പഴയ വണ്ടി പൊളിച്ച് പുതിയത് വാങ്ങിയാല്‍ നികുതിയില്‍ വന്‍ ഇളവ്!

By Web TeamFirst Published Apr 11, 2021, 11:02 AM IST
Highlights

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ വമ്പന്‍ ഇളവ്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. 

സ്‌ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ കാര്യമായ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതി ഇളവ് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍.  മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ്പേജ് നീക്കം. കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും  ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

click me!