
കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെ ഒരു ജനത അതിജീവിക്കും മുമ്പാണ് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കേരളം വിറങ്ങലിച്ചിരിക്കുന്നത്. പല ജില്ലകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയും, ദുരിതാശ്വാസക്യാമ്പുകളിലേക്കെത്തുകയും ചെയ്യുന്നു. ഉള്‍പ്രദേശത്തേക്കുള്ള റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
വെള്ളപ്പൊക്കം അധികം ബാധിക്കാത്ത സ്ഥലത്തുള്ളവര്‍ ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. ശക്തമായ മഴയില്‍ പുഴയോരത്തും തോടുകളിലും വളരെ പെട്ടന്നാണ് വെള്ളം ഉയരുന്നത്. വെള്ളപ്പൊക്ക പ്രദേശത്തുകൂടി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...
ഒന്ന്...
ഈ കനത്ത മഴയിൽ യാത്ര ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. ഒഴിവാക്കാന്‍ പറ്റാത്ത യാത്ര ആണെങ്കില്‍ മാത്രം പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പായ ശേഷം മാത്രം യാത്ര ആരംഭിക്കുക.
രണ്ട്...
റോഡില്‍ കാറിന്റെ എക്സ്ഹോസ്റ്റ് ലെവലില്‍ വെള്ളം ഉണ്ടെങ്കില്‍ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ ഉയര്‍ന്ന വെള്ളമുള്ള റോഡിലേക്ക് കാര്‍ ഇറക്കരുത്. എക്സ്ഹോസ്റ്റില്‍ വെള്ളം കയറിയാല്‍ വാഹനം തനിയെ ഓഫാകും. വെള്ളത്തില്‍ കാര്‍ ഓഫായാല്‍ പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് എന്‍ജിനുള്ളില്‍ വെള്ളം കയറാന്‍ ഇടയാക്കും.
മൂന്ന്...
പരമാവധി വേഗത കുറച്ച് വേണം വാഹനം ഓടിക്കാൻ. ആദ്യ ഗിയറില്‍ ഓടിക്കുമ്പോല്‍ എക്സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യതയും കുറയും. നനഞ്ഞ റോഡില്‍ ടയറിന് ഘര്‍ഷണം വളരെ കുറവായിരിക്കും. പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക, ഇല്ലെങ്കില്‍ കാര്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നാല്...
പരമാവധി റോഡിന്റെ മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുക. സൈഡ് അടുപ്പിച്ച് എടുക്കരുത്, ഇടിഞ്ഞ റോഡാണെങ്കില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
അഞ്ച്...
മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവര്‍ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും. എതിര്‍ദിശയില്‍ വരുന്ന വാഹന ഉടമ മുന്നില്‍ അപകടമുണ്ടെന്ന് അറിയിച്ചാല്‍ വീണ്ടും അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകള്‍ കണ്ടെത്തുക. അല്ലെങ്കില്‍ യാത്ര ഒഴിവാക്കി മടങ്ങുകയാണ് വേണ്ടത്.