ്യവില്‍പ്പനയ്ക്കുള്ള പോയിന്റുകള്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി തെരുവോരങ്ങളിലെ മത്സ്യ വില്‍പ്പന നിരുത്സാഹപ്പെടുത്താനും മത്സ്യ വില്‍പ്പനക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സൌകര്യത്തിനും പ്രധാന്യം നല്‍കിയാണ് പദ്ധതിയെന്നും പറഞ്ഞു. മത്സ്യ വില്‍പ്പനക്കാര്‍ക്ക് മത്സ്യം വിറ്റ് മടങ്ങാം.  മഴയും വെയിലും കൊള്ളാതെ വില്‍ക്കാമെന്നതും വാങ്ങുന്നവര്‍ക്കും ഈ പദ്ധതി ഏറെ സൌകര്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കെഎസ്ആർടിസി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകളുടെ എതിര്‍പ്പ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആന്‍റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. തദ്ദേശവകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ മന്ത്രി തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇനി തദ്ദേശസ്വയംഭരണ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അവര്‍ തയ്യാറായാല്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്നും തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കുമെന്നും ആന്‍റണി രാജു വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!