ഈ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ പ്രത്യേക പെർമിറ്റ് വേണ്ട!

By Web TeamFirst Published Sep 7, 2018, 9:55 PM IST
Highlights

കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്‍റെ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ബാറ്ററിയും ബദൽ ഇന്ധനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വാണിജ്യ ഉപയോഗത്തിന് ഇനിമുതല്‍ പ്രത്യേക പെർമിറ്റ് ആവശ്യമില്ല. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ സയാമിന്‍റെ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ സി എൻ ജി വാഹനങ്ങളെയും ഇതേ ഇളവിന് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺട്രാക്ട് കാരിയേജ് ബസ് പെർമിറ്റ്, കാരിയർ പെർമിറ്റ്, ഗുഡ്സ് കാരിയർ, കാബ്, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് തുടങ്ങിയ പെർമിറ്റുകളാണു വിവിധ വാണിജ്യ വാഹനങ്ങൾക്കു സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നത്. എന്നാൽ ഇത്തരം പെർമിറ്റുകൾ കിട്ടണമെങ്കില്‍ ഏറെ പണച്ചെലവും സമയനഷ്ടവുമുണ്ട്.

ദീർഘമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വേണം ഇത്തരം പെർമിറ്റുകളും ലൈസൻസുകളും കരസ്ഥമാക്കാന്‍. അതിനാല്‍ ഉദാര വ്യവസ്ഥയിൽ പെർമിറ്റ് അനുവദിക്കുന്നതോടെ ബാറ്ററിയിലും ബദൽ ഇന്ധനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ സ്വീകാര്യതയും ഉപഭോഗവും വർധിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് ത്വരിതപ്പെടുത്താനാണ് പുതിയ നീക്കം.

ബദൽ ഇന്ധന, വൈദ്യുത വാഹനങ്ങൾക്ക് പെർമിറ്റുകൾ അനായാസം ലഭ്യമാക്കിയാല്‍ ഇത്തരം വാഹനങ്ങളുടെ വ്യാപനത്തെ സഹായിക്കുമെന്നാണു പ്രതീക്ഷ.  ഇത്തരം വാഹനങ്ങള്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യും. 

ഇലക്ട്രിക്ക് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. അടുത്ത 12 മാസത്തിനകം 10,000 വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഓല കാബ്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

click me!