
ക്ലാസിക്ക് ലുക്കും സൂപ്പർബൈക്കുകളുടെ കരുത്തുമായി ഒടുവില്‍ 1000cc ബുള്ളറ്റ് അവതരിച്ചു. ഓസ്ട്രേലിയൻ കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര്‍മ്മാതാക്കളായ കാർബെറി മോട്ടോര്‍സൈക്കിള്‍സാണ് 1000 സിസി ബുള്ളറ്റ് പുറത്തിറക്കിയത്. റോയൽ എൻഫീൽഡിന്റെ രണ്ട് 500 സിസി എൻജിനുകൾ ചേർത്ത് വി ട്വിന്നാക്കിയാണ് കാർബെറി ഈ ബുള്ളറ്റുകള്‍ നിർമിക്കുന്നത്.
ഛത്തീസ്ഗഡിലെ ഭീലായില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാര്‍ബെറിയുടെ പ്രവര്‍ത്തനം. ഇത് പൂനെയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. 55 ഡിഗ്രി, എയർകൂൾഡ്, നാലു വാൽവ് എൻജിൻ 52.2 ബിഎച്ച്പി കരുത്തും 82 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. രണ്ട് ലിറ്ററിന്റെ കാര്‍ എഞ്ചിനുകളില്‍ ഉപയോഗിക്കുന്ന ക്ലച്ചാണ് 1000സിസി ബുള്ളറ്റിലും ഘടിപ്പിച്ചിരിക്കുന്നത്. 3.7 ലിറ്ററാണ് ഓയില്‍ കപ്പാസിറ്റി. എക്സ് ഫാക്ടറി വില 4.96 ലക്ഷം രൂപയാണ്. ഇപ്പോള്‍ മറ്റ് കാര്‍ബറി ബൈക്കുകളില്‍ ഈ എഞ്ചിന്‍ കമ്പനി ഘടിപ്പിച്ച് നല്‍കുന്നുണ്ട്. കയറ്റുമതിയും പ്രദര്‍ശനങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും 1000സിസി ബുള്ളറ്റ് അങ്ങനെ തന്നെ നിരത്തിലിറക്കാന്‍ കുറച്ച് നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വിലയുടെ 50 ശതമാനം സ്വീകരിച്ച് കമ്പനി ഇപ്പോള്‍ എഞ്ചിനുകളുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നുണ്ട്. ഓര്‍ഡര്‍ നല്‍കി നാല് മുതല്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് നിര്‍മ്മിച്ച് നല്‍കുന്നത്. 1000സിസി ബൈക്കുകളായി തന്നെ വാങ്ങണമെന്നുള്ളവര്‍ക്ക്, എല്ലാ അനുമതിയും ലഭിച്ച് ഈ വര്‍ഷം അവസാനം വണ്ടി നിരത്തിലിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടിവരും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.