രാസപദാര്‍ഥം സ്‌പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം

By Web TeamFirst Published Sep 26, 2018, 9:08 AM IST
Highlights

നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ലുകളിലേക്ക് രാസപദാര്‍ഥം സ്‌പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം

കൊച്ചി: നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ലുകളിലേക്ക് രാസപദാര്‍ഥം സ്‌പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം. സ്‌പ്രേ ഉപയോഗിച്ച് ചില്ലുകള്‍ പൊടിച്ചു കളഞ്ഞ ശേഷം വാഹനത്തിലുള്ള വിലപിടിച്ച വസ്തുക്കള്‍ കവരുന്ന സംഘം എറണാകുളത്ത് വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളാണ് ഇത്തരത്തിലുള്ള മോഷണത്തിന്‍റെ ഒടുവിലെ ഇരകള്‍. എറണാകുളം എംജി റോഡില്‍ കവിതാ തിയറ്ററിനു സമീപത്തായിരുന്നു കവര്‍ച്ച. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ ഡോ. മുന്നുവിന്റെ കാറിലായിരുന്നു മോഷണം. 

വിദേശത്തു ജോലി ചെയ്യുന്ന ഡോ. മുന്നു നാട്ടില്‍ അവധിക്കെത്തിയ ശേഷം തിരികെ പോകുന്നതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാന്‍ എംജി റോഡിലെ വ്യാപാര സ്ഥാപനത്തിലെത്തിയതായിരുന്നു. സാധനങ്ങള്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍ കാറിന്‍റെ പുറകിലെ ചില്ലു പൊടിഞ്ഞു സീറ്റില്‍ കിടക്കുന്നതാണു കണ്ടത്. കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ്, ഐപാഡ് എന്നിവ നഷ്ടപ്പെട്ടു. 

ഇതേ രീതിയില്‍ നേരത്തേ മൂന്നു മോഷണങ്ങള്‍ നടന്നിട്ടുണ്ട് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എംജി റോഡില്‍ നേവി ഓഫിസറുടെ കാറില്‍ നിന്ന് ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. പണവും രേഖകളും ബാഗില്‍ ഉണ്ടായിരുന്നെങ്കിലും പണം എടുത്ത ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

പ്രത്യേകതരം സ്‌പ്രേയാണ് ഇതിനായി മോഷ്ടാക്കള്‍ ഉപയോഗിക്കുന്നത്. കാറിന്‍റെ ചില്ലില്‍ ഇത് അടിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പൊടിഞ്ഞു പോകും. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

click me!