ഇനി അപകടമുണ്ടാക്കി മുങ്ങിയാല്‍ കുടുങ്ങും; ഡ്രൈവിങ് ലൈസൻസില്‍ കേന്ദ്രത്തിന്‍റെ പുതിയ തന്ത്രം!

By Web TeamFirst Published Jan 7, 2019, 9:57 AM IST
Highlights

അപകടമുണ്ടാക്കിയ ശേഷം ഇനി കടന്നു കളയാമെന്ന് ഡ്രൈവര്‍മാര്‍ ധരിക്കേണ്ട. ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ സർക്കാർ.  

ദില്ലി: അപകടമുണ്ടാക്കിയ ശേഷം ഇനി കടന്നു കളയാമെന്ന് ഡ്രൈവര്‍മാര്‍ ധരിക്കേണ്ട. ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ സർക്കാർ.  കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദാണ് ഇക്കാര്യം വ്യകത്മാക്കിയത്. പഞ്ചാബിൽ നടക്കുന്ന ഇന്ത്യൻ സയന്‍സ് കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുക്കുന്നതിനിടെയാണ് പുതിയ നിയമത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 

പുതിയ നിയമം നടപ്പിലായാൽ വ്യാജലൈസൻസ് സംഘടിപ്പിച്ച് നിയമത്തെ കബളിപ്പിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ ലൈസന്‍സ് ഉടമയെ കുടുക്കും. വാഹനാപകടം ഉണ്ടാക്കിയ ശേഷം വ്യാജ ലൈസന്‍സ് അടക്കമുള്ളവ സംഘടിപ്പിച്ച് നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. 

കള്ളപ്പേരിൽ പുതിയ ലൈസന്‍സ് സംഘടിപ്പിച്ചാലും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ ആധാറിലുള്ളതിനാൽ യഥാര്‍ത്ഥ പ്രതി കുടുങ്ഹുമെന്നുറപ്പ്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വേറെ ലൈസന്‍സിനായി അപേക്ഷിക്കുമ്പോൾ നേരത്തെ ലൈസൻസ് ഉണ്ടെന്ന വിവരം കൃത്യമായി അറിയാന്‍ സാധിക്കുമെന്നതും നേട്ടമാണ്.

അതേസമയം ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതിയും അന്തിമഘട്ടത്തിലാണ്. ഓണ്‍ലൈന്‍ ലൈസന്‍സ് നടപടികളിലെ ക്രമക്കേടുകള്‍ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത വെബ് അധിഷ്ടിത സോഫ്റ്റ്വേറായ 'സാരഥി' തയ്യാറാക്കിയത്.  'സാരഥി' വഴി നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് കേന്ദ്രീകൃത നമ്പര്‍ സംവിധാനം ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. എവിടെനിന്ന് വേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം. 

ഇതോടെ വ്യാജ ലൈസന്‍സ് ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നവര്‍ക്ക് മുട്ടന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കേരളത്തിലും ഇത്തരം നിരവധി വ്യാജ ഡ്രൈവര്‍മാര്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏകീതൃത ഡ്രൈവിങ് ലൈസന്‍സ് എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. 
 

click me!