അപകടങ്ങളില്‍ മനംമടുത്തു; കാറുകളുടെ വേഗത വെട്ടിക്കുറയ്ക്കാന്‍ ഈ കമ്പനി!

By Web TeamFirst Published May 22, 2020, 12:32 PM IST
Highlights

വാഹനങ്ങളുടെ പരമാവധി വേഗം ചുരുക്കുന്നതിലൂടെ സുരക്ഷിതമായ ഡ്രൈവിങ്ങ് ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇനി നിരത്തുകളിലെത്താന്‍ ഒരുങ്ങുന്ന കാറുകളുടെ പരമാവധി വേഗത ചുരുക്കാനൊരുങ്ങി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. തങ്ങളുടെ കാറുകളുടെ പരമാവധി വേഗത 180 കിലോമീറ്ററായി പരിമിതപ്പെടുത്താനാണ് വോള്‍വോയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളുടെ പരമാവധി വേഗം ചുരുക്കുന്നതിലൂടെ സുരക്ഷിതമായ ഡ്രൈവിങ്ങ് ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അമിതവേഗതയെ തുടര്‍ന്ന് നിരത്തുകളിലുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വോള്‍വോയുടെ ഈ തീരുമാനം. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വാഹനനിര്‍മാതാക്കള്‍ക്കും കൃത്യമായ പങ്കുവഹിക്കാനുണ്ടെന്നും ഈ ചിന്തയെ തുടര്‍ന്നാണ് വോള്‍വോ കാറുകളുടെ വേഗത കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

അതേസമയം വോള്‍വോ കാറുകളുടെ വേഗത കുറച്ചതിനെ വിമര്‍ശിച്ചും ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, നിശ്ചിത പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നത് സുരക്ഷ സംവിധാനങ്ങളില്‍ വീഴചയുണ്ടാക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. അതുകൊണ്ട് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും വോള്‍വോ അറിയിച്ചു. 

ഉയർന്ന വേഗതയ്ക്ക് കടിഞ്ഞാണിട്ടത്തോടൊപ്പം കെയർ കീ എന്നൊരു ഫീച്ചറും വോൾവോ കാറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കോ ഡ്രൈവിങ്ങിൽ വൈദഗ്ധ്യം ഇല്ലാത്തവരോ ആയവർക്ക് വാഹനം നൽകുമ്പോൾ ഉയർന്ന വേഗത മണിക്കൂറിൽ 50 കിലോമീറ്ററിനും 180 കിലോമീറ്ററിനും ഇടയിൽ ക്രമീകരിച്ചു നൽകാൻ ഈ സംവിധാനം സഹായിക്കും.

കാർ നിർമ്മാതാവിന് എന്ന നിലയിൽ ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ കൈക്കൊള്ളുക എന്നുള്ളത് കമ്പനിയുടെ ഉത്തരവാദിത്തം ആണെന്നും വേഗത പരിമിതപ്പെടുത്തുന്ന സാങ്കേതികവിദ്യ പുത്തൻ ചർച്ചകൾക്ക് വഴിവെക്കുമെന്നും സ്പീഡ് നിയന്ത്രണവും കെയർ കീയും ചെന്ന് ജനങ്ങളെ അമിതവേഗത്തിന്റെ പ്രശ്നങ്ങളെപറ്റി നല്ല അവബോധം നൽകുമെന്നും വോൾവോ കാർസ് സേഫ്റ്റി സെന്റർ തലവൻ മാലിൻ എഖോം പറഞ്ഞു. കൂടുതൽ ആയാസരഹിതമായ ഡ്രൈവിങ്ങും മികച്ച ഡ്രൈവർ ശൈലി നേടിയുടുക്കാനും ഈ മാർഗങ്ങൾ ഡ്രൈവ് ചെയ്യുന്ന വ്യക്തിയെ പിന്തുണയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

click me!