
വിയറ്റ്നാമീസ് വാഹന ബ്രാൻഡായ വിൻഫാസ്റ്റ് ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന അസംബ്ലി പ്ലാന്‍റ് തുറന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന പുതിയ ഇവി അസംബ്ലി യൂണിറ്റ് 408 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ ഈ നിർമ്മാണ പ്ലാന്റ് തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് ഉദ്ഘാടനം ചെയ്തത്. ബോഡി ഷോപ്പ്, പെയിന്റ് ഷോപ്പ്, അസംബ്ലി ഷോപ്പ്, ഗുണനിലവാര നിയന്ത്രണ കേന്ദ്രം, ലോജിസ്റ്റിക്സ് ഹബ് എന്നിവയുൾപ്പെടെ ഒന്നിലധികം വർക്ക്‌ഷോപ്പുകൾ ഇവിടെയുണ്ട്.
തൂത്തുക്കുടി ജില്ലയിലെ സില്ലനാഥത്തുള്ള സിപ്‌കോട്ട് വ്യവസായ സമുച്ചയത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്ലാന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3,500-ലധികം തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. VF 6, VF 7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ അസംബിൾ ചെയ്യുന്നതിനാണ് ഈ പ്ലാന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കുക. തുടക്കത്തിൽ, ഇതിന് വാർഷിക ഉൽപ്പാദന ശേഷി 50,000 യൂണിറ്റായിരിക്കും, വിപണി ആവശ്യകത നിറവേറ്റുന്നതിനായി ഇത് പ്രതിവർഷം 1,50,000 യൂണിറ്റായി വികസിപ്പിക്കാൻ കഴിയും. പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, പ്ലാന്റ് 3,000-3,500 നേരിട്ടുള്ള തൊഴിലവസരങ്ങളും വിതരണ ശൃംഖലയിൽ ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
2024 ൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ വിൻഫാസ്റ്റും തമിഴ്‌നാട് സർക്കാരും തമ്മിൽ ഒപ്പുവച്ച 16,000 കോടി രൂപയുടെ നിക്ഷേപ കരാറിന്റെ ഭാഗമാണിത്. തമിഴ്‌നാട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് വിൻഫാസ്റ്റ് ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിലായി 15 സ്ഥലങ്ങൾ പരിശോധിച്ചതായി റിപ്പോർട്ടുണ്ട്. ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം 17 മാസത്തിനുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിൽ ഈ പ്ലാന്‍റ് നിർമ്മിച്ചതായി പ്ലാന്റ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പത്തിന്റെ തെളിവാണിതെന്നും ഒരു നിർമ്മാണ ശക്തികേന്ദ്രമെന്ന നിലയിൽ തമിഴ്‌നാടിന്റെ പ്രശസ്തി എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും 40 ശതമാനവും തമിഴ്‌നാട്ടിലാണ് നിർമ്മിച്ചതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഷോപ്പ് ഫ്ലോറിൽ നിന്ന് കാറുകളുടെ ലോഞ്ച് ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഒരു VF7 മോഡലിന്റെ ബോണറ്റിൽ ഒപ്പിട്ടു.
'നാൻ മുതൽവൻ' സംരംഭത്തിന് കീഴിൽ നൂറുകണക്കിന് പ്രാദേശിക യുവാക്കൾക്ക് വിൻഫാസ്റ്റ് തൊഴിൽ നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, വിൻഫാസ്റ്റിന്‍റെ വരവ് തൂത്തുക്കുടിയിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റ് തെക്കൻ ജില്ലകളിലും വളർച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്ന് പറഞ്ഞു. വിൻഫാസ്റ്റിന്റെ മാതൃ കമ്പനിയായ വിൻഗ്രൂപ്പിന് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ മറ്റ് ബിസിനസ് താൽപ്പര്യങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തമിഴ്‌നാട്ടിലേക്ക് കൂടുതൽ ദീർഘകാല നിക്ഷേപം നടത്താൻ വിയറ്റ്നാമീസ് കമ്പനിയെ ക്ഷണിച്ചു. സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.