റോയല്‍ എന്‍ഫീല്‍ഡ് തോല്‍ക്കും, ജിതിന്‍റെ ഈ തേക്കു ബുള്ളറ്റിനു മുന്നില്‍!

By Web TeamFirst Published Dec 26, 2019, 12:26 PM IST
Highlights

രണ്ടുവര്‍ഷമെടുത്താണ് ഇലക്ട്രീഷ്യനായ ജിതിന്‍ ഈ മരബുള്ളറ്റിനെ അണിയിച്ചൊരുക്കിയത്

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡലുകളിലൊന്നാണ് ബുള്ളറ്റ്. ഇരുചക്രവാഹനങ്ങള്‍ക്കിടയിലെ തലതൊട്ടപ്പനായ ബുള്ളറ്റിനെ തേക്കില്‍ തീര്‍ത്തിരിക്കുകയാണ് ഒരു യുവാവ്.

നിലമ്പൂര്‍ കരുളായി കളംസ്വദേശി കണ്ടാലപ്പറ്റ ജിതിനാണ് തേക്കിന്‍തടികൊണ്ട് ബുള്ളറ്റ് ഉണ്ടാക്കിയിരിക്കുന്നത്.  ടയറുകളും ടാങ്കിലെ ഡിസൈനുകളുമൊഴികെ മറ്റെല്ലാം തേക്ക് മാത്രമാണ്. ബുള്ളറ്റിന്റെ ടയറുകള്‍ മലേഷ്യന്‍ ഇരൂളിലും ടാങ്കിലുള്ള ഡിസൈനുകള്‍ വീട്ടിയിലുമാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടുവര്‍ഷമെടുത്താണ് ഇലക്ട്രീഷ്യനായ ജിതിന്‍ ഈ മരബുള്ളറ്റിനെ അണിയിച്ചൊരുക്കിയത്. അഞ്ചുവര്‍ഷത്തോളം വിദേശത്ത് ജോലിചെയ്‍ത ജിതിന്‍ ബുള്ളറ്റ് നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ അവിടെനിന്നും കൊണ്ടുവന്നതാണ്. നാട്ടിലെത്തിയശേഷം ഒരു ഒറിജിനല്‍ ബുള്ളറ്റ് സ്വന്തമായി വാങ്ങി.  പിന്നെ അതു നോക്കിയായിരുന്നു മരബുള്ളറ്റിന്‍റെ നിര്‍മാണം. വീട്ടു പറമ്പിലെ രണ്ട് തേക്കുകളാണ് ഇതിനായി മുറിച്ചത്. 

മുഴുവന്‍ ജോലികളും ഒറ്റയ്‍ക്കായിരുന്നു. ബുള്ളറ്റിനോടുള്ള ആവേശമാണ് ഇങ്ങിനെയൊരു സൃഷ്‍ടിക്കു പിന്നിലെന്നും ജോലിയുടെ ഇടവേളകളിലും ഒഴിവുസമയത്തുമായിരുന്നു തേക്ക് ബുള്ളറ്റിന്‍റെ നിര്‍മ്മാണമെന്നും ജിതിന്‍ പറയുന്നു. ഏകേദശം പുതിയൊരു ബുള്ളറ്റിന്റെ വിലയോളം ചെലയിട്ടുണ്ട് ഈ തേക്ക് ബുള്ളറ്റിനെന്നും ജിതിന്‍ പറയുന്നു. മരബുള്ളറ്റ് കാണാന്‍ ഇപ്പോള്‍ നിരവധി ആളുകള്‍ ജിതിന്‍റെ വീട്ടിലെത്തുന്നുണ്ട്.

click me!