"മലയാളികളേ ഇതിലേ ഇതിലേ.." വിലക്കുറവറിയിച്ച് മലയാളത്തില്‍ നോട്ടീസടിച്ച് കര്‍ണാടക പമ്പുടമകള്‍!

By Web TeamFirst Published Nov 8, 2021, 9:46 AM IST
Highlights

മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാനായി വിലക്കുറവ് കാണിച്ച് മലയാളത്തില്‍ അച്ചടിച്ച നോട്ടീസുമായി എത്തിയിരിക്കുകയാണ് കര്‍ണാടകയിലെ പമ്പുടമകള്‍ എന്നാണ് റിപ്പോര്‍ട്ട്. 

ന്ധനവില (Oil Price) വ്യത്യാസത്തിന്‍റെ പരസ്യവുമായി കര്‍ണാടകയിലെ (Karnataka) പമ്പുടമകളുടെ പുതിയ തന്ത്രം.  മലയാളി വാഹനയുടമകളെ ആകര്‍ഷിക്കാനായി വിലക്കുറവ് കാണിച്ച് മലയാളത്തില്‍ അച്ചടിച്ച നോട്ടീസുമായി എത്തിയിരിക്കുകയാണ് കര്‍ണാടകയിലെ പമ്പുടമകള്‍ എന്നാണ് റിപ്പോര്‍ട്ട്. നികുതിയില്‍ കുറവുവരുത്തിയതോടെ കര്‍ണാടകയിലെ ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറഞ്ഞിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അടിച്ചുള്ള പമ്പുടമകളുടെ പരസ്യതന്ത്രം. പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍പ്പെടെ വ്യക്തമാക്കിയ നോട്ടീസാണ് പ്രചരിക്കുന്നത്. 'നിങ്ങളുടെ ഇന്ധനടാങ്കുകള്‍ നിറയ്ക്കാനും ഓഫറിന്റെ പ്രയോജനം നേടാനും ദയവായി സന്ദര്‍ശിക്കുക എന്നെഴുതിയ നോട്ടീസുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ നോട്ടീസുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കര്‍ണാടകയില്‍ കേരളത്തിനെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവിലയില്‍ കാര്യമായ വ്യത്യാസമുണ്ട്. ഡീസലിന് ഏഴുരൂപയുടെയും പെട്രോളിന് അഞ്ചുരൂപയുടെയും കുറവുണ്ട്. കാട്ടിക്കുളത്തും തോല്‌പെട്ടിയിലും പെട്രോള്‍പമ്പ് ഉണ്ടെങ്കിലും തോല്‌പെട്ടിയിലെയും കര്‍ണാടക കുട്ടത്തെയും പെട്രോള്‍പമ്പുകള്‍ തമ്മില്‍ മൂന്നുകിലോമീറ്റര്‍ ദൂരവ്യത്യാസം മാത്രമാണുള്ളത്. 

കേരളത്തെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ കര്‍ണാടകത്തില്‍നിന്ന് ഇന്ധനം നിറയ്ക്കുകയാണ് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ വില കുറഞ്ഞതോടെ തോല്‍പ്പെട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകള്‍ ഇന്ധനം നിറയ്ക്കാനായി കുട്ടത്തെ പമ്പിലേക്കാണ് പോകുന്നത്. 

കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങള്‍ ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നത്. വയനാട്ടില്‍നിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കര്‍ണാടകത്തില്‍ വിവിധ ജോലികള്‍ക്കായി പോകുന്നവരും ഇത്തരത്തിലാണ് ഇന്ധനം നിറയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബത്തേരി മൂലങ്കാവില്‍നിന്ന് 52 കിലോമീറ്റര്‍ ദൂരമുണ്ട് കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ട് പെട്രോള്‍പമ്പിലേക്ക്. ദൂരം കൂടുതലായതിനാല്‍ തോല്‌പെട്ടിയിലേതുപോലെ ഇന്ധനം നിറയ്ക്കാനായിമാത്രം ആളുകള്‍ ഗുണ്ടല്‍പേട്ടയ്ക്ക് പോകാറില്ല. പക്ഷേ, ഗുണ്ടല്‍പേട്ട് വഴി വരുന്ന വാഹനങ്ങള്‍ അവിടെനിന്നാണ് ഇന്ധനം നിറയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം : പ്രതീകാത്മകം

click me!