പെട്രോളിനു നീല, ഡീസലിന് ഓറഞ്ച്; ഡൽഹിയിൽ വാഹനങ്ങള്‍ക്ക് ഇനി പുതിയ കളർകോ‍ഡ്

By Web TeamFirst Published Aug 13, 2018, 9:59 PM IST
Highlights
  • വാഹനങ്ങൾക്ക് കളർ കോഡ് സ്റ്റിക്കറുകൾ പതിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് സുപ്രീംകോടതിയുടെ അനുമതി

ദില്ലി: ഡൽഹിയിലെ വാഹനങ്ങൾക്ക് കളർ കോഡ് സ്റ്റിക്കറുകൾ പതിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് സുപ്രീംകോടതിയുടെ അനുമതി. ഉപയോഗിക്കുന്ന ഇന്ധനം മാനദണ്ഡമാക്കി സെപ്റ്റംബർ 30 മുതൽ പദ്ധതി നടപ്പാക്കാൻ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നൽകി.  ഇതനുസരിച്ച് പെട്രോൾ, സിഎൻജി വാഹനങ്ങളിൽ ഇളംനീല കളറിലുള്ള സ്റ്റിക്കറും ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച് നിറത്തിലെ സ്റ്റിക്കറും പതിക്കാനാണ് തീരുമാനം.

വായു മലിനീകരണം ഏറിയ ദിനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങൾ നിരത്തിലെത്താതെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളർ സ്റ്റിക്കറാകും വാഹനങ്ങളിൽ പതിക്കുക.

പാരീസിൽ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണ് സര്‍ക്കാരിന്‍റെ നീക്കം. നിലവിൽ മലിനീകരണതോത് ഏറിയ ദിവസങ്ങളിൽ വാഹന നമ്പറുകളിലെ ഒറ്റ–ഇരട്ട അക്കങ്ങൾ അടിസ്ഥാനമാക്കി അവ നിരത്തിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതിനേക്കാൾ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പാക്കാൻ കളർകോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റുകൾ നടപ്പാക്കുന്നതു പരിഗണിക്കാൻ വാദത്തിനിടെ ഗതാഗത മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.  ജസ്റ്റിസ് എം ബി. ലോക്കൂർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് അനുമതി. 

click me!