വണ്ടി വെള്ളത്തിൽ നാശമായി, ഇൻഷുറൻസ് കിട്ടുമോ..?

By Web TeamFirst Published Aug 9, 2019, 3:34 PM IST
Highlights

കുത്തിയൊലിച്ചുവരുന്ന പ്രളയജലത്തിൽ നിങ്ങളുടെ വാഹനങ്ങൾ പാർക്കുചെയ്തിട്ട ഇടത്തുനിന്നും ഒലിച്ചുപോവാം. അതിന്റെ പുറത്തും അകത്തും നാശനഷ്ടങ്ങളുണ്ടാക്കാം. വെള്ളം കയറുന്ന സമയത്ത് റോഡിൽ കുടുങ്ങിപ്പോകുന്ന കാറുകളുടെ എഞ്ചിനിൽ വെള്ളം കയറാം.

 
ഒരു പ്രളയം വന്നുപോകുമ്പോൾ അത് പിന്നിൽ ഉപേക്ഷിച്ചുപോകുന്ന നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് അത് കേടുവരുത്തുന്ന വാഹനങ്ങൾ. പ്രകൃതിദുരന്തങ്ങൾ പൊതുവേ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറത്താണെങ്കിലും, വെള്ളപ്പൊക്കത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ചില നിബന്ധനകളോടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. 

അപ്രതീക്ഷിതമായി കുത്തിയൊലിച്ചുവരുന്ന പ്രളയജലത്തിൽ നിങ്ങളുടെ വാഹനങ്ങൾ പാർക്കുചെയ്തിട്ട ഇടത്തുനിന്നും ഒലിച്ചുപോവാം. അതിന്റെ പുറത്തും അകത്തും നാശനഷ്ടങ്ങളുണ്ടാക്കാം. വെള്ളം കയറുന്ന സമയത്ത് റോഡിൽ കുടുങ്ങിപ്പോകുന്ന കാറുകളുടെ എഞ്ചിനിൽ വെള്ളം കയറാം. ബാറ്ററി ഓൺ ആയ സമയത്ത് വണ്ടിക്കുള്ളിൽ വെള്ളം കയറിയാൽ അതിലെ സെന്റർ ലോക്ക്, എയർബാഗ്, സ്റ്റീരിയോ സിസ്റ്റം, കാമറ, പവർ വിൻഡോ തുടങ്ങിയ പല ഇലക്ട്രിക്കൽ സിസ്റ്റങ്ങൾക്കും നാശം സംഭവിക്കാം. ഇതിനൊക്കെ എതിരെ  നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസിൽ എങ്ങനെയാണ് പരിരക്ഷ ഉള്ളത് എന്ന് പരിശോധിക്കാം. 

ഏറ്റവും മികച്ച  പരിരക്ഷ 'കോംപ്രിഹെൻസീവ് ' ഇൻഷുറൻസുകളിൽ 

തേർഡ് പാർട്ടി ഇൻഷുറൻസ് എന്നത് ഒരു വാഹനത്തിന് മിനിമം വേണ്ടുന്ന പരിരക്ഷയായിരിക്കെ, വണ്ടിക്ക് നാശനഷ്ടങ്ങളുണ്ടാകുന്ന അവസരങ്ങളിൽ നമുക്ക് മികച്ച പരിരക്ഷ കിട്ടാൻ നല്ലത് കോംപ്രിഹെൻസീവ് ഇൻഷുറൻസ് ആണ്. ' കോംപ്രിഹെൻസീവ്' എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം സമഗ്രം എന്നാണ്. ഒരുവിധത്തിലുള്ള നഷ്ടങ്ങളെല്ലാം ഇതിൽ കവർ ചെയ്യപ്പെടും. തേഡ് പാർട്ടി ഡാമേജ്, നിങ്ങളുടെ വാഹനത്തിന് ഒരു അപകടത്തിലോ മോഷണത്തിലോ ഉണ്ടാകുന്ന നഷ്ടം, വ്യക്തിപരമായ ആക്സിഡന്റൽ കവറേജ്. പോളിസി ഹോൾഡർക്ക് ഏറെക്കുറെ എല്ലാ നാശനഷ്ടങ്ങളിൽ നിന്നും സുരക്ഷാ വാഗ്ദാനംചെയ്യുന്നു എന്ന കാരണം കൊണ്ടുതന്നെ ഏറെ ജനപ്രിയമാണ് ഈ പോളിസി വിപണിയിൽ. പ്രളയത്തിലുണ്ടാകുന്ന എഞ്ചിൻ ഒഴികെയുള്ള മറ്റെല്ലാറ്റിന്റെയും നാശനഷ്ടങ്ങൾ ഈ പോളിസിയിൽ കവർ ചെയ്യപ്പെടും.  വെള്ളക്കെട്ടുള്ള ഇടങ്ങളിൽ വാഹനമോടിക്കവേ എഞ്ചിനിൽ വെള്ളം കയറിയോ, അല്ലെങ്കിൽ പ്രളയത്തിൽ പാടെ മുങ്ങിയ വാഹനം വെള്ളമിറങ്ങിയപാടെ, എഞ്ചിനുള്ളിൽ വെള്ളമിരിക്കെ സ്റ്റാർട്ടാക്കുന്നതിലൂടെയോ ഒക്കെ സംഭവിക്കുന്ന എഞ്ചിൻ ഡാമേജ് ഈ പോളിസിയും അതിട്നെ പ്രാഥമികരൂപത്തിൽ കവർ ചെയ്യില്ല. 

ആഡ് ഓൺ 'എഞ്ചിൻ പ്രൊട്ടക്ടർ' 
    
കോംപ്രിഹെൻസീവ് പോളിസിക്ക് നൽകുന്ന  'എഞ്ചിൻ പ്രൊട്ടക്ടർ' എന്ന  ഒരു 'അഡീഷണൽ കവറേജ് ' പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മേല്പറഞ്ഞപോലുള്ള നാശനഷ്ടങ്ങളിൽ നിന്നും പരിരക്ഷ നൽകാൻ  പോന്നതാണ്.  2000-5000  രൂപ വരെ അധികം നൽകിയാൽ സാധാരണ കോംപ്രിഹെൻസീവ് പോളിസികളിൽ എഞ്ചിൻ പ്രൊട്ടക്ടർ ആഡ് ഓൺ ആയി ചേർക്കാം. 

ആഡ് ഓൺ 'ആക്‌സസറീസ് കവർ '

അതുപോലെ വണ്ടിക്കുള്ളിലെ ആക്‌സസറീസ് പ്രളയജലം കേറി നശിക്കുന്നതിനുള്ള പരിരക്ഷയായി ആക്‌സസറീസ് കവർ എന്നൊരു അഡീഷണൽ ഓപ്‌ഷനും ലഭ്യമാണ്. ഇത് എടുക്കുന്നതോടെ കാറിൽ ഫാക്ടറി ബിൽറ്റ് ഇൻ അല്ലാതെ അധികമായി ഘടിപ്പിക്കുന്ന ആക്സസറീസിന് വരുന്ന നാശങ്ങൾക്കും കവറേജ് കിട്ടും. 

ആഡ് ഓൺ 'സീറോ ഡിപ്രീസിയേഷൻ '

ഇതും ഒരു ആഡ് ഓൺ കവർ ആണ്. കോംപ്രിഹെൻസീവ് ഇൻഷുറൻസിൽ പോലും വാഹനത്തിന്റെ ഡിപ്രീസിയേഷൻ അഥവാ പഴക്കം കൂടുന്തോറുമുള്ള വിലയിടിവ് ഇൻഷുറൻസ് ക്ലെയിമിനെ ബാധിക്കുന്ന ഒരു ഘടകമാണ്. ഈ ആഡ് ഓൺ കവർ എടുക്കുന്നതോടെ, ക്ലെയിം പ്രോസസിൽ ഡിപ്രീസിയേഷൻ ഒരു ഘടകമായി പരിഗണിക്കില്ല. ക്ലെയിം പൂർണ്ണമായും കിട്ടുന്നതാണ്. 

വെള്ളമിറങ്ങിയാലും, വണ്ടി സ്റ്റാർട്ടാക്കരുതേ...

എഞ്ചിൻ കവർ ഇല്ലാത്ത വാഹനങ്ങൾ  ഒരു കാരണവശാലും വെള്ളമിറങ്ങിയാലും സ്റ്റാർട്ടാക്കരുത്. കവർ കോംപ്രിഹെൻസീവ് ആണെങ്കിലും, എഞ്ചിനിൽ വെള്ളം കയറി സ്റ്റാൾ ആയാൽ നഷ്ടപരിഹാരം നൽകില്ല. അതിനെ അവർ ഉപഭോക്താവിന്റെ ശ്രദ്ധക്കുറവായിട്ടാണ് കാണുക.  വാഹനം എത്രയും പെട്ടെന്ന് കെട്ടിവലിച്ച് സർവീസ് സെന്ററിൽ എത്തിച്ച്, ഇൻഷുറൻസ് പരിരക്ഷ ഉപയോഗിച്ചുതന്നെ നന്നാക്കിക്കിട്ടാനുളള പ്രക്രിയ തുടങ്ങുക. സർവീസ് സെന്ററുകാർ തന്നെ എസ്റ്റിമേറ്റ് ഉണ്ടാക്കി ഇൻഷുറൻസ് കമ്പനി സർവേയർ വന്ന് അപ്പ്രൂവൽ നൽകുന്നതോടെ റിപ്പയർ തുടങ്ങും. വൈകുന്തോറും ഇൻഷുറൻസ് പണം മുഴുവൻ കിട്ടാതിരിക്കാനുള്ള സാധ്യതയും കൂടും. 

വണ്ടി ഒലിച്ചുപോയാൽ :

വാഹനം പ്രളയത്തിൽ ഒലിച്ചുപോയി, തിരിച്ചുകിട്ടാത്തവിധം കാണാതായിട്ടുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ട്, ജിഡി ബുക്ക് എൻട്രി രേഖ കാണിക്കേണ്ടതാണ്. നഷ്ടപരിഹാരം ക്‌ളെയിം ചെയ്യാൻ ഇത് അത്യാവശ്യമാണ്.  ക്ലെയിം സെറ്റിൽ ചെയ്യാൻ പോലീസിന്റെ ഫൈനൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും ഹാജരാക്കേണ്ടി വരും. ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കും നഷ്ടപരിഹാരം അനുവദിച്ചുകിട്ടാൻ. കാറിനൊപ്പം ഇൻഷുറൻസിന്റെ പേപ്പറും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇൻഷുറൻസ് കമ്പനി ഓഫീസിൽ ചെന്ന് അമ്പതുരൂപ അടച്ച് അപേക്ഷിച്ചാൽ ഡ്യൂപ്പ്ളിക്കേറ്റ് കിട്ടന്നതാണ്. 

 ടോട്ടൽ ലോസ് :

പ്രളയത്തിൽ വാഹനം പാടെ തകരുകയും, റിപ്പയർ ചെയ്ത് പൂർവസ്ഥിതിയിൽ ആക്കാനുള്ള ചെലവ് ഇൻഷ്വർ ചെയ്ത തുകയേക്കാൾ കൂടുതലാകുകയും ചെയ്‌താൽ ടോട്ടൽ ലോസ് വ്യവസ്ഥയിലാണ് നഷ്ടപരിഹാരം ക്‌ളെയിം ചെയ്യുക. ഡിപ്രീസിയേഷൻ കിഴിച്ചുള്ള ഇൻഷുറൻസ് തുക നമുക്ക് കിട്ടും. വണ്ടിയുടെ ഉടമസ്ഥാവകാശം പിന്നെ ഇൻഷുറൻസ് കമ്പനിക്കാവുമെന്നു മാത്രം. 

click me!