ഇന്ത്യയില്‍ ഇറങ്ങാനൊരുങ്ങി യമഹ XSR 155

By Web TeamFirst Published Jul 27, 2020, 2:39 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ റെട്രോ സ്റ്റൈൽ മോഡലായ XSR 155  ഇന്ത്യന്‍ വിപണിയില്‍ ഉടൻ എത്തിയേക്കും. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ റെട്രോ സ്റ്റൈൽ മോഡലായ XSR 155  ഇന്ത്യന്‍ വിപണിയില്‍ ഉടൻ എത്തിയേക്കും. ഈ പതിപ്പിനെ അടുത്തിടെ ഫിലിപ്പീന്‍സില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് XSR 155 റെട്രോ മോഡലിനും അടിസ്ഥാനമാകുന്നത്. XSR 155 പതിപ്പിലും യമഹ R15 V3-യുടെ അതേ 155 സിസി ലിക്വിഡ്-കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് SOHC 4-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. 10,000 rpm-ൽ പരമാവധി 18.6 bhp കരുത്തും 8,500 rpm-ൽ 14.1 Nm ടോര്‍ഖും ഈ എഞ്ചിൻ സൃഷ്‍ടിക്കും. ആറ് സ്പീഡ് കോൺസ്റ്റെന്റ് മെഷ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍.

മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് എന്നിവയാണ് സസ്പെൻഷൻ. യമഹ XSR 155 ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിൽ വരുന്നു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലാമ്പും റെട്രോ ലുക്കിനെ ആകർഷകമാക്കുന്നു. സിംഗിള്‍ പീസ് സീറ്റ്, വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം എല്‍ഇഡി ടെയില്‍ ലാമ്പ്, നീളം കൂടിയ ഹാന്‍ഡില്‍ബാറുകള്‍ അടങ്ങിയ ബൈക്കിന്റെ രൂപകല്‍പ്പന അതിന്റെ റെട്രോ അപ്പീലിനെ വര്‍ധിപ്പിക്കുന്നു.

17 ഇഞ്ച് അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെള്ളത്തുള്ളിയെ അനുസ്മരിപ്പിക്കുന്ന ഫ്യുവല്‍ ടാങ്ക്, ടാങ്കില്‍ ഘടിപ്പിച്ചിരിക്കുന്ന കീ ഫോബ് എന്നിവയാണ് XSR 155-ന്റെ രൂപകല്‍പനയിലെ സവിശേഷതകൾ. ബൈക്കിന് 10.4 ലിറ്റർ ഇന്ധന ടാങ്കും ലഭിക്കുന്നു. റെട്രോ ബൈക്കിന് ഏകദേശം 1.4 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

2019 ഓഗസ്റ്റിൽ തായ്‌ലൻഡിൽ പുറത്തിറക്കിയ XSR 155 ബൈക്കിനെ ഇപ്പോൾ റെട്രോ മോഡലുകൾക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലും എത്തിക്കാനുള്ള ശ്രമത്തിലാണ് യമഹ.  ഈ മോഡലിനെ 2021 -ന്റെ തുടക്കത്തില്‍ തന്നെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. XSR 155 ആഭ്യന്തര വിപണിയില്‍ എത്തിയാല്‍  രാജ്യത്ത് വില്‍ക്കുന്ന ഏറ്റവും താങ്ങാനാവുന്ന റെട്രോ ബൈക്കായി ഇത് മാറും.  ഇതിലൂടെ ഇന്ത്യയിൽ ഒരു പുതിയ സെഗ്മെന്റ് ആരംഭിക്കാൻ കഴിയുമെന്നാണ് യമഹയുടെ പ്രതീക്ഷ. 

click me!