Latest Videos

സ്‍ത്രീധന വണ്ടി വെടക്കാക്കിയ വടക്കന്‍ ഭാര്യവീട്ടീല്‍ നിന്ന് ഔട്ടായി!

By Prashobh PrasannanFirst Published Jun 26, 2021, 9:30 AM IST
Highlights

വിവാഹത്തിനു മുമ്പുള്ള വണ്ടിക്കച്ചവടങ്ങള്‍. അമ്പരപ്പിക്കുന്ന കഥകള്‍ നിറഞ്ഞ പരമ്പരയുടെ അവസാനഭാഗം

സ്വിഫ്റ്റ് മുതല്‍ മുകളിലേക്കുള്ള വാഹനങ്ങള്‍ക്കാണ് വിവാഹ കമ്പോളത്തില്‍ കൂടുതല്‍ പ്രിയമെന്നാണ് കാസര്‍ഗോഡ് ജില്ലയിലെ ഒരു മാരുതി ഷോറൂമിലെ ജീവനക്കാരന്‍ പറയുന്നത്. ഫുള്‍ ഓപ്‍ഷന്‍ കാറുകള്‍ക്കാണ് വടക്കന്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നും കൂടുതല്‍ വിലപേശലൊന്നുമില്ലാതെ കച്ചവടം നടക്കുമെന്നും ഈ ഭാഗത്തെ ഷോറൂം ജീവനക്കാരും മറ്റും സാക്ഷ്യപ്പെടുത്തുന്നു.

വിവാഹ സമ്മാനം കിട്ടിയ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ പോകാനാകാതെ വിഷമിച്ച ഒരു യുവാവിനെ കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ വാഹന ഷോറൂമിലെ സര്‍വ്വീസ് വിഭാഗം ജീവനക്കാരന്‍ ഓര്‍ക്കുന്നുണ്ട്. വണ്ടി നന്നാക്കി കിട്ടാതെ ഭാര്യാവീടിന്‍റെ മുറ്റത്ത് തനിക്ക് കാലുകുത്താനാകില്ലെന്നും ഭാര്യയെ കാണാനാകില്ലെന്നുമുള്ള നിലവിളിയുമായി മൂന്നാഴ്‍ചയോളമാണ് ആ ഭര്‍ത്താവ് വര്‍ക്ക് ഷോപ്പില്‍ കയറിയിറങ്ങിയത്!

"പെണ്ണുകാണലിനെ വെല്ലും പയ്യന്‍റെ വണ്ടികാണല്‍.." കല്യാണക്കമ്പോളത്തിലെ വണ്ടിക്കച്ചവടങ്ങള്‍!

ചിലര്‍ പയ്യന്‍റെ പേരിലാകും വണ്ടി രജിസ്റ്റര്‍ ചെയ്‍ത് നല്‍കുക. എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും മകളുടെ പേരിലായിരിക്കും രജിസ്ട്രേഷന്‍ നടത്തുകയെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരില്‍ വണ്ടി വാങ്ങുന്നതിനെയാണ് തങ്ങളും പ്രോത്സാഹിപ്പിക്കുന്നതെന്നും മിക്ക ഷോറൂം ജീവനക്കാരും പറയുന്നു. എന്നാല്‍ സ്വന്തം പേരില്‍ തന്നെ വണ്ടി വാങ്ങി നല്‍കുന്ന രക്ഷിതാക്കളും ഉണ്ട്. സിസിയിട്ട് വണ്ടി വാങ്ങുന്നവരാണ് ഇങ്ങനെ ചെയ്യുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇത് മറ്റൊരു പ്രശ്‍നത്തിലേക്കാണ് നയിക്കുന്നത്. ഭാര്യാപിതാവിന്‍റെ പേരില്‍ വാങ്ങിയ  മിഡില്‍ ഓപ്‍ഷന്‍ വണ്ടി അപ്‍ഗ്രേഡ് ചെയ്യാന്‍ പിന്നീട് ഭര്‍ത്താവിന് മോഹമുദിച്ചാല്‍ ഒപ്പം കുടുംബത്തില്‍ പ്രശ്‍നവും തുടങ്ങും. കാരണം സിസിയുള്ള വാഹനം എളുപ്പത്തില്‍ വില്‍ക്കാനാവില്ല എന്നത് തന്നെ.

"അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ കൂടി വരികയാണ്. വാഹനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വിസ്‍മയക്കേസില്‍ ഒരു പ്രധാന പ്രശ്‍നമായി കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ വിസ്‍മയയുടെ കാര്യത്തില്‍ സംഭവിച്ചതും ഏറെക്കുറേ ഇതൊക്കെത്തന്നെയായിരിക്കണം.."

തലസ്ഥാന നഗരിയിലെ ഷോറൂം ജീവനക്കാരന്‍ വിശദീകരിക്കുന്നു.

"വിസ്‍മയയുടെ ഭര്‍ത്താവിന് ഭാര്യാപിതാവ് വാങ്ങി നല്‍കിയെന്ന് പറയുന്ന ടൊയോട്ട യാരിസ് റീ സെയില്‍ വാല്യു അല്‍പ്പം കുറവുള്ള മോഡലാണ്. പുതിയ വണ്ടിക്ക് മുടക്കിയ ഓണ്‍ റോഡ് വിലയില്‍ നിന്ന് ഒരു മൂന്നുലക്ഷം രൂപയെങ്കിലും അതിന് ഒറ്റയടിക്ക് കുറയും.. അതായത് ഈ വണ്ടി മാറ്റി ഇഷ്‍ടപ്പെട്ട പുതിയതൊന്ന് വാങ്ങണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും വീണ്ടും മുടക്കണമെന്ന് ചുരുക്കം.. അതുകൊണ്ടായിരിക്കണം ആര്‍ത്തിക്കാരനായ കിരണ്‍ വണ്ടി വിറ്റ് പണം തന്നാല്‍ മതിയെന്ന് പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ചത്.."

വണ്ടികാണലൊരു ചടങ്ങാണ് സാറേ..

ദിവസങ്ങള്‍ക്കകം എക്സ്‍ചേഞ്ച്, ഓണര്‍ഷിപ്പ് മാറ്റം
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകം പുത്തന്‍ വാഹനം എക്സ്ചേഞ്ച് ചെയ്യാന്‍ എത്തുന്നവരും ഉണ്ട്. അടുത്തിടെ, വിവാഹം കഴിഞ്ഞ് നാലാം ദിവസം 11 ലക്ഷം രൂപ വില വരുന്ന ഒരു ജനപ്രിയ മോഡലിനെ എക്സ്‍ചേഞ്ച് ചെയ്യാനെത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കവടിയാറിലെ ഒരു ഡീലര്‍ഷിപ്പുകാര്‍ ഓര്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ള എക്സ്‍‌ചേഞ്ച് കച്ചവടത്തില്‍, അതുവരെ ഭാര്യയുടെ പേരിലായിരുന്നു വാഹനമെങ്കില്‍ പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുക ഭര്‍ത്താവിന്‍റെ പേരിലായിരിക്കുമെന്നതും കൌതുകകരമായ കാര്യമാണ്.

വിവാഹത്തിന് മുന്നേതന്നെ, പെണ്‍വീട്ടുകാര്‍ നല്‍കുന്ന പണത്തിനൊപ്പം സ്വന്തം കയ്യില്‍ നിന്നുകൂടി പണമിറക്കി തനിക്ക് ഇഷ്‍ടമുള്ള മോഡല്‍ തന്നെ സ്വന്തമാക്കുന്ന യുവാക്കളും ഉണ്ട്. ഭാര്യാവീട്ടുകാരുമായുള്ള വരന്‍റെ രഹസ്യധാരണയുടെ പുറത്തായിരിക്കും ഇത്. ഭാര്യയുടെ പേരിലാണ് വണ്ടിയെങ്കിലും പലപ്പോഴും പയ്യന്‍റെ വീട്ടുകാര്‍ അറിയാതെയായിരിക്കും ഈ ഇടപാട്.  ഭാവിയില്‍ ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‍നം ഉണ്ടായാല്‍ അത് അതീവ ഗുരുതരമാകാന്‍ ഈ ഒരൊറ്റക്കാരണം മതിയെന്നതിന് കൊല്ലത്തെ ഒരു ഷോറൂം ജീവനക്കാരന്‍ നിരവധി തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആക്സസറികളിലെ വില പേശല്‍

പെട്രോള്‍ മോഡലുകള്‍ തിരഞ്ഞെടുക്കാനാണ് പലപ്പോഴും പെണ്‍വീട്ടുകാര്‍ താല്‍പ്പര്യപ്പെടുകയെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. വിലക്കുറവ് തന്നെയാണ് പ്രധാനകാരണം. എന്നാല്‍ പല ഷോറൂം ജീവനക്കാരും ഡീസല്‍ വണ്ടികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മൈലേജ് തന്നെയാണ് ഇതിന് പ്രധാനകാരണമായി അവര്‍ പറയുന്നത്. 100ല്‍ 80 പേരും തങ്ങളുടെ വാക്കുകള്‍ അനുസരിക്കാറുണ്ടെന്നും ജീവനക്കാരില്‍ പലരുടെയും അനുഭവത്തിന്‍റെ വെളിച്ചം. വിസ്‍മയയുടെ പിതാവ് വാങ്ങി നല്‍കിയ ടൊയോട്ട യാരിസിന് പെട്രോള്‍ വകഭേദം മാത്രമേ വിപണിയിലുള്ളൂ എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. 

ടെക്കികളുടെ പ്രണയവിവാഹം, സ്‍ത്രീധന തര്‍ക്കത്തിനൊടുവില്‍ കീറിയത് സെയില്‍സ്‍മാന്‍റെ കീശ!

കല്യാണ മണ്ഡപത്തിനു മുന്നിലെ അഭ്യാസങ്ങള്‍
വിവാഹ ദിവസം ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കറൊട്ടിച്ച വാഹനം അലങ്കരിച്ച് കല്യാണ മണ്ഡപത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും പരസ്യമായി താക്കോല്‍ കൈമാറുന്നതുമൊക്കെ അടുത്തകാലത്തായി പതിവാണ്. എന്നാല്‍ ലോണ്‍ പാസായി ഫണ്ട് റിലീസാകുന്നതിലെ പ്രശ്‍നങ്ങളും മറ്റും നിമിത്തം ബുക്ക് ചെയ്‍ത വണ്ടികള്‍ വിവാഹ ദിവസം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പകരം വണ്ടി നല്‍കി എല്ലാവരുടെയും ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്ന കലാപരിപാടികളും പല ഷോറൂമുകാരും നടത്താറുണ്ട്. ചിലപ്പോള്‍ ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന വണ്ടിയായിരിക്കും നാട്ടുകാരെ ബോധിപ്പിക്കാന്‍ ഇങ്ങനെ ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കറോക്കെ ഒട്ടിച്ച് കല്യാണ മണ്ഡപത്തിന് മുന്നില്‍ കൊണ്ടിടുന്നത്. സെയില്‍സ്‍മാന്‍മാരുടെ സുഹൃത്തുക്കളുടെ വാഹനങ്ങളും ഇത്തരം പ്രദര്‍ശനങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ചിലപ്പോള്‍ വിവാഹം കഴിഞ്ഞ് വൈകുന്നേരം സെയില്‍സ്‍മാന്‍ വരന്‍റെ വീട്ടിലെത്തി പകരം വാഹനം നല്‍കി ഈ വണ്ടി തിരികെയെടുക്കും. വീട്ടിലെ പോര്‍ച്ചില്‍ മൂന്നുംനാലും വണ്ടികള്‍ നിരന്നുകിടക്കുമ്പോഴും പുതിയ വണ്ടിയുടെ ഡെലിവറി നടക്കുന്നതുവരെ ഇങ്ങനെ പല വാഹനങ്ങളും മാറിമാറി ഉപയോഗിക്കാറുണ്ട് പല ദമ്പതികളുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.

"വിവാഹ മണ്ഡപത്തിനു മുന്നില്‍ കിടക്കുന്ന വിവാഹ സമ്മാനമായ വണ്ടിയെ നോക്കി നാട്ടുകാര്‍ അഭിപ്രായം പറഞ്ഞതുകൊണ്ടു മാത്രം കുടുംബം കലങ്ങിയവരുണ്ട്. വേരിയന്റുകളെപ്പറ്റിയുള്ള നാട്ടുകാരുടെ അഭിപ്രായമാണ് അടുത്തിടെ ഒരു പയ്യനെ ചൊടിപ്പിച്ചത്.. സ്‍ത്രീധന വണ്ടിയെപ്പറ്റിയുള്ള ബന്ധുക്കളുടെ അഭിപ്രായങ്ങളും ബന്ധങ്ങളെ ഉലയ്ക്കാറുണ്ട്. എന്നാല്‍ അള്‍ട്ടോ കിട്ടിയാല്‍പ്പോലും തൃപ്‍തിപ്പെടുന്നവരും ഉണ്ട്.."  തലസ്ഥാനത്തെ ഷോറൂം ജീവനക്കാരിലൊരാള്‍ ചിരിച്ചുകൊണ്ട് പറയുന്നു.

വിസ്‍മയക്കേസുമായി ബന്ധപ്പെട്ട് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് ആ കാര്‍ ഒരു തൊണ്ടിമുതലായി മാറിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം കുറവന്‍കോണത്തെ ഒരു പ്രമുഖ കാര്‍ ഷോറൂമില്‍ എത്തിയ വിവാഹം ഉറപ്പിച്ച ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ സെയില്‍സ് എക്സിക്യൂട്ടീവിനോട് ചോദിച്ചത് ഇങ്ങനെയാണ്: 

"പയ്യന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ നമ്മളായിട്ട് കൊടുക്കണം. അവന് ഡ്രൈവിംഗ് അറിയില്ല. എങ്കിലും കുറെ സ്വര്‍ണവും 10 ലക്ഷത്തിന്‍റെ ഒരു കാറും കൊടുക്കാമെന്ന് കരുതുന്നു. അഞ്ച് ലക്ഷം റെഡി ക്യാഷ് തന്നാല്‍ ഉടനെ വണ്ടി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്..?"

(അവസാനിച്ചു)

click me!