"കഞ്ഞിക്ക് വകയില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യൂ.."വെള്ളക്കെട്ടിലെ ആനവണ്ടി ഡ്രൈവറുടെ വൈറല്‍ മറുപടി!

By Web TeamFirst Published Oct 17, 2021, 11:29 AM IST
Highlights

എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ്  ചെയ്‍ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.. സസ്‍പെന്ഷനിലായ ഡ്രൈവറുടെ പരിഹാസക്കുറിപ്പ്

തിരുവനന്തപുരം: ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി (KSRTC Bus) ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറേ മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. പൂഞ്ഞാര്‍ (Poonjar) സെന്റ് മേരീസ് പള്ളിയുടെ (Poonjar St Marys Church) മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് (KSRTC Bus) വെള്ളക്കെട്ടില്‍ മുങ്ങിയത്. ഈ സംഭവത്തിൽ ഡ്രൈവറുടെ പണി തെറിച്ചിരുന്നു. 

വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും  വരുത്തിയ ഡ്രൈവറെ ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസംതന്നെ  സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ ആണ് സസ്പെൻഡ് ചെയ്‍തത്. ഗതാഗതമന്ത്രി ആന്‍റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.

എന്നാല്‍ തന്നെ സസ്‍പെന്‍ഡ് ചെയ്‍ത നടപടിയെ  പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സസ്‍പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവർ എസ് ജയദീപ്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവയ്ക്കുന്നത്.

അതിലൊരെണ്ണം ഇങ്ങനെ

കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്‍ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ്  ചെയ്‍ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ...

മറ്റൊരെണ്ണം

ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.

ഇത്തരം പോസ്റ്റുകള്‍ക്കൊപ്പം വാഹനത്തിന്‍റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവര്‍ പൂരിപ്പിച്ചു നല്‍കുന്ന ഫോം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട് ജയദീപ്. 

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.  വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. 

click me!