
ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയിലായിരുന്നു നെക്സോണിന്‍റെ മിന്നുന്ന പ്രകടനം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്.
ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ആനന്ദ് മഹീന്ദ്ര ടാറ്റ ടീമിനെ അഭിനന്ദനം അറിയിച്ചത്. ഈ നേട്ടം സ്വന്തമാക്കിയതിന് അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ നിര്‍മിക്കുന്ന ഒന്നും പിന്നിലല്ലെന്ന് തെളിയിക്കാനും നിങ്ങള്‍ക്കൊപ്പം ഞങ്ങളും ചേരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ഓട്ടോയും ക്രാഷ് ടെസ്റ്റില്‍ അഞ്ചും, നാലും സ്റ്റാര്‍ സുരക്ഷ നേടിയത് വലിയ കാര്യമായി കാണുന്നുവെന്നാണ് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ്, ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിനോട് പ്രതികരിച്ചത്.
ടാറ്റ നെക്‌സോണിന് പുറമെ, മഹീന്ദ്രയുടെ എംപിവി മോഡലായ മരാസോയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങളും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവനയാണ് നെക്‌സോൺ. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ ഇത്തവണ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് പുറത്തിറക്കിയത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ ക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.
1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170 ന്യൂട്ടൺ മീറ്ററാണ്. 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഫോര്‍ഡ് എക്കോസ്‌പോര്‍ട്, ഹോണ്ട ഡബ്ല്യു ആർ വി, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് നെക്സോണിന്‍റെ മുഖ്യ എതിരാളികള്‍.