ആക്സസിനു മുന്നില്‍ ആക്ടീവ പതറുന്നോ?!

By Web TeamFirst Published Feb 23, 2019, 10:49 AM IST
Highlights

രാജ്യത്തെ ബെസ്റ്റ് സെല്ലിങ് സ്‌കൂട്ടറുകളില്‍ ഒന്നാമനെന്ന പേര് ഈ വര്‍ഷവും തുടരുകയാണ് ഹോണ്ട ആക്ടീവ

രാജ്യത്തെ ബെസ്റ്റ് സെല്ലിങ് സ്‌കൂട്ടറുകളില്‍ ഒന്നാമനെന്ന പേര് ഈ വര്‍ഷവും തുടരുകയാണ് ഹോണ്ട ആക്ടീവ. ജനുവരിയിലെ വില്‍പ്പന കണക്കുകല്‍ പുറത്തു വന്നപ്പോഴാണ് 2019ലും ആക്ടീവ കരുത്തറിയിക്കുന്നത്. 213,302 യൂണിറ്റ് ആക്ടീവയാണ് ജനുവരിയില്‍ ഹോണ്ട വിറ്റഴിച്ചത്.

ടിവിഎസ് ജൂപ്പിറ്ററിനെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തിയ സുസുക്കി ആക്സസിനെക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണ് ആക്ടീവയുടെ വില്‍പ്പന. പക്ഷേ കഴിഞ്ഞ വര്‍ഷം ജനുവരിയിലെക്കാള്‍ വില്‍പന കുറവാണ് ആക്ടീവയ്ക്ക് എന്നതാണ് ശ്രദ്ധേയം. 243,826 യൂണിറ്റ് ആക്ടീവയാണ് 2018 ജനുവരിയില്‍ ഹോണ്ട വിറ്റഴിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ജനുവരിയിലേതിനെക്കാള്‍ 44 ശതമാനം അധിക വളര്‍ച്ചയോടെയാണ് സുസുക്കി ആക്സസ് രണ്ടാം സ്ഥാനത്തെത്തിയത്. 54,524 യൂണിറ്റ് ആക്സസുകള്‍ കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ചു.

മൂന്നാം സ്ഥാനക്കാരായ ടിവിഎസ് ജൂപിറ്ററിന്റെ വില്‍പന 51,300 യൂണിറ്റാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 21 ശതമാനം കുറവാണിത്. 46,854 യൂണിറ്റോടെ ഹോണ്ട ഡിയോ നാലാം സ്ഥാനത്തുണ്ട്.

21,352 യൂണിറ്റുകളുമായി  ഹീറോ ഡെസ്റ്റിനി 125 ആണ് അഞ്ചാം സ്ഥാനത്ത്. ടിവിഎസ് എന്‍ടോര്‍ക്ക് (15,836 യൂണിറ്റ്), ഹീറോ പ്ലെഷര്‍ (12,892 യൂണിറ്റ്), യമഹ ഫസിനോ (12,493 യൂണിറ്റ്), ഹീറോ മാസ്ട്രോ (11,803 യൂണിറ്റ്), ടിവിഎസ് സ്‌കൂട്ടി പെപ്പ് പ്ലാസ് (9,114 യൂണിറ്റ്) എന്നിവയാണ് പട്ടികയില്‍ യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടം കഴിഞ്ഞ വര്‍ഷം ആക്ടീവ സ്വന്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യന്‍ നിരത്തില്‍ രണ്ടരക്കോടി ഇരുചക്രവാഹനങ്ങള്‍ എന്ന നേട്ടം ഹോണ്ടയും സ്വന്തമാക്കിയിരുന്നു. 2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്.

click me!