സുരക്ഷിത യാത്ര, കാറുകളില്‍ സുരക്ഷാ കോക്ക്‍പിറ്റുകളുമായി യൂബര്‍

By Web TeamFirst Published Jul 22, 2020, 4:34 PM IST
Highlights

യാത്രികരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷയ്ക്കായി 20,000 പ്രീമിയര്‍ സെഡാനുകളില്‍ സുരക്ഷാ കോക്ക്‍പിറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍. 

കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്ത് യാത്രികരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷയ്ക്കായി 20,000 പ്രീമിയര്‍ സെഡാനുകളില്‍ സുരക്ഷാ കോക്ക്‍പിറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍. 

മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ഊബര്‍ മെഡിക്ക് കാറുകളില്‍ സുരക്ഷാ കോക്ക്‍പിറ്റുകള്‍ സ്ഥാപിച്ച ഊബര്‍ ഇതിനകം 8000 കാറുകളില്‍ ഇവ ഫിറ്റ് ചെയ്തിട്ടുണ്ട്. ഈ സുരക്ഷാ കോക്ക്പിറ്റുകളുടെ ഇന്‍സ്റ്റാളേഷന്‍ ചെലവ് യൂബര്‍ വഹിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

യാത്രക്കാരനും ഡ്രൈവര്‍ക്കും ഇടയില്‍ താഴെ നിന്നും മുകളിലോട്ട് സീല്‍ ചെയ്യുന്ന സുതാര്യമായ പ്ലാസ്റ്റിക് മറ സ്ഥാപിക്കുന്നതാണ് സുരക്ഷാ കോക്ക്പിറ്റ്. കാറിനുള്ളില്‍ സാമൂഹ്യ അകലം നിലനിര്‍ത്തുന്നു. അണുക്കളുടെ വ്യാപനം തടയുന്നു.
സമ്പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ യൂബര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും അതുകൊണ്ടു തന്നെ യാത്രക്കാരന്റെയും ഡ്രൈവര്‍മാരുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ സാധ്യമായ കരുതലുകളെല്ലാം സ്വീകരിക്കുന്നുണ്ടെന്നും സാങ്കേതിക വിദ്യയും ആഗോള പരിചയവും ഉപയോഗിച്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച അനുഭവം പകരുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും യൂബര്‍ ഇന്ത്യ, ദക്ഷിണേഷ്യ സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

ദക്ഷിണേഷ്യയിലെ 70 നഗരങ്ങളില്‍ സര്‍വീസ് പുനരാരംഭിച്ചതു മുതല്‍ ഊബര്‍ തെരഞ്ഞെടുക്കപ്പെട്ട സജീവ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും മറ്റും വിതരണം ചെയ്തു വരുന്നുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, വാഹനം അണുവിമുക്തമാക്കുന്നതിനുള്ള സാധനങ്ങള്‍ തുടങ്ങിയവയെല്ലാം നല്‍കുന്നുണ്ട്. അഞ്ചു കോടി ഡോളറിന്റെ സാമഗ്രികളാണ് ഊബര്‍ വാങ്ങിയത്. കൂടാതെ 30 ലക്ഷം മാസ്‌ക്കുകളും 12 ലക്ഷം ഷവര്‍ കാപ്പുകളും മോട്ടോ റൈഡര്‍മാര്‍ക്ക് നല്‍കി. രണ്ടു ലക്ഷം അണുനാശിനി ബോട്ടിലുകള്‍, രണ്ടു ലക്ഷം സാനിറ്റൈസറുകള്‍ എന്നിവയും ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.

സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതോടൊപ്പം നിരവധി സുരക്ഷാ നടപടികളും യൂബര്‍ കൈക്കൊണ്ടു. ഗോ ഓണ്‍ലൈന്‍ ചെക്ക്‌ലിസ്റ്റ്, റൈഡിനു മുമ്പ് സെല്‍ഫിയിലൂടെ നിര്‍ബന്ധ മാസ്‌ക് പരിശോധന, കോവിഡ്-19മായി ബന്ധപ്പെട്ട റോഡ് പ്രോട്ടോകോളുകളെക്കുറിച്ച് ബോധവല്‍ക്കരണം, സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് റദ്ദാക്കാനുള്ള പുതുക്കിയ കാന്‍സലേഷന്‍ പോളിസി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

click me!