ഡ്രൈവിംഗ് സ്‍കൂളില്‍ കണ്ടത് ആര്‍ടിഒയിലെ ഡ്യൂട്ടി ചാര്‍ട്ടും 22 രേഖകളും, അമ്പരന്ന് വിജിലന്‍സ്!

By Web TeamFirst Published Oct 21, 2021, 9:39 PM IST
Highlights

സമാന്തര ആര്‍ടിഒയ്ക്ക് സമാനമായിരുന്നു ഈ ഡ്രൈവിംഗ് സ്‍കൂളിന്‍റെ പ്രവര്‍ത്തനം എന്നാണ് വിവരം. ആര്‍ടിഒ ഓഫിസിലെ ഔദ്യോഗിക ഇ-മെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഈ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ഇടനിലക്കാരും  വിവരങ്ങൾ കൈകാര്യം ചെയ്യുന്നതായും സംശയിക്കുന്നുണ്ട്. 

പയ്യന്നൂര്‍: പയ്യന്നൂര്‍ റീജിനല്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് ഓഫീസിലെ (Regional Transport Office Payyanur) ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൈക്കൂലി കേസില്‍ എഎംവിഐയുടെ (AMVI) അറസ്റ്റിന് പിന്നാലെ പ്രദേശത്തെ ഒരു ഡ്രൈവിംഗ് സ്‌കൂളിൽ (Driving School) നടത്തിയ പരിശോധനയില്‍ വിജിലൻസ് (Vigilance) സംഘം അമ്പരപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. 

മോട്ടോര്‍വാഹന വകുപ്പിലെ (MVD) ഉദ്യോഗസ്ഥരുടെ രഹസ്യ\സ്വഭാവമുള്ള രേഖയായ ഡ്യൂട്ടി ചാര്‍ട്ട് (Duty Chart) ഡ്രൈവിംഗ് സ്‍കൂളില്‍ നിന്ന് ലഭിച്ചു. പിലാത്തറ (Pilathara) ചുമടുതാങ്ങിയിലെ (Chumaduthangi) ഒരു ഡ്രൈവിംഗ് സ്‍കൂളില്‍ നിന്നാണ് ഈ രേഖകള്‍ പിടിച്ചെടുത്തത്. സസ്‍പെന്‍ഷനിലായ എഎംവിഐ പി വി പ്രസാദിന് ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. 

സമാന്തര ആര്‍ടിഒയ്ക്ക് സമാനമായിരുന്നു ഈ ഡ്രൈവിംഗ് സ്‍കൂളിന്‍റെ പ്രവര്‍ത്തനം എന്നാണ് വിവരം. ആര്‍ടിഒ ഓഫിസിലെ ഔദ്യോഗിക ഇ-മെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഈ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ഇടനിലക്കാരും  വിവരങ്ങൾ കൈകാര്യം ചെയ്യുന്നതായും സംശയിക്കുന്നുണ്ട്. 22 ഓളം രേഖകളാണ് ഈ ഡ്രൈവിംഗ് സ്‍കൂളില്‍ നിന്നും പിടിച്ചെടുത്തത്. ഈ രേഖകളിലാണ് അന്വേഷണത്തിന് വഴിത്തിരിവാകുന്ന ഉദ്യോഗസ്ഥന്‍റെ ഡ്യൂട്ടി ചാര്‍ട്ടും ഉള്ളത്. 

അറസ്റ്റിലായ എഎംവിഐ പി വി പ്രസാദിന്‍റെ ഒക്ടോബര്‍ ഒന്നുമുതല്‍ 31 വരെയുള്ള ഡ്യൂട്ടി ചാര്‍ട്ടാണ് ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ജോലി ചെയ്യുന്ന ടൂ വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍, ഡ്രൈവിംഗ് ടെസ്റ്റ്, രജിസ്ട്രേഷന്‍, ഫിറ്റ്‍നെസ്, എന്‍ഫോഴ്‍സ്‍മെന്‍റ് എന്നിവയുടെ ദിവസങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ഡ്യൂട്ടി ചാര്‍ട്ടാണിത്. ഈ ഡ്രൈവിഗ് സ്‍കൂളില്‍ ഇയാള്‍ പതിവ് സന്ദര്‍ശകനായിരുന്നുവെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം. 

പിലാത്തറയിലെ ഈ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനായിരുന്നു പിടിയിലായ എഎംവിഐയുടെ പണമിടപാടിന്‍റെ ഇടനിലക്കാരന്‍. ഓരോ ദിവസത്തേയും പണം കണക്കൂകൂട്ടി വൈകുന്നേരം എഎംവിഐയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ പതിവ്. ടെസ്റ്റ് ഗ്രൗണ്ടില്‍ എഎംവിഐയുടെ വാലായി സദാസമയവും പരസ്യമായി പിരിവു നടത്തിയിരുന്ന ഇയാള്‍ നേരത്തെ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചനകള്‍. കൂടാതെ എഎംവിഐയുമായി അവിഹിത ഇടപാടുകള്‍ നടത്തിയിരുന്ന തളിപ്പറമ്പിലെയും പയ്യന്നൂരിലെയും ചില എജന്റുമാരും ഡ്രൈവിംഗ് സ്‍കൂള്‍ ഉടമകളും നിരീക്ഷണത്തിലാണ്.

അതേസമയം, പയ്യന്നൂർ ജോയിന്റ് ആർടിഒ ഓഫിസിൽ കൈക്കൂലി വാങ്ങുന്നതിന്‍റെ കൂടുതൽ പരാതികൾ വിജിലൻസിനു മുന്നിലെത്തി. ആർസി ഉടമസ്ഥാവകാശം മാറ്റുന്നതിന് ഏജന്റുമാർ മുഖേന 1500 രൂപ വാങ്ങിയിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കാറിന്‍റെ ആർസി ബുക്ക് മാറ്റാൻ 400 രൂപയാണ് ഓൺലൈനായി അടയ്ക്കേണ്ടത്. എന്നാൽ, ഇതടച്ചു രേഖകൾ ഓഫിസിൽ ഹാജരാക്കിയാൽ പല കാരണങ്ങൾ പറഞ്ഞു മ‌ടക്കുന്നതായി പരാതിയുണ്ട്. ഏജൻസിക്കു പണം കൊടുത്താൽ എളുപ്പത്തിൽ ഇതു മാറ്റിക്കിട്ടുന്നു. ആവശ്യത്തിനു ജീവനക്കാരില്ലെന്ന് പറഞ്ഞ് ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കാതെ വൈകിക്കുമ്പോൾ ലൈസൻസ് പുതുക്കേണ്ടവർ പണവുമായി ഏജൻസികളുടെ പിറകെ പോകുന്ന സ്ഥിതിയുമുണ്ട്.

വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് എടുക്കുന്നതില്‍ കോപ്പി പ്രിന്‍റ് കിട്ടണമെങ്കിൽ കൈകൂലി നൽകണം എന്നും പരാതിയുണ്ട്.  ഇത്തരത്തിൽ കൈകൂലി നൽകാത്തവരുടെ വാഹനങ്ങളുടെ ഫിറ്റ്നസ് രേഖകൾ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. എട്ട് വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്നസിനുള്ള കാലാവധി രണ്ടുവര്‍ഷമാക്കിയതോടെയാണ് കൈക്കൂലി ഇരട്ടിയാക്കിയതെന്നാണ് വിവരം. കഴിഞ്ഞ ജനുവരി മുതലുള്ള ലൈസൻസുകളും, ആർസി ബുക്കുളും യഥാസമയം കൈമാറാതെ വൈകിപ്പിച്ചതായും പരിശോധനയിൽ വ്യക്തമായി. 

വാഹന നിര്‍മ്മാണ പ്ലാന്‍റില്‍ നിന്നുതന്നെ സ്പീഡ് ഗവര്‍ണര്‍ ഫിറ്റ് ചെയ്തെത്തുന്ന വാഹനങ്ങള്‍ക്ക് 1000 രൂപ കൈക്കൂലി കൊടുത്താല്‍ മാത്രമേ അംഗീകാരം നല്‍കൂ എന്നും പരാതിയുണ്ട്. പണം നല്‍കിയാല്‍ വാഹനം കാണാതെ ഫിറ്റ്നസ് നല്‍കിയ സംഭവങ്ങളും നിരവധിയാണ്. അടുത്തകാലത്ത് വാഹനം കാണാതെ ഫിറ്റ്നസ് നല്‍കിയത് വിവാദമാകുകയും വകുപ്പിന്റെ വാട്‍സാപ്പ് ഗ്രൂപ്പുകളില്‍ ഇത് ചര്‍ച്ചയുമായിരുന്നു.  

ഓട്ടോറിക്ഷകളിലെ ഫെയര്‍ മീറ്ററുകള്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍നിന്ന് സീല്‍ ചെയ്‍തിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 500 രൂപ കൊടുത്താല്‍ പയ്യന്നൂരില്‍ ഫെയര്‍ മീറ്റര്‍ പരിശോധനയും ആവശ്യമില്ല. വിശ്വസ്ഥരായ ഡ്രൈവിങ്ങ് സ്‌കൂളിലെ പഠിതാക്കള്‍ക്ക് എട്ടും എച്ചും എടുക്കാതെതന്നെ ലൈസന്‍സ് നല്‍കുന്നതായും ആരോപണമുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനും മറ്റുകാര്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ അപ്‌ഗ്രേഡ് ചെയ്‍തതിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് തടഞ്ഞുവെച്ച ആയിരക്കണക്കിന് ഫയലുകളുണ്ട്. കഴിഞ്ഞ ദിവസം ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ ഇത്തരത്തിലുള്ള നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 

നിലവിലുള്ള രീതിയനുസരിച്ച് രജിസ്ട്രേഷനായി ഡീലര്‍മാര്‍ മുന്‍കൂട്ടിതന്നെ പണം അടയ്ക്കുന്നുന്നുണ്ട്. ഇതിന് തയ്യാറാവാത്തവരെ പലകാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണ് പതിവ്. കോടതി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചെറിയ ഫീസ് വാങ്ങി വാഹനയുടമകളെ സഹായിക്കുന്ന കണ്‍സള്‍ട്ടന്‍റുമാരുണ്ട്. അടുത്തകാലത്തായി ഇവരേയും ഒഴിവാക്കി ഡീലര്‍മാരുമായി നേരിട്ടുള്ള ഇടപാടുകളും പിടിയിലായ എഎംവിഐ  നടത്തിവരികയായിരുന്നു. എംവിഐക്ക് മാത്രമെ ഡീലര്‍മാരെ പരിശോധിക്കാനുള്ള അധികാരമുള്ളു. എന്നാല്‍ ഈ അധികാരം കൂടി തനിക്കുണ്ടെന്ന തെറ്റ്ദ്ധാരണയുണ്ടാക്കിയാണ് ഡീലര്‍മാരുമായുള്ള എഎംവിഐയുടെ ഇടപാടുകളെന്നാണ് വിവരം. 
 

click me!