പ്രളയത്തില്‍ രക്ഷകനായ ടിപ്പര്‍ നന്നാക്കാന്‍ സഹായവുമായി പോലീസ്!

By Web TeamFirst Published Oct 13, 2018, 3:33 PM IST
Highlights

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങി കേടായ ഒരു ടിപ്പര്‍ ലോറി ഉടമയ്ക്ക് സഹായവുമായെത്തിയിരിക്കുകയാണ് സാക്ഷാല്‍ പൊലീസുകാര്‍

കോട്ടയം: കാലങ്ങളായി 'ആളെക്കൊല്ലി' എന്ന ചീത്തപ്പേരിന് ഉടമകളായ ടിപ്പര്‍ ലോറികള്‍ രൂക്ഷമായ ഈ പ്രളയ കാലത്താണ് ആ ധാരണ തിരുത്തുന്നത്. തങ്ങളുടെ ഉള്ളിലും മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് അവര്‍ അന്നു തെളിയിച്ചു. ഇപ്പോഴിതാ സമൂഹം അവര്‍ക്കു നേരെ തിരികെ കൈ നീട്ടിയിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങി കേടായ ഒരു ടിപ്പര്‍ ലോറി ഉടമയ്ക്ക് സഹായവുമായെത്തിയിരിക്കുകയാണ് സാക്ഷാല്‍ പൊലീസുകാര്‍.

കോട്ടയം തലയോലപ്പറമ്പിലെ അജ്മലിനെയും ടിപ്പറിനെയും സഹായിക്കാനിറങ്ങിപ്പുറപ്പെട്ട പൊലീസിന്‍റെ കാരുണ്യത്തിന്‍റെ കഥ മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്‍തത്.  തലയോലപ്പറമ്പ് വടയാറിലെ വാടകവീട്ടിലാണ് കായംകുളം സ്വദേശിയായ അജ്മലും കുടുംബവും താമസിക്കുന്നത്. പ്രളയകാലത്ത് വടയാറിലെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ടിപ്പര്‍ ലോറി കേടായി.  വാടകയിനത്തില്‍ ടിപ്പറിന് കിട്ടിയ 13,500 രൂപയില്‍ പതിനായിരം രൂപയുടെ ഇന്ധനത്തിനു ചെലവാക്കിയിരുന്നു.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വാഹനം നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിച്ചപ്പോഴാണ് ലോറിയുടെ എന്‍ജിനില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് അറിയുന്നത്. നന്നാക്കാന്‍ പണമില്ലാത്തതിനാല്‍ ടിപ്പര്‍ റോഡരികിലെ കട്ടപ്പുറത്തുമായി. സംഭവം സംബന്ധിച്ച് ജില്ലാകളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അജ്‍മല്‍ അപേക്ഷയും നല്കിയിരുന്നു.

ഏറെ ദിവസങ്ങളായി റോഡരികില്‍ കിടക്കുന്ന ടിപ്പര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മലിനെ സഹായിക്കാന്‍ തലയോലപ്പറമ്പ് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍മാര്‍ തീരുമാനിച്ചത്. എസ് ഐ ഷെമീര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു പണം സ്വരൂപിച്ചത്.  ഒരോ പൊലീസുകാരും തങ്ങളാലാവുന്ന വിധം പണം നല്കി. എങ്കിലും ശേഷിക്കുന്ന പണംകൂടി കണ്ടെത്തിയെങ്കില്‍ മാത്രമേ ഷെമീറിന് വാഹനം നന്നാക്കി നിരത്തിലിറക്കാനാകു. 

പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാതിവഴിക്ക് പരാജയപ്പെടുമ്പോള്‍ രക്ഷകനായത് ടോറസുകളും ടിപ്പറുകളുമായിരുന്നു. വൈക്കം തലയോലപ്പറമ്പ് ഉദായനാപുരം മേഖലയിൽ ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കത്തിൽ നിന്ന് ടിപ്പര്‍ ലോറികള്‍ രക്ഷിച്ചത്.

click me!