ബ്രിട്ടീഷുകാരനു പണി കൊടുത്ത സര്‍ദാര്‍ ഒരുമിച്ച് വാങ്ങിയത് ആറ് റോള്‍സ് റോയ്‍സുകള്‍!

By Web TeamFirst Published Feb 2, 2019, 5:35 PM IST
Highlights

ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ച റൂബന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്

തന്റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായ രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ച  റൂബൻ സിങ്ങെന്ന സിഖുകാരനെ ഓര്‍മ്മയില്ലേ? 2018 ജനുവരി ആദ്യവാരമായിരുന്നു ആ സംഭവം. ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ച റൂബന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

പുതിയ ആറ് റോള്‍സ് റോയ്‍സ് കാറുകള്‍ കൂടി ഒരുമിച്ച് വാങ്ങിയാണ് റൂബന്‍ സിങ്ങ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. റൂബന്‍റെ ഗാരേജിലെ റോള്‍സ് റോയ്‍സ് കാറുകളുടെ മാത്രം എണ്ണം ഇരുപതിനടുത്തായി. പുതുതായി എത്തിയ റോള്‍സ് റോയ്‍സുകളില്‍ ആറെണ്ണത്തില്‍ മൂന്ന് റോള്‍സ് റോയ്‍സ് ഫാന്റം കാറുകളും മൂന്ന് കള്ളിനന്‍ എസ്‍യുവികളും ഉള്‍പ്പെടുന്നു. 

രത്‌നങ്ങളുടെ ശേഖരം എന്നാണ് റൂബന്‍ ഇതിനെ വിളിക്കുന്നത്. കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറമായത് കാരണമാണ് ഇങ്ങനെ പേരിട്ടു വിളിക്കുന്നത്. ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്. മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്. റോള്‍സ് റോയ്‍സ് സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വിലയേറിയ അത്യാഢംബര കാറാണ് റോള്‍സ് റോയ്‍സ് ഫാന്റമെങ്കില്‍ കമ്പനിയുടെ ഏക എസ്‍യുവിയാണ് കള്ളിനന്‍.  ഏകദേശം 2.5 ലക്ഷം യൂറോയാണ് റോൾസ് റോയ്സ് കള്ളിനാന്റെ യൂറോപ്യൻ വില. ഫാന്റത്തിന്റെ യുകെ വില ഏകദേശം 3.6 ലക്ഷം യൂറോയാണ്.

ബ്രട്ടീഷ് ബില്‍ഗേറ്റസ് എന്നറിയപ്പെടുന്ന റൂബൻ സിങ് തന്നെയാണ് താൻ പുതിയ കാറുകൾ സ്വന്തമാക്കിയ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. റോള്‍സ് റോയ്‍സ് കാറുകള്‍ കൂടാതെ ബുഗാട്ടി വെയ്‌റോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കാന്‍, ഫെറാറി എ12 ബെര്‍ലിനെറ്റ തുടങ്ങി നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്. 

കഴിഞ്ഞ വര്‍ഷം റോൾസ് റോയ്സ് ഫാന്റം  ഡോൺ, റെയ്‍ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തിയായിരുന്നു  റൂബൻറെ മധുരപ്രതികാരം. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്‍സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്.  ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരുന്നു അന്ന് റൂബൻ.

ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാളു കൂടിയായ റൂബൻ സിങ് . ടോണി ബ്ലെയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സര്‍്കകാരില്‍ ഇദ്ദേഹം പല പദവികളും  വഹിച്ചിട്ടുണ്ട്.  

click me!