
അടുത്തിടെ സൂപ്പർഹിറ്റായ മലയാളം സിനിമയാണ് നിവിൻ പോളിയും അഖിൽ സത്യനും ഒരുമിച്ച ‘സർവ്വം മായ’. ഈ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്‍ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. ‘സർവ്വംമായ’യിലെ ഒരു ദൃശ്യമാണ് ഇപ്പോൾ വീണ്ടും റോഡ് സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ചിത്രത്തിലെ റിയ ഷിബു അവതരിപ്പിച്ച കഥാപാത്രമായ ദലേലു അഥവാ മായ മാത്യു മാഞ്ഞൂരാന് സംഭവിക്കുന്ന അപകടമാണ് സോഷ്യൽ മീഡിയിയൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള വൈറൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. റോഡിന്റെ വലത് വശത്ത് പാർക്ക് ചെയ്ത കാറിന്റെ മുന്നിലെ കോ- ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന ദലേലു പെട്ടെന്ന് ഇടത് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുന്നതാണ് രംഗം. തുടർന്ന് ബ്രെയിൻ ഡെത്തിന് വിധേയയാകുകയാണ് ദലേലു. ഈ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മായയുടെ അച്ഛൻ കാർ റോഡിന്‍റെ ഇടതുവശത്തായിരുന്നു പാർക്ക് ചെയ്തിരുന്നതെങ്കിൽ ഇങ്ങനൊരു ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് പലരും പറയും പറയുന്നത്. എന്തായാലും ഈ സീൻ ഗതാഗതനിയമങ്ങളെക്കുറിച്ചും 'ഡോറിംഗ്' അപകടങ്ങളെക്കുറിച്ചും ‘ഡച്ച് റീച്ച്’ എന്ന സുരക്ഷാ രീതിയെക്കുറിച്ചുമൊക്കെയുള്ള അറിവുകളിലേക്ക് വിരൽ ചൂണ്ടുന്നു.
സിനിമയിലെ സീൻ ആണെങ്കിലും ഈ സംഭവം യാഥാർഥ്യത്തിൽ ദിനംപ്രതി നമ്മുടെ റോഡുകളിൽ ആവർത്തിക്കപ്പെടുന്ന ഒരു അപകടസാധ്യതയാണ്. ഇന്ത്യയിലെ റോഡ് നിയമപ്രകാരം വാഹനങ്ങൾ സാധാരണയായി ഇടത് വശത്തുകൂടിയാണ് സഞ്ചരിക്കേണ്ടത്. അതിനാൽ വലത് വശത്ത് വാഹനം പാർക്ക് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാർക്കും കാൽ നട യാത്രികർക്കും ഒരുപോലെ അപകടം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് മുന്നിലെ കോ - ഡ്രൈവർ സീറ്റിന്റെ വാതിൽ റോഡിലേക്കാണ് തുറക്കേണ്ടിവരുന്നത് എന്നതിനാൽ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രതികരിക്കാൻ സമയം കുറയുന്നു.
റോഡ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ഇത്തരത്തിലുള്ള “ഡോർ ഓപ്പണിംഗ്” അപകടങ്ങൾ ഒഴിവാക്കാൻ ലളിതമായ ചില ശീലങ്ങൾ മതിയെന്നാണ്. പാർക്ക് ചെയ്യുമ്പോൾ കഴിയുന്നത്ര ഇടത് വശം തിരഞ്ഞെടുക്കുക. നിർബന്ധിത സാഹചര്യങ്ങളിൽ വലത് വശത്ത് പാർക്ക് ചെയ്താൽ, വാതിൽ തുറക്കുന്നതിന് മുമ്പ് സൈഡ് മിററും റിയർ വ്യൂ മിററും ശ്രദ്ധാപൂർവം പരിശോധിക്കണം. 'ഡച്ച് റീച്ച്' എന്ന രീതിയിൽ, വാതിലിനോട് അകലെ ഉള്ള കൈ ഉപയോഗിച്ച് വാതിൽ തുറക്കുന്നത് ശരീരം തിരിയാൻ സഹായിക്കുകയും പിന്നിൽ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുകയും ചെയ്യും.
കാറിന്റെ വാതിൽ തുറക്കുമ്പോൾ, വാതിലിനോട് ഏറ്റവും അടുത്ത കൈ ഉപയോഗിക്കാതെ, മറുവശത്തെ കൈ- ഉദാഹരണത്തിന് ഡ്രൈവർ ആണെങ്കിൽ വലതുവാതിൽ തുറക്കാൻ ഇടത് വശത്തെ കൈ, ഇടുവശത്തിരിക്കുന്ന യാത്രികർ വലതുകൈ ഉപയോഗിക്കുന്ന രീതിയാണ് ഡച്ച് റീച്ച് മെതേഡ്
മറുവശത്തെ കൈ ഉപയോഗിച്ച് വാതിൽ തുറക്കുമ്പോൾ ശരീരം സ്വാഭാവികമായി പിന്നിലേക്ക് തിരിയും. കണ്ണുകൾ റോഡിലേക്കും പിൻവശത്തേക്കും പോകും. ഇതുകൊണ്ടുതന്നെ സൈക്കിള്‍, ബൈക്ക്, സ്‍കൂട്ടർ തുടങ്ങിയ വാഹനങ്ങളോ കാൽനടയാത്രികരോ അടുത്ത് വരുന്നത് എളുപ്പം കാണാൻ സാധിക്കും. ഇതിലൂടെ പെട്ടെന്ന് തുറക്കുന്ന വാതിലിൽ ഇടിച്ചുള്ള അപകടം അഥവാ ഡോറിംഗ് അപകടങ്ങൾ ഒഴിവാക്കാം.
ഈ രീതിക്ക് തുടക്കം നെതർലാൻഡ്‍സിൽ നിന്നാണ്. 1970 കളിൽ നെതർലാൻഡിൽ നിന്നാണ് ഈ രീതി ഉത്ഭവിച്ചത്. അവിടെ സൈക്കിൾ യാത്രക്കാർ കൂടുതലായതിനാൽ, ഇത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കാൻ ഇത് ട്രാഫിക് സേഫ്റ്റി റൂളായി തന്നെ പഠിപ്പിക്കുന്നു. ഇപ്പോൾ ഈ രീതിക്ക് ആഗോളതലത്തിൽ തന്നെ പ്രചാരം ലഭിച്ചു.
അതുപോലെ ഇത്തരം സാഹചര്യങ്ങളിൽ ഹസാർഡ് ലൈറ്റ് ഓൺ ചെയ്യുക, രാത്രി സമയങ്ങളിൽ ആണെങ്കിൽ റിഫ്ലക്ടീവ് ജാക്കറ്റുകൾ ഉപയോഗിക്കുക, യാത്രക്കാരെയും കുട്ടികളെയും റോഡിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുക തുടങ്ങിയവയും നിർണായകമാണ്. ചെറിയ അശ്രദ്ധ വലിയ ദുരന്തമാകുന്ന ഈ സാഹചര്യത്തിൽ, സർവ്വം മായ സിനിമയിലെ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഒറ്റ കാര്യമാണ്, റോഡിൽ സുരക്ഷയ്ക്ക് പകരം മറ്റൊന്നുമില്ല എന്ന ഒറ്റക്കാര്യം.