ശിക്ഷ 2 വർഷം തടവും 2 ലക്ഷം പിഴയും; പക്ഷേ വ്യാജ ഹെല്‍മറ്റുകള്‍ സുലഭം!

By Web TeamFirst Published Oct 15, 2018, 4:51 PM IST
Highlights

 സംസ്ഥാനത്തെ പാതയോരങ്ങളിൽ ഇത്തരം ഹെൽമെറ്റ് വിൽപ്പന തകൃതി

തിരുവനന്തപുരം: ഐ എസ് ഐ ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകളുടെ നിർമാണവും വിൽപ്പനയും ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ട് മാസങ്ങളായി.  ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ എന്നിട്ടും സംസ്ഥാനത്തെ പാതയോരങ്ങളിൽ ഇത്തരം ഹെൽമെറ്റ് വിൽപ്പന തകൃതിയായി നടക്കുകയാണ്. 

കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം രണ്ടുമാസം മുമ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഐ.എസ്.ഐ. മുദ്ര.

എന്നാല്‍ ബൈക്ക് യാത്രികര്‍ പോലീസിനെ ഭയന്ന് ഹെൽമെറ്റ് ധരിക്കാറുണ്ടെങ്കിലും പലതും വ്യാജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവർഷം 15,305 ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ 1349 പേർ മരിച്ചു. തലയിടിച്ചുവീണാണ് കൂടുതലാളുകളും മരിച്ചത്.

ഈ സാഹചര്യത്തില്‍ യാത്ര സുരക്ഷിതമാക്കാന്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്കരണ സന്ദേശവുമായി കേരള ട്രാഫിക് പോലീസ് രംഗത്തെത്തിയിരുന്നു. ഹെല്‍മറ്റ് ഉപയോഗം ട്രാഫിക് പിഴ ഒഴിവാക്കാനുള്ളതല്ല എന്ന തലക്കെട്ടോടെയായിരുന്നു പൊലീസിന്‍റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ്. 
 

click me!