Tesla Dynamite : തകരാറോട് തകരാര്‍,കാറും കമ്പനി മുതലാളിയുടെ ഡമ്മിയും ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു!

By Web TeamFirst Published Dec 19, 2021, 1:31 PM IST
Highlights

വാഹനത്തിന്‍റെ തകരാറില്‍ മനം മടുത്തു. കമ്പനി മുതളായുടെ പാവയുടെ ഒപ്പം കാറിനെ ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു

പുതുമകളുടെ കാര്യത്തിലും പുതിയ, അതുല്യമായ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലും അമേരിക്കന്‍ (US Vehicle Company) ഇലക്ട്രിക്ക് വാഹന ഭീമന്മാരയ ടെസ്‌ല (Tesla) വാഹന ലോകത്തെ സൂപ്പര്‍ കമ്പനിയാണ്. എങ്കിലും, സോഫ്റ്റ്‌വെയർ തകരാറുകൾ, തെറ്റായ ഓട്ടോപൈലറ്റ് സെമി-ഓട്ടോണമസ് ഡ്രൈവർ-അസിസ്റ്റ് സിസ്റ്റം (Semi Autonomus Driver Assist System) തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ പേരിൽ അടുത്തകാലത്തായി ഈ ഓട്ടോ-ടെക് കമ്പനി വിവിധ കോണുകളിൽ നിന്ന് വിമർശനം നേരിട്ട് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തകരാറില്‍ മനം മടുത്ത് ഒരു ടെസ്‍ല ഉടമ തന്റെ വിലകൂടിയ വാഹനത്തെ ഡൈനാമിറ്റ് വച്ച് തകര്‍ത്തിരിക്കുന്ന വാര്‍ത്തയാണ് വൈറലാകുന്നത്.

അസംതൃപ്‍തനായ ടെസ്‍ല ഉടമ തന്‍റെ ഇലക്ട്രിക് സെഡാൻ 30 കിലോ ഡൈനാമിറ്റ് ഉപയോഗിച്ച് പൊട്ടിച്ചാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  2013 ലെ ടെസ്‌ല മോഡൽ എസ് ഉടമയായ ഫിന്‍ലന്‍ഡുകാരന്‍ ടുമാസ് കറ്റൈനൻ എന്നയാളാണ് കാറിനോടും ഇവി കമ്പനിയുടെ സേവനത്തോടുമുള്ള തന്‍റെ നിരാശ പ്രകടിപ്പിക്കാന്‍ ഈ കടുംകൈ ചെയ്‍തത്. ടെസ്‍ല സിഇഒ ഇലോണ്‍ മസ്‍കിന്‍റെ പാവയെയും വാഹനത്തിനൊപ്പം പൊട്ടിച്ചെന്നാണ്  ഇന്‍സൈഡ് ഇവി എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്. 

മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം

ടുമാസ് കറ്റൈനിന്‍റെ ടെസ്‌ല മോഡൽ എസിന് ആദ്യ കാലത്ത് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട് ഉടമ പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങി. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ദൃശ്യമാകുന്ന ഒന്നിലധികം പിശക് കോഡുകൾ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, സെഡാൻ ടെസ്‌ല സർവീസ് സെന്‍ററിലേക്ക് നിരവധി തവണ കൊണ്ടുപോകേണ്ടി വന്നു. 

ഒരു മാസത്തിന് ശേഷം, ഉടമയ്ക്ക് EV കമ്പനിയിൽ നിന്ന് വിവരം ലഭിച്ചു. മുഴുവൻ ബാറ്ററി പാക്കും മാറ്റാതെ സെഡാൻ ശരിയാക്കാൻ കഴിയില്ലെന്നായിരുന്നു കമ്പനി പറഞ്ഞത്. ഇതിന് ഉടമയ്ക്ക് 22,480 ഡോളറോളം ചിലവ് വരും. കാറിന് എട്ടുവർഷത്തോളം പഴക്കമുള്ളതിനാൽ വാറന്റി ലഭ്യമായിരുന്നില്ല. മാത്രമല്ല അതുമായി ബന്ധപ്പെട്ട മറ്റ് ചിലവുകളും ഉണ്ടായിരുന്നു. അതിനാൽ, നിരാശനായ ടെസ്‌ല ഉടമ ഡൈനാമൈറ്റ് ഉപയോഗിച്ച് കാർ പൊട്ടിത്തെറിപ്പിച്ച് കളയാന്‍ തീരുമാനിക്കുകയായിരുന്നു. 

വണ്ടി ഫാക്ടറിയില്‍ പീഡനശ്രമം, ഈ കമ്പനിക്കെതിരെ പരാതിയുമായി വീണ്ടുമൊരു തൊഴിലാളി യുവതി

സ്‍ഫോടനത്തിനായി ഒരു ഒഴിഞ്ഞ ക്വാറിയാണ് ടെസ്‍ല ഉടമയും സംഘവും തെരെഞ്ഞെടുത്തത്. സ്ഫോടനത്തിന്  മുമ്പ് അദ്ദേഹവും സംഘവും ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ ഒരു പാവയെയും കാറിനുള്ളിൽ വച്ചിരുന്നു. തുടര്‍ന്ന് ഡൈനാമിറ്റുകള്‍ ഘടിപ്പിച്ച് കാര്‍ പൊട്ടിച്ചു കളയുകയായിരുന്നു. 

സ്‌ഫോടനത്തിൽ കാറിന്റെ ഏതാനും ഭാഗങ്ങൾ മാത്രം അവശേഷിച്ചു. എന്നിരുന്നാലും, സ്‌ഫോടനത്തിന്റെ ഫലത്തിൽ ഉടമ സംതൃപ്തനാണെന്ന് തോന്നുന്നു. ഒരു ടെസ്‌ല കാർ പൊട്ടിത്തെറിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

ഈ കഥയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായേക്കാമെങ്കിലും, വാറന്റി കാലയളവ് അവസാനിച്ചതിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പരിപാലനച്ചെലവ് എന്ന ആശങ്കയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. 

അതേസമയം ടെസ്‍ലയുടെ ഇന്ത്യന്‍ പ്രവേശനത്തിനുള്ള ഒരുക്കം നടന്നുകൊമ്ടിരിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ നാല് പുതിയ മോഡലുകൾക്ക് ടെസ്‌ലയ്ക്ക് അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞദിവസം, ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ മൂന്ന് മോഡലുകൾക്ക് കൂടി ലോഞ്ചിംഗിന് അനുമതി ലഭിച്ചു. 

ടെസ്‌ലയുടെ നികുതിയിളവ് ആവശ്യം, ഉടൻ തീരുമാനമുണ്ടാകുമെന്ന് നിതി ആയോഗ് സിഇഒ

ഇതോടെ ഇപ്പോൾ ടെസ്‌ലയ്ക്ക് ആകെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾക്ക് അനുമതി ലഭിച്ചു. അതേസമയം ഈ വാഹനങ്ങൾ ഏതൊക്കെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. പക്ഷേ അവ മോഡൽ 3, ​​മോഡൽ Y എന്നിവയുടെ വ്യത്യസ്‍ത വകഭേദങ്ങളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങളും ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

click me!