ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുമായി ഫോക്‌സ്‌വാഗൺ

Published : Mar 11, 2025, 03:15 PM IST
ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുമായി ഫോക്‌സ്‌വാഗൺ

Synopsis

ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് കൺസെപ്റ്റ്, ഐഡി എവരി1 പുറത്തിറക്കി. 2027-ൽ യൂറോപ്യൻ വിപണിയിൽ എത്തുന്ന ഈ കാറിന് ഏകദേശം 20,000 യൂറോയാണ് വില പ്രതീക്ഷിക്കുന്നത്.

ർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അവരുടെ ഇലക്ട്രിക് വാഹന നിര വികസിപ്പിക്കാൻ തയ്യാറെടുക്കുന്നു. കമ്പനി ഇപ്പോൾ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ഇലക്ട്രിക് കാർ കൺസെപ്റ്റ് ഫോക്സ്‌വാഗൺ ഐഡി എവരി1 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഈ ചെറുകാറിന്‍റെ നിരവധി ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണ പുറത്തുവന്നചില ചിത്രങ്ങൾ ഇത് പ്രൊഡക്ഷൻ റെഡി പതിപ്പിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു. 

ഐഡി എവരി1 ന്റെ പ്രൊഡക്ഷൻ പതിപ്പ് ഈ കൺസെപ്റ്റ് മോഡലിൽ നിന്ന് വളരെ അകലെയായിരിക്കില്ലെന്ന് ഫോക്‌സ്‌വാഗൺ പറയുന്നു. ഈ ഹാച്ച്ബാക്കിന്റെ മുൻവശത്ത് ബ്ലാക്ക്-ഔട്ട് ഫോക്സ് ഗ്രില്ലും വലിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. ബമ്പറിന്റെ വശങ്ങളിൽ ലംബമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ നൽകിയിട്ടുണ്ട്, ഇത് അതിന്റെ വൃത്താകൃതിയിലുള്ള മുഖത്തെ പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, കറുത്ത നിറത്തിലുള്ള എ-പില്ലർ വിൻഡ്‌സ്ക്രീൻ അതിന്റെ ഭംഗി കൂടുതൽ വർദ്ധിപ്പിക്കുന്നു.

വശങ്ങളിൽ, വീൽ ആർച്ചുകൾ അൽപ്പം ഭംഗിയായി കൊത്തിയെടുത്തിട്ടുണ്ട്. പക്ഷേ അതിന് സ്‍പോർട്ടി സ്വഭാവരീതികളൊന്നുമില്ല. ലളിതമായ ബോഡി വർക്ക് ആണ് കാറിന് നൽകുന്നതെന്ന് കമ്പനി പറയുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് വീലുകളും ഈ കൺസെപ്റ്റിൽ കാണാം. സി-പില്ലർ ഡിസൈൻ കമ്പനിയുടെ പ്രശസ്തമായ പ്രീമിയം ഹാച്ച്ബാക്ക് കാറായ ഗോൾഫിനെ ഓർമ്മപ്പെടുത്തുന്നു. 

ഇതിന്റെ ക്യാബിനിൽ നാല് പേർക്ക് ഇരിക്കാവുന്ന സ്ഥലവും 305 ലിറ്ററിന്റെ നല്ല ബൂട്ട് സ്ഥലവുമുണ്ട്. ഇന്ന് മിക്ക കമ്പനികളും അവരുടെ കാറുകളുടെ ക്യാബിനുകൾ സമ്പന്നമാക്കുമ്പോൾ, ഫോക്സ്‌വാഗൺ അതിന്റെ ക്യാബിൻ ലളിതമായി നിലനിർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഇതിന് ഒരു വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉണ്ട്. ഇതിനുപുറമെ താപനില, ചൂടാക്കൽ, വോളിയം നിയന്ത്രണം തുടങ്ങിയ സവിശേഷതകൾക്കായി ഫിസിക്കൽ ബട്ടണുകളുടെ ഒരു ബാൻഡ് താഴെയായി കാണാം. പുതിയ രണ്ട് സ്‌പോക്ക് സ്‌ക്വയർഡ് സ്റ്റിയറിംഗ് വീൽ, ഹെഡ്‌ലാമ്പ് രൂപകൽപ്പനയെ അനുകരിക്കുന്ന എസി വെന്റുകൾ, മുന്നിൽ നിന്ന് പിൻ കമ്പാർട്ടുമെന്റിലേക്ക് സ്ലൈഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ റെയിലുകളിൽ ഘടിപ്പിച്ചിരിക്കുന്ന സെന്റർ കൺസോൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഡ്രൈവർക്കും യാത്രക്കാരനും ഇടയിൽ നീക്കം ചെയ്യാവുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറും ഇതിലുണ്ട്.

ഈ ചെറിയ ഇലക്ട്രിക് കാറിന്റെ മോട്ടോർ 95 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 130 കിലോമീറ്ററാണ് ഈ കാറിന്‍റെ പരമാവധി വേഗത എന്നും ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. നഗരപ്രദേശങ്ങളിലെ ദൈനംദിന ഡ്രൈവിംഗിന് ഇത് മികച്ചതായിരിക്കും എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഫോക്സ്‍വാഗൺ അതിന്റെ ബാറ്ററി പായ്ക്ക് മുതലായവയെക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

2027-ൽ യൂറോപ്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ ഈ കാർ ആദ്യമായി അവതരിപ്പിക്കും. ഇതിനുശേഷം, ഈ കാർ മറ്റ് വിപണികളിലും അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ഈ കാറിന്റെ വില ഏകദേശം 20,000 യൂറോ (18.95 ലക്ഷം രൂപ) ആയിരിക്കുമെന്ന് കമ്പനി പറയുന്നു. ഇതൊരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്ക് കാറാണ്. ഐഡി കുടുംബത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ