മോഡലുകള്‍ പ്രാദേശികമായി നിര്‍മിക്കാനൊരുങ്ങി വോള്‍വോ

By Web TeamFirst Published Aug 21, 2020, 6:23 PM IST
Highlights

വോള്‍വോയുടെ മുഴുവന്‍ ഇന്ത്യ പോര്‍ട്ട്‌ഫോളിയോയുടെയും പ്രാദേശിക അസംബ്ലിംഗിന് ഫാക്ടറിയില്‍ അധിക നിക്ഷേപം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ: സ്വീഡിഷ് ആഡബംര വാഹന നിര്‍മ്മാതാക്കളായ വോള്‍വോ 2021 മുതല്‍ എല്ലാ മോഡലുകളും പ്രാദേശികമായി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് വോള്‍വോ അറിയിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.

XC40, XC60, XC90, V90 ക്രോസ് കണ്‍ട്രി, S90 എന്നീ അഞ്ച് മോഡലുകളാണ് വോള്‍വോയുടെ ഇന്ത്യ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ളത്. ഇവയില്‍ XC60, XC90, S90 എന്നിവ പൂര്‍ണമായും സികെഡി കിറ്റുകളായി ഇറക്കുമതി ചെയ്യുകയും ബാംഗ്ലൂരിനടുത്തുള്ള വോള്‍വോയുടെ ഹോസ്‌കോട്ട് പ്ലാന്റില്‍ അസംബിള്‍ ചെയ്യുകയും ചെയ്യുന്നു. ബാക്കിയുള്ള മോഡലുകള്‍ പൂര്‍ണ്ണമായും സബിയു യൂണിറ്റായി ഇറക്കുമതി ചെയ്യുകയാണ്. വോള്‍വോയുടെ മുഴുവന്‍ ഇന്ത്യ പോര്‍ട്ട്‌ഫോളിയോയുടെയും പ്രാദേശിക അസംബ്ലിംഗിന് ഫാക്ടറിയില്‍ അധിക നിക്ഷേപം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വോള്‍വോ. ഇലക്ട്രിക് എസ്യുവികളുടെ പ്രധാന്യം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കണക്കിലെടുത്താണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനവുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മോഡല്‍ സാവധാനം ഒഴിവാക്കാനാകും പദ്ധതി. കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനമായ XC40 കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ കമ്പനി അവതരിപ്പിച്ചത്.

78 kWh ബാറ്ററിയും  408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാര്‍ജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്ട്രിക് മോഡലിന് സാധിക്കും.

റീച്ചാര്‍ജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്റ്റോറേജ് സ്പേസുമുണ്ട്. വാഹനത്തിന്റെ നീളവും വീതിയും ഉയരവുമെല്ലാം റഗുലര്‍ മോഡലിന് സമാനമാണ്.

കൊവിഡ് -19 മഹാമാരി കാരണം ഈ വര്‍ഷത്തെ വില്‍പ്പന 2019 -നേക്കാള്‍ കുറവായിരിക്കുമെങ്കിലും, വിപണി വിഹിതം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് വോള്‍വോ. പുതിയ വാഹനം കൂടി എത്തുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നുതന്നെയാണ് കമ്പനിയുടെ കണക്കുകൂട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!