അമ്മയെയും കുഞ്ഞിനെയും കാറില്‍ കെട്ടിവലിച്ച സംഭവം; പുതിയ വീഡിയോ പുറത്ത്

By Web DeskFirst Published Nov 13, 2017, 5:51 PM IST
Highlights

മുംബൈ: കാറിനുള്ളില്‍ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും പിഞ്ചുകുഞ്ഞിനെയും നിയമലംഘനം ആരോപിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം കെട്ടിവലിച്ചു നീക്കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവത്തില്‍ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് വെളിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വാഹനത്തിനുള്ളില്‍ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കുഞ്ഞ് വാഹനത്തിന് പുറത്തായിരുന്നുവെന്നുമാണ് പുതിയ വീഡിയോ തെളിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മുംബൈലെ മലാദ് സബര്‍ബ് പ്രദേശത്താണ് സംഭവം. കുട്ടിക്ക് പാല് കുടിക്കുകയാണെന്നും കുഞ്ഞിന് സുഖമില്ലെന്നും കാറിലിരുന്ന് സ്ത്രീ വിളിച്ചു പറയുന്ന രംഗങ്ങളായിരുന്നു ഈ വീഡിയോയില്‍.

എന്നാല്‍ കാര്‍ കെട്ടിവലിക്കുന്നതിന് മുമ്പ് പോലീസുകാരന്‍ മുന്നറിയിപ്പും നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിഡീയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സമയത്ത് കുഞ്ഞ് വാഹനത്തിന് പുറത്ത് ബന്ധുവിന്റെ കയ്യിലായിരുന്നുവെന്നും പുതിയ വിഡീയോ വ്യക്തമാക്കുന്നു. വാഹനം കെട്ടിവലിക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ബന്ധുവിന്റെ കൈയ്യിലായിരുന്ന കുഞ്ഞിനെ യുവതി വാങ്ങിയ ശേഷം താന്‍ മുലയൂട്ടുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‍പന്‍ഡ് ചെയ്‍തത്. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ മറ്റൊരു വഴിത്തിരിവായിരിക്കുകയാണ്.

click me!