മൊബൈലില്‍ സംസാരിച്ച് ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

By Web DeskFirst Published Nov 25, 2017, 4:29 PM IST
Highlights

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് സ്വകാര്യബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. നേമം സ്റ്റുഡിയോ റോഡ് രാധാഭവനില്‍ കാര്‍ത്തിക്കിന്റെ ഡ്രൈവിങ് ലൈസന്‍സാണ് തിരുവനന്തപുരം ആര്‍.ടി.ഒ. ബി. മുരളീകൃഷ്ണന്‍ റദ്ദാക്കിയത്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകും വിധത്തില്‍ അലക്ഷ്യമായി ബസോടിച്ചതിനാണ് നടപടി. ലൈസന്‍സിങ് അതോറിറ്റിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ലൈസന്‍സ് തിരിച്ചെടുക്കുകയായിരുന്നു.

തിരക്കുള്ള റോഡിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന യുവാവിന്‍റെ വീഡിയോ നവംബര്‍ ആദ്യവാരമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പുലയനാർകോട്ട-പൂന്തുറ റൂട്ടിലെ കാശിനാഥൻ എന്ന സ്വകാര്യബസിന്‍റെ ഡ്രൈവറായിരുന്നു കാര്‍ത്തിക്. ബസിലെ യാത്രക്കാരി പകര്‍ത്തിയ വീഡിയോ ആണ് കാര്‍ത്തികിനെ കുടുക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കിഴക്കേക്കോട്ടയിലേക്കു പോകുകയായിരുന്നു ബസ്.

'തൂവാനത്തുമ്പികള്‍' എന്ന ഫേസ് ബുക്ക് പേജില്‍ ഈ അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഒരു വയസ്സ് മുതൽ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആൾകാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥൻ പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയിൽ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയുന്ന രംഗമാണിത്. എത്രയോ പേരുടെ ജീവൻ വെച്ചുള്ള കളിയാണിതെന്നും ഓർക്കണം. ഇന്നലെ അഞ്ചുപേർ മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറീട്ടില്ല... ഇതു എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തണം....ഇവന്റെ ലൈസൻസ് റദ്ദാക്കണം.

 ഇടതുകൈകൊണ്ടുമാത്രം ഇയാള്‍ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗിയര്‍ മാറ്റുമ്പോള്‍ സ്റ്റിയറിങ്ങില്‍ ഡ്രൈവറുടെ നിയന്ത്രണമില്ലാതെയാണ് വണ്ടിപോകുന്നത്. മെഡിക്കല്‍ കോളേജ് കവാടത്തിന് സമീപത്തെ ട്രാഫിക് സിഗ്‌നല്‍ കടന്നുപോകുമ്പോഴും ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം പ്രചരിച്ചു. ഇതേത്തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഇയാളെ പിടികൂടി ട്രാഫിക്കിന് കൈമാറി. അലക്ഷ്യമായി ബസ് ഓടിച്ചതിനും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിനും പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പിന് കൈമാറി. നിശ്ചിതകാലത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍, അതീവഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മോട്ടോര്‍ ആക്ട് 19 (1) എഫ് പ്രകാരം ലൈസന്‍സ് തിരിച്ചെടുക്കാനുള്ള അധികാരമുണ്ട്.

click me!