കച്ചവടമില്ല, ആശങ്കയില്‍ വണ്ടിക്കമ്പനികള്‍

By Web TeamFirst Published Mar 14, 2020, 3:14 PM IST
Highlights

രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. 2020 ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. 

രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. 2020 ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ്‌ (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ മൊത്തം വാഹന വില്‍പ്പന 16,46,332 യൂണിറ്റായിരുന്നു. 2019 ഫെബ്രുവരിയില്‍ ഇത് 20,34,597 യൂണിറ്റായിരുന്ന സ്ഥാനത്താണ് ഇത്.

കാര്‍ വില്‍പ്പന കഴിഞ്ഞ മാസം 8.77 ശതമാനം ഇടിഞ്ഞ് 1,56,285 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍  1,71,307 യൂണിറ്റായിരുന്നു. ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന ഫെബ്രുവരിയില്‍ 7.61 ശതമാനം താഴ്ന്ന് 2,51,516 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 2,72,243 യൂണിറ്റായിരുന്നു.

വിപണിയിലെ ഒന്നാമനായ മാരുതി സുസുക്കി ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 2.34 ശതമാനം കുറഞ്ഞ് 1,33,702 യൂണിറ്റായി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടേത് 7.19 ശതമാനം ഇടിഞ്ഞ് 40,010 യൂണിറ്റായി.15,644 യൂണിറ്റുകള്‍ വിറ്റഴിച്ച് കിയ മോട്ടോഴ്സ് മൂന്നാം സ്ഥാനത്തെത്തി.

വ്യാവസായിക ഉപയോഗത്തിനുള്ള വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ 40.4 ശതമാനവും, വില്‍പ്പനയില്‍ 28 ശതമാനവും ഇടിവുണ്ടായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉപഭോക്തൃ ആവശ്യം താഴ്ന്നതോടെ ഇരുചക്ര വാഹന ഉല്‍പ്പാദനം 19.8% കുറഞ്ഞു.  

ഫെബ്രുവരിയില്‍ മൊത്തം ഇരുചക്രവാഹന വില്‍പ്പന 19.82 ശതമാനം ഇടിഞ്ഞ് 12,94,791 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16,14,941 യൂണിറ്റായിരുന്നു. ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞ മാസം 4,80,196 യൂണിറ്റ് വിറ്റഴിച്ചു. 20.05 ശതമാനം ഇടിവ്. ഹോണ്ട  22.83 ശതമാനം ഇടിവ് രേഖപ്പെടുത്തി 3,15,285 യൂണിറ്റായി.ടിവിഎസ് യൂ വീലര്‍ വില്‍പ്പന 26.73 ശതമാനം ഇടിഞ്ഞ് 1,69,684 യൂണിറ്റിലെത്തി.

കഴിഞ്ഞ മാസം മൊത്തത്തില്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 22.02 ശതമാനം ഇടിഞ്ഞ് 8,16,679 യൂണിറ്റായി. മുന്‍ വര്‍ഷം ഇത് 10,47,356 യൂണിറ്റായിരുന്നു. സ്‌കൂട്ടര്‍ വില്‍പ്പന 14.27 ശതമാനം കുറഞ്ഞ് 4,22,310 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 4,92,584 യൂണിറ്റ് വിറ്റിരുന്നു.

ഫെബ്രുവരിയില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 32.9 ശതമാനം ഇടിഞ്ഞ് 58,670 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 87,436 യൂണിറ്റായിരുന്നു വില്‍പ്പന.

സാമ്പത്തിക മാന്ദ്യത്തിനു പുറമേ ബിഎസ്-6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും വിപണിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പറയുന്നു. 

ബിഎസ്-6 വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ മാര്‍ച്ച് അവസാനം വരെ കാത്തിരിക്കുന്നതും ഫെബ്രുവരിയില്‍ വില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ടെന്ന് സിയാം പ്രസിഡന്റ് രാജന്‍ വധേര  പറഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ നിന്നുള്ള സപ്ലൈ ചെയിനുകളില്‍ വന്ന തടസ്സം ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!