നിങ്ങളുടെ കാറിനെ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ദുശീലങ്ങള്‍

Published : Sep 22, 2017, 02:40 PM ISTUpdated : Oct 05, 2018, 01:40 AM IST
നിങ്ങളുടെ കാറിനെ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ദുശീലങ്ങള്‍

Synopsis


പലരും കാര്‍ ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുന്ന ശീലമുള്ളവരാകും. എന്നാല്‍ താത്കാലിക ലാഭത്തിനു വേണ്ടിയുള്ള ഈ ശീലത്തിനു ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും. കാരണം കുറച്ച് ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് അതിവേഗം ചൂടാകും. ഇത് ഇന്ധന നഷ്‍‍ടമുള്‍പ്പെടെയുള്ള തകരാറുകളിലേക്കായിരിക്കും വാഹനത്തെ നയിക്കുക. അതിനാല്‍ ടാങ്കിന്റെ കാല്‍ഭാഗമെങ്കിലും ഇന്ധനം കരുതണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


സ്റ്റിയറിംഗില്‍ നിന്നും  വിശ്രമം തേടിയാവും പലരും ഗിയര്‍ ഷിഫ്റ്റിന് മേല്‍ ഇടയ്ക്കിടെ കൈ വെയ്ക്കുന്നത്. എന്നാല്‍ കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറിലാക്കാം എന്നതിനാല്‍ ഈ ശീലം ഗിയര്‍ ബോക്‌സിന്റെ നാശത്തിന് കാരണമാകും.


ഇറക്കങ്ങളില്‍ മിക്കവരും ബ്രേക്കിന് മേല്‍ കാല്‍ വെച്ചാവും വാഹനം ഓടിക്കുക. അടിയന്തര സാഹചര്യത്തില്‍ എളുപ്പം ബ്രേക്ക് ചവിട്ടാന്‍ ഇത് സഹായിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ബ്രേക്കിന് മേല്‍ അനാവശ്യമായി കാല്‍വെയ്ക്കുന്നത് ബ്രേക്ക് പാഡിലും റോട്ടറിലും അധിക സമ്മര്‍ദ്ദം ചെലുത്തും. അതോടെ ബ്രേക്കുകളില്‍ ചൂടു കൂടുകയും ബ്രേക്കിംഗ് കഴിവ് നഷ്‍ടമാകുകയും ചെയ്യും. അതായത് ബ്രേക്ക് ചവിട്ടിയാല്‍ ലഭിക്കണമെന്നില്ല. നിങ്ങള്‍ ഉദ്ദേശിച്ചതിന്‍റെ വിപരീതഫലമാവും ലഭിക്കുകയെന്ന് ചുരുക്കം. അപ്പോള്‍ ഇറക്കങ്ങളില്‍ വാഹനത്തെ ചെറിയ ഗിയറില്‍ ഇറക്കുക. അങ്ങനെ വാഹനത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കുക.


കാറില്‍ കയറ്റാവുന്ന ഭാരത്തിന് ഒരു പരിധിയുണ്ട്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കാറില്‍ കരുതുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. കാറിന്‍റെ ആയുസ് കാത്തുസൂക്ഷിക്കണമെങ്കില്‍ അനാവശ്യമായ ഭാരം ഒഴിവാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇന്ധനക്ഷമതക്കൊപ്പം ബ്രേക്ക്, സസ്‌പെന്‍ഷന്‍, ഡ്രൈവ്‌ട്രെയിന്‍ തുടങ്ങിയ ഘടകങ്ങളെയെല്ലാം അമിതഭാരം മോശമായി ബാധിക്കും.


അപ്രതീക്ഷിതമായ ബ്രേക്കിംഗ് പല സാഹചര്യത്തിലും ഒഴിച്ച് കൂടാനാവത്ത സംഗതിയാണ്. എന്നാല്‍ ഇത് ഒരു ശീലമായി കൊണ്ടു നടക്കരുത്. കാരണം ബ്രേക്ക് പാഡുകളും റോട്ടറുകളും അതിവേഗം നശിക്കുന്നതിന് ഇത്  കാരണമാകും. ബ്രേക്ക് പെഡലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുക.


മാനുവല്‍ ഗിയര്‍ സിസ്റ്റത്തില്‍ ഡ്രൈവറാണ് രാജാവ്. അതായത് എഞ്ചിനിലും അതിന്റെ കരുത്തിലും ഡ്രൈവര്‍ക്കാണ് സമഗ്രാധിപത്യം. ഡ്രൈവര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് മുകളിലായി യാതൊരു വിധ ഇലക്ട്രോണിക് ഉപകരണങ്ങളും ഇക്കാര്യത്തില്‍ ഇടപെടില്ല. അതിനാല്‍ RPM മീറ്റര്‍, അല്ലെങ്കില്‍ ടാക്കോ മീറ്ററില്‍ ഡ്രൈവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഉയര്‍ന്ന RPM കളില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടത്തണം. അതുപോലെ ഏറെ വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ് എഞ്ചിന് തകരാറാക്കുമെന്നതിന് സംശയമില്ല.


ക്ലച്ചിനെ അമിതമായി സ്നേഹിക്കുന്നവരാകും പല ഡ്രൈവര്‍മാരും. ട്രാഫിക്ക് സിഗ്നലുകളില്‍ പച്ച തെളിയുന്നതും കാത്ത് ക്ലച്ചില്‍ കാല്‍ അമര്‍ത്തി അക്ഷമരായി നില്‍ക്കുന്നവരാണ് പലരും. ഈ ദുശീലം മൂലം ക്ലച്ചിന്റെ തേയ്‍മാനം കൂടും. ക്ലച്ച് പ്ലേറ്റുകള്‍ തുടര്‍ച്ചയായി മാറ്റേണ്ടിയും വരും.


റിവേഴ്‌സ് ഗിയറില്‍ പിന്നോട്ട് നീങ്ങുന്നതിനിടയില്‍ പൊടുന്നനെ കാറിനെ ഡ്രൈവ് ഗിയറിലേക്ക് മാറ്റുന്ന ശീലം പലര്‍ക്കുമുണ്ട്. വാഹനം പാര്‍ക്കിംഗ് ചെയ്യുന്ന സമയങ്ങളിലാണ് പലരിലും ഈ ദുശീലം തുടങ്ങുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ദിശയില്‍ നിന്നും അപ്രതീക്ഷിതമായി എതിര്‍ ദിശയിലേക്ക് മാറുന്നത് കാറിന്‍റെ ഡ്രൈവ്‌ട്രെയിനില്‍ അധിക സമ്മര്‍ദ്ദത്തിനിടയാക്കും. അതിനാല്‍ റിവേഴ്‌സ് ഗിയറില്‍ കാര്‍ നിന്നതിന് ശേഷം മാത്രം ഡ്രൈവ് ഗിയറിലേക്ക് മാറ്റുക.


പലരും ഉപയോഗിക്കാത്ത ഒരു വാഹനം ഭാഗമാവും പാര്‍ക്കിംഗ് ബ്രേക്കുകള്‍. ഗിയറില്‍ നിര്‍ത്തിയാല്‍ പിന്നെ എന്തിനാണ് പാര്‍ക്കിംഗ് ബ്രേക്ക് എന്നാവും ചിലര്‍ക്ക് സംശയം. പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിച്ചില്ലെങ്കില്‍, വാഹനത്തിന്റെ മുഴുവന്‍ ഭാരവും ഗിയര്‍ബോക്‌സിലുള്ള ചെറിയ ലോഹ ഘടകമായ പാര്‍ക്കിംഗ് പോളിലേക്ക് (pawl) വരും. ഇത് പാര്‍ക്കിംഗ് പോളിന്‍റെ നാശത്തിനിടയാക്കും.


ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ മഹാഭൂരിപക്ഷത്തിനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. എന്നാല്‍ പുതിയ വാഹനങ്ങളിലൊക്കെയും ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണുള്ളത്. അതായത് കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ എഞ്ചിനുകള്‍ക്ക് കഴിയും. ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു സംവിധാനം അതിനു പര്യാപത്മാണ്.

അതുകൊണ്ട് എഞ്ചിന്‍ ചൂടാക്കുക എന്ന തെറ്റായ ധാരണ ഉടന്‍ മനസില്‍ നിന്നും എടുത്തുകളയുക. കാരണം ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കുന്നത് എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് ഇടയാക്കും. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധനം ഓയിലുമായി കലരുകയും ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയുകയും ചെയ്യും. അതോടെ ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കാതെ എഞ്ചിന്‍ തകരാറിലുമാകും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?