Latest Videos

വണ്ടി വാങ്ങാന്‍ ജനം ഭയക്കുന്നതിന് പിന്നിലെന്ത്?!

By Web TeamFirst Published Sep 4, 2019, 5:42 PM IST
Highlights

ഈ പ്രതിസന്ധിയുടെ പിന്നിലെ ഒരു മുഖ്യകാരണം ജനങ്ങളുടെ ഭയം തന്നെയാണ്. ആ ഭയം എന്താണെന്നല്ലേ? 

രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലാണ്. നിരവധി വാഹന ഡീലര്‍ഷിപ്പുകളാണ് അടുത്തകാലത്ത് പൂട്ടിപ്പോയത്. ചില കമ്പനികള്‍ തങ്ങളുടെ നിര്‍മ്മാണശാലകള്‍ തല്‍ക്കാലികമായി അടച്ചിടുകയാണ്. പല കമ്പനികളും ഷിഫ്റ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു. തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടുമിരിക്കുന്നു. ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോഴും തുടര്‍ച്ചയായി നഷ്‍ടങ്ങളുടെ കണക്ക് മാത്രമേ വാഹന വിപണിക്ക് പറയാനുള്ളൂ. ഓഗസ്റ്റിൽ മാത്രം 30 ശതമാനത്തിന്‍റെ ഇടിവാണ് വാഹനവിപണിയിലുണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് പിന്നിലെന്തെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. വാഹനമേഖലയെ മാന്ദ്യത്തിലേക്ക് നയിച്ചതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അവയില്‍ ചില കാരണങ്ങള്‍ എന്തെന്ന് പരിശോധിക്കാം.

ഈ പ്രതിസന്ധിയുടെ പിന്നിലെ ഒരു മുഖ്യകാരണം ജനങ്ങളുടെ ഭയം തന്നെയാണ്. ആ ഭയം എന്താണെന്നല്ലേ? 2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ല്‍ ചെറിയ ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും വൈദ്യുതിയില്‍ ഓടിക്കണമെന്ന് നീതി ആയോഗിന്റെ ശുപാര്‍ശയുണ്ടായിരുന്നു. വാഹന വ്യവസായ മേഖലയിലും ഉപഭോക്താക്കള്‍ക്കിടയിലും ഈ ശുപാര്‍ശ സൃഷ്‍ടിച്ച ആശങ്ക ചെറുതല്ല. 

മലിനീകരണത്തെ സംബന്ധിച്ചുള്ള സർക്കാരിന്റെ നയമാറ്റമാണ് മറ്റൊരു കാരണം. 2020  ഏപ്രിൽ മുതൽ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ ഇനിയും കടുക്കും. ഭാരത് സ്റ്റേജ് 6 -മായി ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പിലാകും. നിലവിലെ ബിഎസ് 4 വാഹനങ്ങള്‍ക്ക് അതോടെ വിപണി മൂല്യം നഷ്‍ടപ്പെടുമെന്ന ഭയവും ഉപഭോക്താക്കളെ വാഹനം വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നു. ബാറ്ററി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പെട്രോള്‍-ഡീസല്‍ വാഹന വിരുദ്ധനയം വരുമോയെന്ന ഭയവും വിപണിക്ക് വിനയായി. 

ഈ ഭയം മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മ്മല സീതാരാമനും നേരിട്ട് രംഗത്തെത്തിയിട്ടും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ തെളിയിക്കുന്നത്. രാജ്യത്ത് വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളും ഒരുമിച്ചു വളരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‍താവന. ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങള്‍ 2020 മാര്‍ച്ചിന് മുമ്പ് വാങ്ങിയാല്‍ അവയുടെ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാമെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്‍റെ പ്രഖ്യാപനം. എന്നിട്ടും വിപണി താഴേക്ക് തന്നെയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 

ഈ ഭയത്തിനു പുറമേ വാഹനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവും വിപണിക്ക് തിരിച്ചടിയായി. ബിഎസ്6 നിര്‍ബന്ധമാക്കിയതോടെ പല കമ്പനികള്‍ക്കും തങ്ങളുടെ പല പുതിയ മോഡലുകളും റദ്ദാക്കേണ്ടി വന്നു. മാത്രമല്ല പല മോഡലുകളേയും ബി എസ് 6ലേക്ക് മാറ്റാന്‍ കോടികള്‍ ചെലവാക്കേണ്ടിയും വന്നു. ഇതൊക്കെ കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക നഷ്‍ടങ്ങളും പ്രതിസന്ധിയുമുണ്ടാക്കി. ഇത് ഉപഭോക്താവിന്‍റെ ചുമലില്‍ ചാരാന്‍ ശ്രമിച്ചത് ഫലത്തില്‍ കമ്പനികള്‍ക്ക് തന്നെ വിനയായി. 

ബാങ്കിങ്ങ് മേഖലയാണ് വേറൊരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ബാങ്കുകൾ വാഹനവായ്പ നടപടികൾ കർശനമാക്കിയതും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ പ്രതിസന്ധിയും വാഹനവായ്പ്പാവിതരണത്തിൽ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. വാഹനവിപണിയുടെ ഒരു പ്രധാനഭാഗം ഇരുചക്ര വാഹനങ്ങളാണ്. പലരും ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത് ലോണെടുത്താണ്. ഇത്തരത്തിലുള്ള ചെറിയ ലോണുകൾ കൊടുത്തിരുന്ന കമ്പനികൾ അഥവാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കൽ വായ്‍പ നൽകാൻ വേണ്ട കരുതൽ ധനമില്ലാതെ പോയതും വാഹന മേഖലക്ക് വന്‍ അടിയായി.  ഇളവുകളോടെ നിരവധിപേർക്ക് വായ്‌പകൾ അനുവദിച്ചുകൊണ്ടിരുന്ന അവർക്ക് ഈ വർഷം അതേ ലാഘവത്തോടെ അത് നൽകാനായില്ല. അതുകൊണ്ടുതന്നെ പലർക്കും തങ്ങളാഗ്രഹിച്ച ഇരുചക്രവാഹനങ്ങൾ സ്വന്തമാക്കാനും സാധിച്ചില്ല. 

മറ്റുള്ള വ്യാപാര മേഖലകളിലെ നഷ്‍ടം നിമിത്തം വാഹനങ്ങൾ റെഡി ക്യാഷ് നൽകി വാങ്ങിയിരുന്നവർക്ക് ഇക്കൊല്ലം അതിനുള്ള മൂലധനമില്ലാതെ പോയി. ഇതും വാഹനവില്‍പ്പനയെ ബാധിച്ചു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭീതിയും കാശുമുടക്കി വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ആളുകളെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കാറുകളുടെ വില്പന കുത്തനെ കുറഞ്ഞതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബർ 7, 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു. 

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഓഗസ്റ്റിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 106413 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 158189 യൂണിറ്റായിരുന്നു. ഹോണ്ട കാറുകളുടെ വിൽപ്പനയിൽ 51 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. വിറ്റുപോയത് 8291 ഹോണ്ട കാറുകൾ മാത്രം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 32 ശതമാനവും ഹ്യൂണ്ടായ്ക്ക് 16 ശതമാനവും വിപണിയിൽ ഇടിവ് സംഭവിച്ചു. ടൊയോട്ട കമ്പനി ഓഗസ്റ്റിൽ വിറ്റത് 11544 കാറുകൾ മാത്രമാണ്.


 

click me!