അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

Published : Nov 25, 2017, 03:34 PM ISTUpdated : Oct 05, 2018, 04:03 AM IST
അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

Synopsis

ചെന്നൈ: അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കിയ ചെന്നൈ മാരുതി ഡീലര്‍ഷിപ്പിന് ഒരു ലക്ഷം രൂപ പിഴ.  ചെന്നൈ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. ചെന്നൈ പള്ളിക്കരണിയിലെ പോപുലര്‍ വെഹിക്കിള്‍സില്‍ നിന്നും മാരുതി ഡിസൈര്‍ ടൂറിനെ ബുക്ക് ചെയ്ത സി ദുര്‍ഗാദേവി എന്നയാളുടെ പരാതിയിലാണ് നടപടി.

2015 ഫെബ്രുവരി 11 നാണ് ദുര്‍ഗാദേവി വാഹനം ബുക്ക് ചെയ്യുന്നത്. 7,20,244 രൂപയുടെ എസ്റ്റിമേറ്റ് ബില്ലാണ് ഡിസൈര്‍ ടൂറില്‍ ഡീലര്‍ഷിപ്പ് ദുര്‍ഗാദേവിക്ക് നല്‍കിയത്. 6,13,943 രൂപ എക്‌സ്‌ഷോറൂം വിലയായും, 13,943 രൂപ ഇന്‍ഷൂറന്‍സ് തുകയായും, 25,873 രൂപ റോഡ് നികുതിയായും, 80,428 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായും ബില്ലില്‍ ഉള്‍പ്പെട്ടിരുന്നു. 2015 ഫെബ്രുവരി 18 ന് 2,77,500 രൂപ പണമായി അടച്ചു.  ബാക്കി പണം വാഹനവായ്പ മുഖേന നല്‍കി. ഇതിന് പുറമെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി 1,500 രൂപയും ദുര്‍ഗാദേവിയില്‍ നിന്നും ഡീലര്‍ഷിപ്പ് ഈടാക്കി. എന്നാല്‍ ഫെബ്രുവരി 25 ന് ഡിസൈര്‍ ടൂറിന്റെ ഡെലിവറി സ്വീകരിച്ച ദുര്‍ഗാദേവിക്ക് ഡീലര്‍ഷിപ്പ് സമര്‍പ്പിച്ചത് 80,428 രൂപയുടെ രജിസട്രേഷന്‍ ചാര്‍ജ്ജാണ്. പക്ഷെ  രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായി യഥാര്‍ത്ഥ രേഖകളില്‍ ഡീലര്‍ഷിപ്പ് കാണിച്ചത് 61,796 രൂപയും. അന്വേഷിച്ചപ്പോള്‍ ഹാന്‍ഡ്‌ലിംഗ്, റിപ്പയര്‍ ചാര്‍ജ്ജുകള്‍ക്കാണ് അധിക തുക ഈടാക്കിയതെന്നായിരുന്നു വിശദീകരണം.

ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന്റെ പേരില്‍ അനധികൃതമായി ഈടാക്കുന്ന പണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡീലര്‍ഷിപ്പിനോട് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വാഹനലോകം പറയുന്നത്.  ഒരു വാഹനം ഉത്പാദന കേന്ദ്രത്തില്‍ നിന്നും ഷോറൂമില്‍ എത്തിക്കാനും തുടര്‍ന്ന് രജിസ്‌ട്രേഷന് കൊണ്ടുപോയി തിരിച്ച് കൊണ്ടുവരാനും ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്ന നിരക്കാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്. ഇരുചക്ര വാഹനങ്ങള്‍ക്ക് 110 രൂപയും, കാറുകള്‍ക്ക് 300 രൂപയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടപ്രകാരം ഉപഭോക്താവിന്റെ പക്കല്‍ നിന്നും വാഹനഡീലര്‍മാര്‍ ഈടാക്കേണ്ട തുക.

എന്നാല്‍ നിലവില്‍ യഥാര്‍ത്ഥ നിരക്കിന്റെ പത്തിരട്ടിക്ക് മേലെയാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജായി ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്നത്. ഇന്ന് വ്യാപകമായി രാജ്യത്തുടനീളം ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന്റെ പേരില്‍ ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. കാറിന്റെ മൂല്യത്തെ അടിസ്ഥാനപ്പെടുത്തി 5,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നിലവില്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജായി ഇടാക്കപ്പെടുന്നത്. അതേസമയം, കേരളത്തില്‍ ഉപഭോക്താവില്‍ നിന്നും ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് എന്ന പേരില്‍ പണം ഈടാക്കില്ലെന്ന് വാഹനനിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും സംയുക്ത യോഗം മുമ്പ് തീരുമാനിച്ചിരുന്നു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ