നിങ്ങള്‍ വാങ്ങുന്ന 'പുത്തന്‍' കാര്‍ കിലോമീറ്ററുകള്‍ ഓടിയതാവാം; കള്ളി പൊളിച്ച് മോട്ടോര്‍ വാഹനവകുപ്പ്!

By Web TeamFirst Published Oct 17, 2018, 11:40 AM IST
Highlights

ഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍പ്പന നടത്തുന്ന രീതി സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഉപയോഗിച്ച കാര്‍ പുത്തനെന്ന വ്യാജേന വില്‍പ്പന നടത്തുന്ന രീതി സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഡീലര്‍മാര്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചി കാക്കനാടു നിന്നും കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് ഒരു പുതിയ കാര്‍ പിടികൂടിയപ്പോഴാണ് തട്ടിപ്പ് പുറത്താവുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തിന്റെ സ്പീഡോ മീറ്റര്‍ അഴിച്ചുവച്ച് ഓടിച്ച ശേഷം വീണ്ടും സീറോ കിലോമീറ്ററിലാക്കി വില്‍പ്പന നടത്തുന്നതായി അധികൃതര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 

കാര്‍ ഡീലര്‍മാരാണ് ഇത്തരത്തില്‍ അനധികൃതമായി പുതിയ വാഹനം ഉപയോഗിച്ചശേഷം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.  പുതിയ കാറില്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചാണ് ഇത്തരത്തില്‍ വാഹനങ്ങളെടുത്ത് ഉപയോഗിക്കുന്നത്. ഈ സമയം സ്പീഡോ മീറ്റര്‍ അഴിച്ചുവയ്ക്കും. 

മോട്ടോര്‍ വാഹനവകുപ്പ് അനുമതി കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വാഹന ഡീലര്‍മാര്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വാഹനത്തില്‍ പതിക്കുന്നത്.  ട്രെയ്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഒട്ടിച്ച് ഈ വാഹനം 'ഡെമോ'യായി ഉപയോഗിക്കാന്‍ നിയമമുണ്ട്.  ഉപഭോക്താവിനെ വാഹനം ഓടിച്ചു കാണിക്കുന്നതിനും ഉപഭോക്താവിന് സ്വയം ഓടിച്ചു നോക്കാനുമാണ് ഡെമോ കാറുകള്‍ ഉപയോഗിക്കുന്നത്. ഇവ വീണ്ടും ഡെമോയായിത്തന്നെ ഉപയോഗിക്കണമെന്നാണ് നിയമം. 

എന്നാല്‍, പുതിയ കാറുകള്‍ ഭൂരിഭാഗം ഡീലര്‍മാരും ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ ഉപയോഗിച്ച ശേഷമാണ് ഉടമയ്ക്കു വില്‍പ്പന നടത്തുന്നതെന്നാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.  ആഡംബര കാറുകളാണ് ഇത്തരത്തില്‍ കൂടുതലും ദുരുപയോഗം ചെയ്യുന്നതെന്നാണ് സൂചന. 

വില്‍പ്പന നടത്തുന്ന സമയത്ത് സ്പീഡോ മീറ്റര്‍ സീറോയാക്കുന്നതിനാല്‍ പുതിയതെന്നു കരുതി ഉടമ സ്വന്തമാക്കുന്ന പുതിയ ആഡംബര കാറുകളില്‍ പലതും കിലോമീറ്ററുകള്‍ ഓടിയ ശേഷമായിരിക്കും ലഭിക്കുക. 

click me!