അള്‍ട്ടോയ്ക്ക് 40 വയസ്; പിറന്നാള്‍ ദിനത്തില്‍ പുതിയ മോഡല്‍ വരുന്നു!

By Web TeamFirst Published Feb 1, 2019, 6:20 PM IST
Highlights

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണ്. നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ പുത്തന്‍ ആള്‍ട്ടോയെ നിരത്തിലെത്തിക്കാന്‍ സുസുക്കി തയ്യാറെടുക്കുന്നു. 

ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ ചെറുകാറാണ് മാരുതി സുസുക്കിയനുടെ അള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്‍. 2000ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഈ ഹാച്ച് ബാക്കിന്‍റെ ഇന്ത്യയിലെ നിലനില്‍പ്പ് ഇപ്പോള്‍ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ പുതിയ സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളും അള്‍ട്ടോയെ പിന്‍വലിക്കാന്‍ മാരുതിയെ നിര്‍ബന്ധിക്കുമ്പോള്‍ ആഗോളതലത്തില്‍ നിന്നും വരുന്നത് ഒരു സന്തോഷ വാര്‍ത്തയാണ്.

അള്‍ട്ടോയ്ക്ക് ജന്മം നല്‍കിയ ജപ്പാനിലെ സുസുക്കി കോര്‍പ്പറേഷന്‍ പുത്തന്‍ ആള്‍ട്ടോയെ നിരത്തിലെത്തിക്കാന്‍ തയ്യാറെടുക്കുന്നതാണ് ആ വാര്‍ത്ത. ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണ്. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ അള്‍ട്ടോയുടെ പുതു തലമുറ മോഡലിനെ സുസുക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2014 മോഡല്‍ സുസുക്കി അള്‍ട്ടോയാണ് നിലവില്‍ ആഗോള നിരത്തുകളിലോടുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.  മള്‍ട്ടിപ്പിള്‍ എന്‍ജിന്‍ ട്യൂണില്‍ 660 സിസി എന്‍ജിനാണ് ഈ അള്‍ട്ടോയുടെ ഹൃദയം. ഇതേ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ അള്‍ട്ടോയ്ക്കുമെന്നാണ് കരുതുന്നത്.  സുസുക്കിയുടെ പുതിയ മോഡലുകളിലെ അതേ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും പുത്തന്‍ ആള്‍ട്ടോയുടെയും നിര്‍മാണം. ഭാരം കുറഞ്ഞതാണെങ്കിലും ഈ പ്ലാറ്റ്‌ഫോം കൂടുതല്‍ ദൃഢത നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ച് 1983ലാണ് മാരുതി 800 വിപണിയിലെത്തുന്നത്. പിന്നീട് പ്രീമിയം വിഭാഗത്തിലേക്ക് മാരുതിയും സുസുക്കിയും ചേര്‍ന്ന്  2000 -ലാണ് അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ലാണ് അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ മോഡല്‍ തന്നെയാണ് ഇപ്പോഴും വിപണിയില്‍ തുടരുന്നത്. 

വളരെ വേഗം തന്നെ കമ്പനിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായി മാറിയ വാഹനത്തിന് 796 സിസി പെട്രോള്‍ എഞ്ചിന്‍ ആണ് ഹൃദയം. 48 bhp കരുത്തും 69 Nm ടോർക്കും ഈ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. 24.7 കിലോമീറ്റര്‍ വരെ മൈലേജുള്ള അള്‍ട്ടോ 800 ഹാച്ച്ബാക്കിന് നിലവില്‍ 2.52 ലക്ഷം രൂപ മുതലാണ് വിപണി വില.  

2019 ഓടെ രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളും കാരണം അള്‍ട്ടോ 800 ഹാച്ച്ബാക്ക് മാരുതി പിന്‍വലിക്കാനൊരുങ്ങുകയാണ്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലെത്തുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്നും സുരക്ഷ ശക്തമാക്കുന്നതിനായി എബിഎസ്, എയര്‍ ബാഗ് സംവിധാനം ഒരുക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.  എന്നാല്‍ അള്‍ട്ടോ ഉള്‍പ്പെടെയുള്ള മോഡലുകള്‍ പുനര്‍രൂപകല്‍പന ചെയ്യുമ്പോള്‍ ചിലവു വീണ്ടും കുതിച്ചുയരും. അതിനാല്‍ വിപണിയില്‍ തുടരുക പ്രായോഗിമല്ലെന്നാണ് വിലയിരുത്തല്‍. 

എന്തായാലും ആഗോളതലത്തില്‍ സുസുക്കി അവതരിപ്പിക്കുന്ന പുത്തന്‍ ആള്‍ട്ടോ പുതിയ സാഹചര്യത്തില്‍ ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയാണ്. സുരക്ഷയിലും മലിനീകരണ നിയന്ത്രണത്തിലും കൂടുതല്‍ മികവുള്ള വാഹനം വൈകാതെ ഇന്ത്യയിലും എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വാഹന ലോകം.

click me!