ടാറ്റക്ക് പിന്നാലെ കോംപസിനെ വെല്ലുവിളിച്ച് മഹീന്ദ്രയും

By Web DeskFirst Published Aug 24, 2017, 6:06 PM IST
Highlights

ഐക്കണിക്ക്  ബ്രാന്‍റ് ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡല്‍ കോംപസിനെ ഇന്ത്യന്‍ കമ്പനികള്‍ ഭയന്നു തുടങ്ങിയെന്നാണ് വാഹനലോകത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കാരണം കോംപസിനെതിരെ പരസ്യത്തിലൂടെയുള്ള യുദ്ധത്തിന് ഒന്നിനു പിറകെ ഒന്നായി ഇറങ്ങിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കൾ. ഹെക്സയുടെ പരസ്യത്തിലൂടെ ടാറ്റയാണ് ആദ്യം രംഗത്തെത്തിയതെങ്കില്‍ ഇപ്പോഴിതാ സാക്ഷാല്‍ മഹീന്ദ്രയും കോംപസിനെതിരെ ഇറങ്ങിയിരിക്കുന്നു.

ഹെക്സയിൽ എവിടെ വേണമെങ്കിലും പോകാം കോംപസിന്റെ ആവശ്യമില്ലെന്നായിരുന്നു ടാറ്റയുടെ പരസ്യം.  ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് നേടിയ XUV500 ന്റെ കരുത്തിനെ ചൂണ്ടിക്കാട്ടി മഹീന്ദ്ര നല്‍കിയ ട്വീറ്റാണ് കോമ്പസിനെ പരോക്ഷമായി ട്രോളുന്നത്. റേസുകള്‍ ജയിക്കാന്‍ വേണ്ടത് കോമ്പസ് അല്ല ധൈര്യമാണ് വേണ്ടത് എന്നാണ് മഹീന്ദ്രയുടെ പരസ്യം.

പ്രീമിയം സെഗ്മെന്റിലാണ് ജീപ്പ് കോംപസിനെ പുറത്തിറക്കിയതെങ്കിലും വില പ്രഖ്യാപിച്ചതോടെ മഹീന്ദ്ര എക്സ്‌യുവി, ടാറ്റ ഹെക്സ എന്നിവയടക്കം നിരവധി വാഹനങ്ങൾക്കാണ് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. 70 ലക്ഷം രൂപയ്ക്ക് മേലെ പ്രൈസ് ടാഗുമായിട്ടാണ് 2016ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ജീപ്പ് കടന്നുവരുന്നത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത മോഡലായ കോംപസിനെ വെറും 15 ലക്ഷം രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയിലിറക്കുന്നത്.

2 ലീറ്റർ മൾ‌ട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 14.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില. ഈ വിലയുടെ പശ്ചാത്തലത്തിലാവണംചൂടപ്പം പോലെയാണ് ജീപ് ഡീലര്‍ഷിപ്പുകളില്‍ നിന്നും കോമ്പസുകള്‍ വിറ്റുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തന്നെയാവണം എതിരാളികളുടെ ഭയമെന്നാണ് വാഹന പ്രേമികളുടെ വിലയിരുത്തല്‍.

ഇന്ത്യയില്‍ വാഹന വിപ്ലവത്തിനാകും കോംപസിന്‍റെ അരങ്ങേറ്റം വഴിയൊരുക്കുകയെന്ന് തുടക്കം മുതല്‍ വിലയിരുത്തലുകളുണ്ടായിരുന്നു. പക്ഷേ ഇത്തരം പരസ്യങ്ങള്‍ കോമ്പസിന് ഗുണകരമാകുമെന്നാണ് ജീപ്പ് ആരാധകര്‍ പറയുന്നത്. മറ്റുനിര്‍മ്മാതാക്കളുടെ ചെലവില്‍ കോംപസ് ജനഹൃദയങ്ങളിലേക്ക് ഇറങ്ങുമെന്നാണ് ആരാധകരുടെ പക്ഷം.

 

click me!